2026 ലോകകപ്പിൽ കളിക്കുമോ...?; മനസ്സു തുറന്ന് ലയണൽ മെസ്സി
text_fieldsലയണൽ മെസ്സി
ബ്വേനസ് ഐയ്റിസ്: സ്വന്തം മണ്ണിലെ അവസാന ഔദ്യോഗിക മാച്ച് ഗോൾ ആറാട്ടുമായി ലയണൽ മെസ്സി കളിച്ചു തീർത്തു. ആരാധകർ കൊതിയോടെ കാത്തിരുന്ന മത്സരത്തിൽ വെനിസ്വേലക്കെതിരെ ടീമിന് 3-0ത്തിന്റെ ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുക മാത്രമല്ല, ഇരട്ട ഗോളുമായി 38ാം വയസ്സിലും മെസ്സി തന്റെ കളിയഴക് കളത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു. റോഡ്രിഗോ ഡി പോളും, അൽവാരസും മാർടിനസും ഉൾപ്പെടെ സൂപ്പർതാരങ്ങളുമായി അർജന്റീനക്ക് ഇനിയുമൊരു കിരീടം നേടാനും മിടുക്കുണ്ടെന്ന് തെളിയിച്ച മത്സരം അവസാനിച്ച ശേഷം ആരാധകരുടെ ഏറ്റവും വലിയ ചോദ്യം അടുത്ത ലോകകപ്പിനെ കുറിച്ചായിരുന്നു.
2022ൽ ഖത്തറിന്റെ മണ്ണിൽ ലോകകിരീടമണിഞ്ഞ ലയണൽ മെസ്സി 2026ലെ അമേരിക്ക-മെക്സികോ-കാനഡ ലോകകപ്പിലും ടീമിനൊപ്പമുണ്ടാകുമോയെന്ന മില്യൻ ഡോളർ ചോദ്യം.
എന്നാൽ, വെനിസ്വേലക്കെതിരായ മത്സരത്തിനു പിന്നാലെ ആരാധകരുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങൾക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഇതിഹാസ താരം.
വീണ്ടുമൊരു ലോകകപ്പ് കളിക്കുന്നതിനെ കുറിച്ച് ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ താരം, പ്രായവും ഫിറ്റ്നസും ഫോമും തുടർന്നാൽ ഒരു കൈനോക്കാമെന്ന സൂചനയും നൽകി.
‘മുമ്പ് പറഞ്ഞതു പോലെ തന്നെ, ഞാൻ മറ്റൊരു ലോകകപ്പ് കളിക്കുമെന്ന് കരുതുന്നില്ല. ഈ പ്രായത്തിൽ, വീണ്ടുമൊരു ലോകകപ്പ് കളിക്കാൻ കഴിയില്ലെന്ന് കരുതുന്നത് യുക്തിസഹമാണ്’ -വെനിസ്വേലക്കെതിരായ മത്സരത്തിനു പിന്നൊലെ ടിവൈ.സി സ്പോർസിനു നൽകിയ അഭിമുഖത്തിൽ മെസ്സി പറഞ്ഞു.
കാനഡ, മെക്സികോ, അമേരിക്ക രാജ്യങ്ങളിലായി നടക്കുന്ന 2026 ലോകകപ്പിൽ പങ്കെടുക്കുന്നത് ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കുമെന്നും താരം പറഞ്ഞു.
‘ഓരോ ദിവസവും നന്നായിരിക്കാൻ ശ്രമിക്കുന്നു. എല്ലാറ്റിലുമുപരി, സ്വന്തത്തോട് സത്യസന്ധത പുലർത്തുക. നന്നായി കളിക്കാൻ കഴിയുമ്പോൾ, അത് ആസ്വദിക്കുന്നു. എന്നാൽ, എന്ന് (കളി) ആസ്വദ്യകരമാവാതിരിക്കുന്നുവോ അന്ന് മുതൽ അവിടെ ഉണ്ടാകാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നു. ലോകകപ്പിനെക്കുറിച്ച് ഇതുവരെ ഒരു തീരുമാനവുമെടുത്തിട്ടില്ല. നിലവിൽ എം.എൽ.എസ് ലീഗ് സീസൺ പൂർത്തിയാക്കുക, ശേഷം, പ്രീസീസൺ കളിക്കുക. തുടർന്ന് ലോകകപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും’ -മെസ്സി വിശദീകരിച്ചു.
38 വയസ്സുകാരനായ മെസ്സി, ആരാധകരും കോച്ചും പ്രതീക്ഷിക്കുന്ന ഫോമിൽ കളി തുടരുമ്പോഴും പത്തു മാസത്തിനപ്പുറം നടക്കുന്ന ലോകകപ്പിൽ ഫിറ്റ്നസും ഫോമും പ്രായവും പരിഗണിച്ച് തീരുമാനമെടുക്കുമെന്നാണ് മെസ്സി നൽകുന്ന സൂചന. എങ്കിലും ഏതാണ്ട് അരികിലെത്തിയ ലോകകപ്പിലേക്കുള്ള കാത്തിരിപ്പിൽ പ്രചോദിതനാണെന്നും താരം വ്യക്തമാക്കി.
2022 ലോകകപ്പിന് മുമ്പ് ഇത് തന്റെ അവസാന ലോകകപ്പാണെന്ന് പ്രഖ്യാപിച്ചായിരുന്നു അർജന്റീന താരം ഖത്തറിൽ കളിക്കാനിറങ്ങിയത്. എന്നാൽ, തുടർ വർഷങ്ങളിലും മിന്നൽഫോം തുടർന്ന മെസ്സി, അർജന്റീനയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടീമിന്റെ മുന്നണിയിൽ തന്നെ മിന്നും ഫോമുമായി തുടരുകയായിരുന്നു.
ലയണൽ മെസ്സി 2026ലോകകപ്പിലുണ്ടാവുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഭാവി അദ്ദേഹം തീരുമാനിക്കും, മെസ്സി ആഗ്രഹിക്കുന്നത് വരെ കളി തുടരുമെന്നായിരുന്നു കോച്ച് ലയണൽ സ്കലോണിയുടെ ഉത്തരം.
വെള്ളിയാഴ്ച ബ്വേനസ് ഐയ്റിസിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ കളിയുടെ 39ാം മിനിറ്റിൽ അൽവാരസിന്റെ ക്രോസ് ഫിനിഷ് ചെയ്തായിരുന്നു മെസ്സിയുടെ ആദ്യഗോൾ. രണ്ടാം പകുതിയിൽ ലൗതാരോ മാർടിനസും (76ാം മിനിറ്റ്), പിന്നാലെ ലയണൽ മെസ്സിയും (80) സ്കോർ ചെയ്ത് ടീമിന്റെ വിജയം ഉറപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.