ഇൻറർ കോണ്ടിനന്റൽ കപ്പ്: വനുവാതുവിനെ തോൽപിച്ച് ഇന്ത്യ ഫൈനലിൽ
text_fieldsഭുവനേശ്വർ: ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബാളിൽ തുടർച്ചയായ രണ്ടാം ജയവുമായി ആതിഥേയരായ ഇന്ത്യ ഫൈനലിൽ കടന്നു. തിങ്കളാഴ്ച രാത്രി കലിംഗ സ്റ്റേഡിയത്തിൽ വനുവാതുവിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. 81ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രി സ്കോർ ചെയ്തു. മറ്റൊരു മത്സരത്തിൽ ലബനാനെ മംഗോളിയ ഗോൾരഹിത സമനിലയിൽ തളച്ചു. ഇന്ത്യക്ക് ആറും ലബനാന് നാലും പോയന്റാണുള്ളത്. രണ്ടാം തോൽവിയോടെ വനുവാതു പുറത്തായപ്പോൾ ഒരു പോയന്റ് നേടി മംഗോളിയ പ്രതീക്ഷ നിലനിർത്തി. ജൂൺ 15ന് അവസാന മത്സരങ്ങളിൽ ഇന്ത്യയെ ലബനാനും മംഗോളിയയെ വനുവാതുവും നേരിടും.
ഇന്ത്യ-വനുവാതു കളിയുടെ ആദ്യ മിനിറ്റുകളിൽ ഇരു ടീമിനും ചെറിയ അവസരങ്ങൾ കിട്ടി. 16ാം മിനിറ്റിൽ ലോങ് ബോൾ സ്വീകരിച്ച് സുഭാഷിഷ് ബോസ് ബോക്സിലേക്ക്. അരങ്ങേറ്റ ഗോൾ നേടാനുള്ള അവസരം നന്ദകുമാറിന് തലനാരിഴക്ക് നഷ്ടമായി. പിന്നാലെ വനുവാതുവിന്റെ പ്രത്യാക്രമണം. 33ാം മിനിറ്റിലാണ് ആദ്യമായി പോസ്റ്റിലേക്ക് ഇന്ത്യയുടെ ഷോട്ടെത്തുന്നത്. ഛേത്രി എതിർ ഗോളി കലോട്ടാങ്ങിന് വെല്ലുവിളിയുയർത്തിയെങ്കിലും അടി തടുത്തു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ വനുവാതുവിന് കിട്ടിയ ചാൻസ് ലക്ഷ്യത്തിലേക്കയക്കുന്നതിൽ സാനിയേലിന് പിഴച്ചതോടെ ഗോൾ രഹിതമായി ഇടവേളക്ക് പിരിഞ്ഞു.
രണ്ടാം പകുതിയിലും ഇന്ത്യക്കായിരുന്നു കൂടുതലും അവസരങ്ങൾ. 18 തവണ ടാർഗറ്റിലേക്ക് ഷോട്ടുതിർത്തിട്ടും ആതിഥേയർക്ക് നിരാശ. 61ാം മിനിറ്റിൽ ഛേത്രിയുടെ ഹെഡർ പുറത്തേക്ക്. രോഹിത് കുമാറിനും റൗളിൻ ബോർഗെസിനും ലിസ്റ്റൻ കൊളാസോക്കും പകരക്കാരായി അനിരുദ്ധ് ഥാപ്പയും ജീക്സൺ സിങ്ങും സഹലുമെത്തി. പിന്നാലെ നന്ദകുമാറിനെ പിൻവലിച്ച് ചാങ്തെയെയും ഇറക്കി. കളി അവസാന 20 മിനിറ്റുകളിലേക്ക് കടന്നപ്പോൾ ഡെഡ് ലോക്ക് തുറക്കാൻ ഇന്ത്യ ആവുംവിധം ശ്രമിച്ചു. തുടർച്ചയായ കോർണറുകളിലും നീക്കങ്ങൾ തടയപ്പെട്ടു. 81ാം മിനിറ്റിൽ കാത്തിരുന്ന ഗോളെത്തി. ഇടതുവിങ്ങിൽനിന്ന് സുഭാഷിഷ് നൽകിയ ക്രോസ് വരുതിയിലാക്കി ഛേത്രിയുടെ ഇടങ്കാലൻ ഷോട്ട് വലയിൽ. 84ാം മിനിറ്റിൽ ബോക്സിലേക്ക് ചാങ്തേയുടെ ക്രോസ്. ഥാപ്പയുടെ ശ്രമം വിജയിച്ചില്ല. പിന്നാലെ ഛേത്രിക്ക് പകരം റഹീം അലി കളത്തിൽ. കളി തീരാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ സുഭാഷിഷിനെ വീഴ്ത്തിയതിന് ഇന്ത്യക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും സ്കോറിൽ മാറ്റമുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.