‘ഈ മണ്ണും ഇവിടുത്തെ കളിയും എനിക്കറിയാം’; പുതിയ തുടക്കത്തെക്കുറിച്ച് ഇനിയസ്റ്റ
text_fieldsആന്ദ്രേസ് ഇനിയസ്റ്റ
ദുബൈ: ലോകം ജയിച്ച കരിയറിനൊടുവിൽ യു.എ.ഇയുടെ മണ്ണിൽ പുതിയ മോഹങ്ങൾ നട്ടുവളർത്തുകയാണ് സ്പെയിനിന്‍റെ ഇതിഹാസ ഫുട്ബാളർ ആന്ദ്രേസ് ഇനിയസ്റ്റ. കളിക്കാരനായി എല്ലാം നേടിയതിനൊടുവിൽ ഇനി പരിശീലകന്‍റെ കുപ്പായത്തിലും അതിന്‍റെ ആവർത്തനമാണ് ലക്ഷ്യം. അതിനുള്ള വേരുപടർത്തുന്നത് ദുബൈയിലാണ്. പുതിയ തുടക്കത്തിന് എല്ലാംകൊണ്ടും അനുയോജ്യമായ ഇടമാണ് ദുബൈയെന്ന് അദ്ദേഹം പറയുന്നു. യു.എ.ഇയിലെ ഒന്നാം ഡിവിഷനിലേക്ക് ജയിച്ചുകയറിയെത്തിയ ഗൾഫ് യുനൈറ്റഡ് എഫ്.സിയുടെ പരിശീലകനായാണ് ഈ 42കാരൻ ചുമതലയേറ്റത്.
ഗൾഫ് യുനൈറ്റഡ് എഫ്.സിയുടെ പരിശീലകനെന്ന നിലയിൽ ജെബൽ അലി റിസോർട്ടിൽ ആദ്യമായി മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ പുതുറോളിലെ തന്‍റെ കാഴ്ചപ്പാടുകളെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു. ബാഴ്സലോണയിലും സ്പെയിനിലുമൊക്കെ തകർത്തുകളിച്ച കാലത്തെ ലക്ഷണമൊത്ത പാസുകൾ പോലെ അളന്നുകുറിച്ച മറുപടികൾ...
‘മൂന്നു വർഷമായി ഇവിടെയുണ്ട്’
‘കുടുംബവുമൊത്ത് കഴിഞ്ഞ മൂന്നു വർഷമായി ഞാൻ ഇവിടെയാണ് താമസിക്കുന്നത്. കരിയറിന്‍റെ അവസാന ഘട്ടത്തിൽ ഞാൻ കളിച്ചത് ഇവിടെയാണ്. കോച്ചിങ്ങിന്‍റെ ആദ്യപാഠങ്ങൾക്ക് തുടക്കമിട്ടതും ഈ മണ്ണിലാണ്. ഇവിടുത്തെ കളി എങ്ങനെയെന്ന് എനിക്കറിയാം. ക്ലബും ഇവിടെ എന്‍റെ ചുറ്റിലുമുള്ള ആളുകളുമൊക്കെ അത്രയേറെ സ്നേഹധനരാണ്. കോച്ചായി തുടക്കമിടാൻ ഏറ്റവും നല്ല സ്ഥലമായി ഞാൻ ദുബൈയെ കാണുന്നു. മികച്ച ക്ലബും കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ വെമ്പുന്ന കളിക്കാരും അതിന് പ്രചോദനം നൽകുന്നു. യു.എ.ഇയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. എന്നാൽ കഴിയുന്നത്ര മികച്ച രീതിയിൽ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്’.
യുവതാരങ്ങളെയും പരിചയസമ്പന്നരെയും ഒരുമിപ്പിച്ച്..
യുവതാരങ്ങളെയും പരിചയസമ്പന്നരെയും കോർത്തിണക്കിയുള്ള സ്ട്രാറ്റജിയാകും പരിശീലകനെന്ന നിലയിൽ തന്‍റേതെന്ന് ഇനിയസ്റ്റ സൂചന നൽകി. പ്രതിഭാശാലികളായ യുവതാരങ്ങൾ ടീമിലുണ്ട്. അവരുടെ കഴിവിൽ വിശ്വാസമർപ്പിക്കുന്നു. നിങ്ങൾക്ക് എത്ര സമയം വേണമെന്ന് എനിക്കറിയില്ല. പക്ഷേ, അധ്വാനിക്കുകയും സ്വന്തം കഴിവിൽ വിശ്വസിക്കുകയും ചെയ്താൽ എല്ലാം വഴിക്കുവരും. നിങ്ങൾ ക്ഷമയുള്ളവരും സജ്ജരുമായിരിക്കണം. ശ്രദ്ധ കളിയിൽ മാത്രമായിരിക്കണം. എന്നാൽ, ഫുട്ബാളിന്, ഒരു ദിവസം നിങ്ങളുടെ ജീവിതം മാറ്റാൻ കഴിയും’.
യൂറോപ്പിനെയോ യു.എ.ഇയെയോ ജപ്പാനെയോ താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ഇനിയസ്റ്റ പറഞ്ഞു. ‘ഓരോ രാജ്യത്തിനും ഓരോ ഫെഡറേഷനും അവരുടേതായ പ്രവർത്തന രീതിയുണ്ട്. ഇവിടെ, കളി മെച്ചപ്പെടാനുള്ള നല്ല മാനസികാവസ്ഥ ഇതിൽ പങ്കാളികളായ ആളുകൾ നിലനിർത്തുന്നു എന്നതാണ് പ്രധാനം’. ലീഗ് മത്സരങ്ങൾ ഒരു മാരത്തൺ പോലെയാണെന്ന് ഇനിയസ്റ്റ പറയുന്നു. ‘ഓരോ ദിവസവും, ഓരോ മത്സരങ്ങളാണ്. സെപ്റ്റംബറിലോ ഒക്ടോബറിലോ നിങ്ങൾ എങ്ങനെ ചെയ്യുന്നു എന്നത് മാത്രമല്ല, വർഷം മുഴുവൻ നിങ്ങൾ എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം’.
‘പ്രൊഫഷനൽ കളിക്കാരനാവുക ബുദ്ധിമുട്ടേറിയ കാര്യം’
കളിയിൽ ഉയരങ്ങളിലെത്താൻ എന്തു ചെയ്യണമെന്ന് ആരാഞ്ഞ ഗൾഫ് യുനൈറ്റഡ് അക്കാദമിയിലെ പുതുതലമുറക്ക് ഇനിയസ്റ്റ കൃത്യമായ മറുപടി നൽകി. ‘എല്ലാ ദിവസവും നിങ്ങൾ സ്വപ്നം കാണണം. ഞങ്ങൾക്കുണ്ടായിരുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ മനസ്സിലോ വീട്ടിലോ ഇപ്പോൾ നിങ്ങളുടെ ശ്രദ്ധതിരിക്കാൻ ഉണ്ടെന്ന് എനിക്കറിയാം. എന്നാൽ, അത് കൈകാര്യം ചെയ്യേണ്ടത് മാതാപിതാക്കളുടെയും കോച്ചുമാരുടെയും ജോലിയാണ്. ഏറ്റവും മികച്ച രീതിയിൽ ശ്രമിക്കുക. ഇത് ആസ്വദിക്കാനുള്ള സമയമാണ്, കൂടാതെ എപ്പോഴും പഠിക്കാനും മെച്ചപ്പെടാനും തയാറായിരിക്കുക, കാരണം, ഒരു പ്രൊഫഷനൽ കളിക്കാരനാകുക എന്നത് വളരെ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അത് മനസ്സിലുണ്ടാവണം. പഠിക്കുക, മെച്ചപ്പെടുക, ആസ്വദിക്കുക എന്നത് മാത്രമാണ് ഒരേയൊരു വഴി’.
ഗൾഫ് യുനൈറ്റഡ് എഫ്.സിയും ടി.സി.എല്ലും തമ്മിലുള്ള പുതിയ പങ്കാളിത്തം ചടങ്ങിൽ പ്രഖ്യാപിച്ചു. ജെബൽ അലിയാണ് ഗൾഫ് യുനൈറ്റഡിന്‍റെ തട്ടകം. ക്ലബിന്‍റെ ആദ്യ ഹോം ഗെയിം സെപ്റ്റംബർ നാലിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

