ശ്രീനിധി കീഴടക്കി ഗോകുലം
text_fieldsശ്രീനിധിക്കെതിരെ ഗോൾ നേടിയ ഗോകുലത്തിന്റെ നെൽസൺ ബ്രൗൺ സഹകളിക്കാർക്കൊപ്പം അഹ്ളാദം പങ്കിടുന്നു
കോഴിക്കോട്: ഐ ലീഗിൽ സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ശ്രീനിധി ഡക്കാനെ 1-0ന് പരാജയപ്പെടുത്തിയ ഗോകുലത്തിന് നേരിയ കിരീട സാധ്യത ബാക്കി. അവസാന എവേ മത്സരത്തിൽ എസ്.സി ബംഗളൂരുവിനെ വീഴ്ത്തിയ ആത്മവിശ്വാസം ആയുധമാക്കിയായിരുന്നു മലബാറിയൻസിന്റെ വിജയം. 15ാം മിനിറ്റിൽ ഗോകുലം ക്യാപ്റ്റൻ സെർജിയോ ലമ്മാസ് ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് നൽകിയ പാസ് വിദേശ താരം താബിസോ ബ്രൗൺ സ്വീകരിച്ച് എതിർ ഗോളി ആര്യൻ നീരജ് ലംബായുടെ കാലുകൾക്കിടയിലൂടെ വലയിലെത്തിച്ചാണ് കളി ജയിച്ച ഗോൾ കണ്ടെത്തിയത്. ആദ്യാവസാനം ഗോകുലം താരങ്ങളാണ് കളത്തിൽ നിറഞ്ഞാടിയത്. പലപ്പോഴും ഡക്കാൻ ഗോൾകീപ്പനെ വിറപ്പിച്ചുനിർത്തുന്നതായി നീക്കങ്ങൾ. 73ാം മിനിറ്റിൽ ശ്രീനിധി ഡക്കാന്‍ സുവർണാവസരം ലഭിച്ചെങ്കിലും ഗോകുലം ഗോൾകീപ്പർ രക്ഷിത് ദഗർ പന്ത് രക്ഷപ്പെടുത്തി.
സീസണിൽ ഒരു മത്സരം മാത്രമാണ് ഗോകുലത്തിന് ബാക്കിയുള്ളത്. സീസൺ പകുതിയിൽ നേരിട്ട ചില തോൽവികളാണ് കിരീടപ്രതീക്ഷകൾക്ക് തിരിച്ചടിയായത്. ശ്രീനിധി ഡക്കാന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 3-2ന് ഗോകുലം കേരള ജയിച്ചിരുന്നു. ഏപ്രിൽ നാലിന് ഡെംപോക്കെതിരായ അവസാന മത്സരത്തിൽ ജയവും ചർച്ചിൽ ബ്രദേഴ്സിന് അടുത്ത മത്സരത്തിൽ സമനിലയും വന്നാൽ മലബാറിയൻസിന് ചെറിയ കിരീട സാധ്യതയുണ്ട്. 21 മത്സരം പൂർത്തിയായപ്പോൾ 11 ജയവും നാലു സമനിലയും ആറു തോൽവിയുമായി 37 പോയന്റുള്ള ഗോകുലം പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ചർച്ചിലിന് 39 പോയന്റാണുള്ളത്. 39 പോയന്റുമായി ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്റർ കാശിയുടെ മത്സരഫലവും നിർണായകമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.