മുൻ സന്തോഷ് ട്രോഫി താരം ജി. ബാലകൃഷ്ണൻ നായർ അന്തരിച്ചു
text_fieldsതിരുവനന്തപുരം: കേരള മുൻ സന്തോഷ് ട്രോഫി താരവും കേരള ഫുട്ബാൾ ടീം ക്യാപ്റ്റനുമായിരുന്ന ജി. ബാലകൃഷ്ണൻ നായർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് വെള്ളിയാഴ്ച രാവിലെ എട്ടോടെ പാറ്റൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം.
കവടിയാറിലെ സാൽവേഷൻ ആർമി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തലസ്ഥാനത്തെ പ്രമുഖ ഫുട്ബാൾ ക്ലബായ യങ്സ്റ്റേഴ്സിലൂടെ പന്തുതട്ടിത്തുടങ്ങിയ ബാലകൃഷ്ണൻനായരെ 1956ൽ തിരുവനന്തപുരത്ത് അവസാനമായി നടന്ന തിരു-കൊച്ചി ഫുട്ബാൾ ടൂർണമെന്‍റിലൂടെയാണ് ആരാധകർ ശ്രദ്ധിച്ചുതുടങ്ങുന്നത്. കളിമികവും ശാരീരിക കരുത്തിലൂടെയും ചുരുങ്ങിയ കാലംകൊണ്ട് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ ബാലകൃഷ്ണനായി.
ബാലകൃഷ്ണൻ നേതൃത്വം നൽകുന്ന പ്രതിരോധസംഘത്തെ മറികടന്ന് കേരളത്തിന്‍റെ ഗോൾമുഖത്ത് നിറയൊഴിക്കുക എന്നത് എതിരാളികൾക്ക് എളുപ്പമായിരുന്നില്ല. കേരളത്തിന്‍റെ ഗോൾമുഖത്തേക്ക് എതിരാളിയെയും പന്തിനെയും ഒരുമിച്ച് ബാലകൃഷ്ണൻ കടത്തിവിട്ട സന്ദർഭങ്ങൾ ചുരുക്കമായിരുന്നു. പാറ്റൂരുകാരന്‍റെ കളിക്ക് ആരാധകരും സുഹൃത്തുകളും അന്ന് നൽകിയ വിശേഷണമായിരുന്നു ‘കാടൻ’. കാടൻ ബാലന്‍റെ കാൽക്കരുത്തും മെയ്ക്കരുത്തും എതിരാളികൾക്ക് എന്നും തലവേദനയായിരുന്നു.
ശ്രീലങ്കയിൽ നടന്ന പെന്‍റാഗുലർ ഫുട്ബാൾ ടൂർണമെന്‍റിൽ കേരള ടീമിൽ അംഗമായിരുന്ന ഇദ്ദേഹം 1964ലെ സന്തോഷ് ട്രോഫിയിലാണ് കേരളത്തിന്‍റെ നായകനാകുന്നത്. തുടർന്ന് ബൂട്ടഴിച്ചു. കെ.എസ്.ആർ.ടി.സിയിൽ ഡിവിഷനൽ ട്രാഫിക് ഓഫിസറായി വിരമിച്ചു.
1970 മുതൽ 2003 വരെ തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷന്‍റെ ജോയന്‍റ് സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: രാധമ്മ. മക്കൾ: ശ്രീലേഖ, ശ്രീലത, ശ്രീകുമാർ. മരുമക്കൾ: വേണുകുമാർ, ജയൻ, രാധിക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.