ബംഗ്ലാദേശിനോട് തോറ്റു; ഏഷ്യ കപ്പ് ക്വാളിഫയറിൽ ഇന്ത്യക്ക് വീണ്ടും നിരാശ
text_fields2027 ഏഷ്യ കപ്പിനുള്ള ക്വാളിഫയർ മത്സരങ്ങളിലെ ഇന്ത്യൻ തിരിച്ചടി തുടരുന്നു. ബംഗ്ലാദേശിനോടും തോറ്റതോടെ ഏഷ്യകപ്പിൽ അന്തിമ ടീമുകളുടെ കൂട്ടത്തിൽ സ്ഥാനം ഉറപ്പിക്കൽ ഇന്ത്യയെ സംബന്ധിച്ചടുത്തോളം അസാധ്യമായി മാറി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചത്. 11 മിനിറ്റിൽ ഷെയ്ഖ് മൊർസാലിൻ നേടിയ ഗോളിലാണ് ബംഗ്ലാദേശിന്റെ ജയം. കാണികളുടെ വലിയ പിന്തുണയോടെയാണ് മത്സരത്തിൽ ബംഗ്ലാദേശ് കളിക്കാനിറങ്ങിയത്.
ആദ്യ ഗോൾ വീണതിന് പിന്നാലെ സമനില പിടിക്കാൻ 31ാം മിനിറ്റിൽ ഇന്ത്യക്ക് സുവർണാവസരം കൈവന്നിരുന്നു. ഗോളിയുടെ പിഴവിൽ നിന്ന് ഓപ്പൺ പോസ്റ്റിന് നേരെ ലാലിൻസുലാല ഉതിർത്ത ഷോട്ട് ബംഗ്ലാദേശിന്റെ ഹംസ ചൗധരി അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെ ഒക്ടോബർ 14ന് സിംഗപ്പൂരിനെതിരെ ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷം തോറ്റതോടെ ഇന്ത്യയുടെ ഏഷ്യ കപ്പ് സാധ്യതകൾ തുലാസിലായിരുന്നു. ബംഗ്ലാദേശിനെതിരായ തോൽവിയോടെ നാല് ടീമുകളുള്ള ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഇന്ത്യ. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും രണ്ട് സമനിലയുമായി രണ്ട് പോയിന്റാണ് ഇന്ത്യക്കുള്ളത്.
അഞ്ച് മത്സരങ്ങളിൽ ആദ്യജയം കുറിച്ച ബംഗ്ലാദേശ് മൂന്നാമതാണ്. മാർച്ച് 25ന് ഇരു ടീമുകളും ഷില്ലോങ്ങിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. 22 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ബംഗ്ലാദേശ് മണ്ണിൽ കളിക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ കളിക്കുണ്ടായിരുന്നു. 2026 മാർച്ച് 31നാണ് ഇന്ത്യ അവസാന ക്വാളിഫയർ മത്സരം. ഹോങ്കോങ്ങുമായിട്ടാണ് ഇന്ത്യയുടെ കളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

