ക്ലബ് ലോകകപ്പിൽ കിരീട സ്വപ്നങ്ങളിലേക്ക് ഗോളടിച്ചുകയറി വമ്പന്മാർ; ഇന്റർ മിലാനും ഡോർട്മുണ്ടിനും ജയം
text_fieldsഡോർട്മുണ്ടിനായി ഗോൾ നേടിയ ജോബ് ബെല്ലിങ്ഹാമിനെ സഹതാരങ്ങൾ അനുമോദിക്കുന്നു
വാഷിങ്ടൺ: ക്ലബ് ലോകകപ്പിൽ കിരീട സ്വപ്നങ്ങളിലേക്ക് ഗോളടിച്ചുകയറി വമ്പന്മാർ. ഗ്രൂപ് ഘട്ട മത്സരങ്ങളിൽ ഇന്റർ മിലാൻ ജപ്പാൻ ക്ലബായ ഉറാവയെ വീഴ്ത്തിയപ്പോൾ ബൊറൂസിയ ഡോർട്മുണ്ട് ദക്ഷിണാഫ്രിക്കൻ അതികായരായ മമെലോഡി സൺഡൗൺസിനെ പരാജയപ്പെടുത്തി. ലാറ്റിൻ അമേരിക്കൻ ക്ലബായ ഫ്ലൂമിനെസ് ഉൽസാനെ മുക്കിയപ്പോൾ റിവർ േപ്ലറ്റ് സമനിലയിൽ കുരുങ്ങി.
രാജകീയം ഇന്റർ തിരിച്ചുവരവ്
പന്തടക്കം 18 ശതമാനത്തിലൊതുങ്ങുകയും പൂർത്തിയാക്കിയ പാസുകൾ 113 മാത്രമാവുകയും ചെയ്തിട്ടും ആദ്യം ഗോളടിച്ച് ജപ്പാൻ ക്ലബായ ഉറാവ ഇന്ററിനെ ശരിക്കും ഞെട്ടിച്ചതാണ്. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനെതിരെ കളിക്കുമ്പോൾ മുന്നേറ്റത്തിലുപരി കരുത്തുകാട്ടേണ്ടത് പ്രതിരോധമാണെന്ന തിരിച്ചറിവിലായിരുന്നു ജപ്പാൻ ക്ലബിന്റെ കളി. എതിരാളികൾ കളി കനപ്പിക്കുംമുമ്പ് ടീം ഗോളടിക്കുകയും ചെയ്തു. 11ാം മിനിറ്റിൽ വാറ്റനാബെ ആയിരുന്നു ഉറവയെ മുന്നിലെത്തിച്ച് വലകുലുക്കിയത്. ലീഡായതോടെ 11 പേരെയും സ്വന്തം പകുതിയിൽ വിന്യസിച്ച് പ്രതിരോധം ഉറപ്പിച്ചതോടെ ഇന്ററിന് മുന്നിൽ വാതിലുകൾ അടഞ്ഞു.
കളി അവസാന മിനിറ്റുകളിലേക്ക് കടന്നതോടെ ക്ഷമയറ്റ ഇറ്റാലിയൻ ടീം കളി കൂടുതൽ മൂർച്ച കൂട്ടിയാണ് രണ്ടുവട്ടം വലകുലുക്കി കളി ജയിച്ചത്. 78ാം മിനിറ്റിൽ ലൗതാരോ മാർടിനെസാണ് ആദ്യം ഗോളടിച്ചത്. കോർണറിൽ പോസ്റ്റിനു മുന്നിൽ കാത്തുകിടന്ന പ്രതിരോധ നിരയുടെ തലക്കു മുകളിലൂടെ പായിച്ച പൊള്ളുന്ന ഷോട്ടിലായിരുന്നു സമനില ഗോൾ. ഇഞ്ചുറി സമയത്ത് റീബൗണ്ട് വലയിലെത്തിച്ച് പകരക്കാരൻ കാർബോണി ടീമിന് വിജയം സമ്മാനിച്ചു. ഗ്രൂപ് ഇയിലെ മറ്റൊരു മത്സരത്തിൽ മെക്സിക്കൻ ടീമായ മോണ്ടറിയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ റിവർ േപ്ലറ്റ് ആണ് ഗോൾ ശരാശരിയുടെ ബലത്തിൽ ഒന്നാമത്. ഇരുടീമുകൾക്കും നാലു പോയന്റുള്ളപ്പോൾ ഉറാവക്ക് ഒറ്റ പോയന്റുമില്ല.
ജോബിലേറി ഡോർട്മുണ്ട്
ടീമിലെത്തി ഒരു മാസം തികയും മുമ്പേ വരവറിയിച്ച് ഇംഗ്ലീഷ് താരം ജോബ് ബെല്ലിങ്ഹാം. ദക്ഷിണാഫ്രിക്കൻ ടീമായ സൺഡൗൺസിനെതിരായ മത്സരത്തിലാണ് ബൊറൂസിയ ഡോർട്മുണ്ടിനായി ജോബ് ഗോളടിച്ചത്. മത്സരം 4-3ന് ഡോർട്മുണ്ട് ജയിച്ചു.
ആദ്യം ഗോളടിച്ച് മുന്നിലെത്തിയത് മമെലൊഡിയാണ്. 11ാം മിനിറ്റിൽ ലുകാസ് റിബേരോ കോസ്റ്റ ആയിരുന്നു സ്കോറർ. അഞ്ചു മിനിറ്റിനകം ഫെലിക്സ് എൻമെച്ചയിലൂടെ മടക്കിയ ഡോർട്മുണ്ട് ആദ്യ പകുതിയിൽ രണ്ടുവട്ടം കൂടി വല കുലുക്കി വിജയമുറപ്പിച്ചു. രണ്ടാം പകുതിയിൽ മമെലൊഡി രണ്ടു ഗോൾ തിരിച്ചടിച്ചപ്പോൾ എതിർപോസ്റ്റിൽ വീണ സെൽഫ് ഗോൾ ഡോർട്മുണ്ടിന് വിജയമൊരുക്കി. നാലു പോയന്റായ ബുണ്ടസ് ലിഗ ടീം ജയത്തോടെ നോക്കൗട്ടിനരികെയെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.