നാലും തോറ്റു! മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്സ്, ചെന്നൈയോട് തോറ്റത് ഒരു ഗോളിന്
text_fieldsകൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിൻ എഫ്.സിയാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. ഈ സീസണിൽ നടന്ന മൂന്ന് ഹോം മാച്ചുകളിലും ഇതോടെ ബ്ലാസ്റ്റേഴ്സിന് തോൽവിയായി.
42ാം മിനിറ്റിൽ ചെന്നൈയിന്റെ ഇമ്രാൻ ഖാൻ നേടിയ ഗോളിലാണ് വിജയം സന്ദർശകരുടെ കൂടെ പോയത്. തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ സകല പരിശ്രമങ്ങളും വെള്ളത്തിൽ വരച്ച രേഖയായി. പോയന്റൊന്നുമില്ലാതെ 12ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മാർച്ച് 14ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളുമായാണ് അടുത്ത കളി.
ആഷിഖ് ഗോളിൽ ബംഗളൂരു ജയം
കൊൽക്കത്ത: മലയാളി താരം ആഷിഖ് കുരുണിയൻ ഗോൾ നേടിയ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ മുഹമ്മദൻസ് എസ്.സിയെ 2-0ത്തിന് തോൽപിച്ച് ബംഗളൂരു എഫ്.സി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ 22ാം മിനിറ്റിൽ റയാൻ വില്യംസിലൂടെ സന്ദർശകർ ലീഡ് പിടിച്ചു. 41ാം മിനിറ്റിലായിരുന്നു ആഷിഖിന്റെ ഗോൾ. രണ്ടാം പകുതി തുടങ്ങി റോയ് മഹിതോഷിലൂടെ 51ാം മിനിറ്റിൽ മുഹമ്മദൻസിന്റെ ഗോളും പിറന്നു.
‘സമനില തെറ്റാതെ’ ഗോകുലം
മഞ്ചേരി: ഇന്ത്യൻ ഫുട്ബാൾ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോകുലത്തിന് സമനില. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഹോം മത്സരത്തിൽ ഗോകുലം കേരള എഫ്.സിയെ നാംധാരി സമനിലയിൽ തളച്ചു. ആദ്യ പകുതിയുടെ 32ാം മിനിറ്റിൽ വിദേശ താരം താബിസോ ബ്രൗൺ നേടിയ ഗോളിലൂടെയാണ് ആതിഥേയർ മുന്നിലെത്തിയത്.
തുടരെ നടത്തിയ ആക്രമണങ്ങൾക്കൊടുവിൽ പെനാൽറ്റി ബോക്സിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ നാംധാരി പ്രതിരോധക്കാർക്ക് വന്ന വീഴ്ച താബിസോ മുതലെടുക്കുകയായിരുന്നു. 73ാം മിനിറ്റിൽ നാംധാരി സമനില നേടി. ബോക്സിൽനിന്ന് കിട്ടിയ പാസ് ലൊട്ജേം ഗോകുലം ഗോൾകീപ്പർ ഷിബിന് ഒട്ടും സമയം നൽകാതെ ലക്ഷ്യത്തിലെത്തിച്ചു.
എഫ്.എ കപ്പ്: ലിവർപൂളും ആഴ്സനലും ക്വാർട്ടറിൽ
ലണ്ടൻ: എഫ്.എ കപ്പ് ഫുട്ബാളിൽ ലിവർപൂളും ആഴ്സനലും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അഞ്ചാം റൗണ്ട് മത്സരത്തിൽ വോൾവ്സിനെ 3-1ന് ചെമ്പടയും മാൻസ്ഫീൽഡ് ടൗണിനെ 2-1ന് ഗണ്ണേഴ്സും തോൽപിച്ച് അവസാന എട്ടിൽ ഇടംനേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

