ഡൽഹിയെയും വീഴ്ത്തി ഗോകുലം; ഐ ലീഗിൽ തുടർച്ചയായ അഞ്ചാം ജയം
text_fieldsലുധിയാന: പഞ്ചാബിലെ നാംധാരി ഗ്രൗണ്ടിൽ ഡൽഹി എഫ്.സിയെ തോൽപിച്ച് ഗോകുലം കേരള എഫ്.സി ഐ ലീഗ് സീസണിലെ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. നിധിന്റെ സെൽഫ് ഗോളിലൂടെ ആദ്യ പകുതിയിൽ പിറകിലായ മലബാറിയൻസ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ചാണ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. ഇതോടെ 15 കളികളിൽ നിന്ന് 29 പോയന്റുമായി മുഹമ്മദൻസിന് (34) പിന്നിൽ രണ്ടാം സ്ഥാനത്ത് തന്നെയുണ്ട് ഗോകുലം.
പ്രതികൂല കാലാവസ്ഥയിലാണ് മത്സരം നടന്നത്. ശക്തമായി കാറ്റടിക്കവേ പന്ത് നിയന്ത്രണത്തിൽ നിർത്താൻ ഇരു ടീമും നന്നായി പണിപ്പെട്ടു. ഗോൾ കിക്കുകൾ പലതും ലക്ഷ്യം തെറ്റി. 45ാം മിനിറ്റിൽ ഡൽഹിയുടെ കോർണർ കിക്ക് ഗോകുലം ഡിഫൻഡർ നിധിന്റെ തലയിലുരസി വലയിൽ കയറുകയായിരുന്നു. രണ്ടാം പകുതിയിൽ ഉജ്ജ്വലമായി പോരാടിയ ഗോകുലത്തിന് അനുകൂലമായി ഒരു പെനാൽറ്റി കിട്ടിയത് ക്യാപ്റ്റൻ അലക്സ് സാഞ്ചസ് 86ാം മിനിറ്റിൽ ഗോളാക്കി.
ഇതോടെ വ്യക്തിഗത ഗോൾ നേട്ടം 15 ആക്കി ഉയർത്തി ലീഗിൽ നിലവിലെ ടോപ് സ്കോററായി അലക്സ്. എട്ടു മിനിറ്റ് അധികം സമയം പുരോഗമിക്കവെ കളി സമനിലയിൽ അവസാനിക്കുമെന്ന് കരുതിയിടത്തുനിന്നാണ് രണ്ടാം പകുതിയിലെ സബ്സ്റ്റിറ്റ്യൂട്ട് ലാലിയൻസാങ്ക (90 +3) ഗോൾ നേടിയത്. മലയാളി താരം നൗഫൽ നടത്തിയ മുന്നേറ്റം ഹെഡറിലൂടെയുള്ള ഗോളിൽ കലാശിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.