ഫിഫ റാങ്കിങ്ങിൽ 63ലേക്ക് കുതിച്ച് ഇന്ത്യൻ വനിത ഫുട്ബാൾ ടീം
text_fieldsമംഗോളിയക്കെതിരായ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ (ഫയൽ)
ന്യൂഡൽഹി: ഫിഫ റാങ്കിങ്ങിൽ വീണ്ടും നേട്ടമുണ്ടാക്കി ഇന്ത്യൻ വനിത ഫുട്ബാൾ ടീം. ഏഴ് സ്ഥാനം മുന്നോട്ടുകയറി 63ലേക്ക് കുതിച്ചു പെൺകടുവകൾ. എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത നേടിയതിന് പിന്നാലെയാണിത്. 2023 ആഗസ്റ്റിലെ 61ാം റാങ്കാണ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം. ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ തായ്ലൻഡിനെതിരെ 2-1 ജയം നേടിയാണ് ഇന്ത്യ ടിക്കറ്റ് സ്വന്തമാക്കിയത്.
മംഗോളിയയെ 13-0ത്തിനും തിമോർ ലെസ്റ്റെയെ 4-0ത്തിനും ഇറാഖിനെ 5-0ത്തിനും തകർത്തതിനും പിന്നാലെയായിരുന്നു ഈ വിജയം. അടുത്ത വർഷം ആസ്ട്രേലിയയിലാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾ. കഴിഞ്ഞ എഡിഷനിലും ഇന്ത്യക്ക് കളിക്കാൻ യോഗ്യത ലഭിച്ചിരുന്നെങ്കിലും ടീം അംഗങ്ങൾക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് പിന്മാറാൻ നിർബന്ധിതരായി.
അതേസമയം, ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയതോടെ, ടീമിനെ തേടിയെത്തിയിരിക്കുന്നത് വനിത ലോകകപ്പിലേക്ക് മുന്നേറാനുള്ള സുവർണാവസരം കൂടിയാണ്. 2027ൽ ബ്രസീലിൽ നടക്കുന്ന ലോകകപ്പിലേക്കുള്ള നറുക്ക് വീഴാൻ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. മുൻ ചാമ്പ്യന്മാരായ രണ്ട് ടീമുകൾ അടങ്ങുന്ന ഗ്രൂപ് സിയിലാണ് ഇന്ത്യ.
ജപ്പാനും ചൈനീസ് തായ്പേയിയുമാണ് ഗ്രൂപ്പിലെ മുൻ ജേതാക്കൾ. വിയറ്റ്നാമാണ് നാലാമത്തെ ടീം. 2026 മാർച്ച് നാലിന് വിയറ്റ്നാമിനെതിരെ പെർത്തിലാണ് ഇന്ത്യയുടെ ആദ്യ കളി. ഇതേ വേദിയിൽ ഏഴിന് ജപ്പാനെയും സിഡ്നിയിൽ 10ന് ചൈനീസ് തായ്പേയിയും നേരിടും. 12 ടീമുകൾ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.