ആവേശക്കൊടുമുടിയിൽ വിസിൽ മുഴക്കം; ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കിക്കോഫ്
text_fieldsബംഗളൂരു: ‘ടീമുകളെല്ലാം നാട് വിട്ടു.ക്ലബുകൾക്ക് കാശില്ല... ബ്രോഡ്കാസ്റ്റേഴ്സിന് മിണ്ടാട്ടമില്ല. ഐ.എസ്.എൽ കട പൂട്ടിയെന്ന് തോന്നുന്നു...’ഏതെങ്കിലും വാർത്തയുടെയോ, ലേഖനത്തിന്റെയോ ഭാഗമല്ല ഇത്. ഇന്ത്യൻ സൂപ്പർ ലീഗ് 13ാം സീസണിന്റെ വിളംബരമായി സംഘാടകർ തന്നെ പുറത്തിറക്കിയ പരസ്യം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ സൂപ്പർലീഗിന്റെ ഭാവിയെ കുറിച്ച് രണ്ട് ഫുട്ബാൾ ആരാധകരുടെ സങ്കടവർത്തമാനത്തിനിടയിലേക്ക്, തിരക്കിട്ട് ഓടിയെത്തുന്ന സെക്യുരിറ്റിക്കാരൻ ഷട്ടർ ഉയർത്തി ‘കട തുറക്കാൻ സമയമായെന്ന് പ്രഖ്യാപിക്കുന്നു. ഇന്ത്യൻ ഫുട്ബാൾ ആരാധകരുടെ ഹൃദയത്തുടിപ്പായി മാറിയ സൂപ്പർ ലീഗ് അകാലത്തിൽ മൃതിയടയുന്നുവെന്ന വാർത്തകൾക്കിടെ പ്രതീക്ഷയുടെ കളത്തിലേക്ക് പുതിയ കിക്കോഫ്. പരസ്യം നൽകുന്ന പ്രതീക്ഷകൾ പോലെ, കളിയുത്സവത്തിന്റെ പുതിയ പച്ചപ്പിലേക്ക് ഇന്ത്യൻ സൂപ്പർലീഗ് 13ാം സീസണിന് ശനിയാഴ്ച കിക്കോഫ് വിസിൽ മുഴങ്ങുന്നു. പുതിയ സ്പോൺസർമാരും, പുതു സംഘാടനവുമായി ആവേശം റീചാർജ് ചെയ്ത് ലീഗ് വീണ്ടും സജീവമാകുന്നു. ലീഗിന്റെ നിലനിൽപിനെ തന്നെ ആശങ്കയിലാക്കിയ കാറും കോളും പിടിച്ചുകെട്ടിയാണ് പുതു ഊർജവുമായി സൂപ്പർലീഗ് സീസണിന് കിക്കോഫ് കുറിക്കുന്നത്. ഇടവേളക്കു ശേഷം, പരമ്പരാഗത ലീഗ് ഫോർമാറ്റായ ഹോം-എവേ മാച്ചുകളുമായി തിരികെയെത്തുമ്പോൾ, ആവേശം നിറച്ച് മികച്ച താരങ്ങളും വിവിധ ക്ലബുകളിലെത്തികഴിഞ്ഞു. ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ബംഗളൂരു എഫ്.സിയും ഡൽഹി സ്പോർടിങ് ക്ലബും തമ്മിൽ ബംഗളുരുവിലാണ് ഉദ്ഘാടന മത്സരം. രാത്രി ഏഴിന് എഫ്.സി ഗോവയും ചെന്നൈയിൻ എഫ്.സിയും ഗോവയിലും ഏറ്റുമുട്ടും. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ഞായറാഴ്ച എവേ ഗ്രൗണ്ടിൽ ഇന്റർ കാശിയെ നേരിടും. ഈസ്റ്റ് ബംഗാളാണ് നിലവിലെ ജേതാക്കൾ. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ദേശീയ കിരീട വരൾച്ചക്ക് അന്ത്യം കുറിച്ചാണ് ഈസ്റ്റ് ബംഗാൾ കഴിഞ്ഞ സീസണിൽ കപ്പടിച്ചത്. അതേസമയം, പുതിയ ഉടമസ്ഥർക്കു കീഴിൽ പുതുതാര നിരയുമായി കന്നി കിരീട പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സും ഇറങ്ങുകയായി.
സീസണിൽ 13 ക്ലബുകൾ
ജംഷഡ്പൂർ എഫ്.സി പുതിയ ഉടമസ്ഥർക്കു കീഴിൽ ചർച്ചിൽ ബ്രദേഴ്സ് ആയി ഇന്ത്യൻ സൂപ്പർലീഗിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ മുഹമ്മദൻസും, ഡയമണ്ട് ഹാർബറും തരംതാഴ്ത്തപ്പെട്ടു.
1 ബംഗളൂരു എഫ്.സി, 2 ചെന്നൈയിൻ, 3 ചർച്ചിൽ ബ്രദേഴ്സ്, 4 ഡൽസി എസ്.സി, 5 ഈസ്റ്റ് ബംഗാൾ, 6 എഫ്.സി ഗോവ, 7 ഇന്റർ കാശി, 8 കേരള ബ്ലാസ്റ്റേഴ്സ്, 9 മോഹൻ ബഗാൻ, 10 മുംബൈ സിറ്റി, 11 നോർത് ഈസ്റ്റ് യുനൈറ്റഡ്, 12 ഒഡിഷ എഫ്.സി, 13 പഞ്ചാബ് എഫ്.സി
163 മത്സരങ്ങൾ
ഒക്ടോബറിൽ തുടങ്ങി 2027 മേയ് വരെ നീണ്ടു നിൽക്കുന്ന സീസണിൽ 163 മത്സരങ്ങൾ. ലീഗ് റൗണ്ടിലെ ഒന്നാം സ്ഥാനക്കാർ ഐ.എസ്.എൽ ഷീൽഡ് ജേതാക്കളാകും. ആദ്യ ആറ് സ്ഥാനക്കാർ ഐ.എസ്.എൽ കിരീടത്തിനായി േപ്ല ഓഫിൽ മാറ്റുരക്കും. ജനുവരി 17 വരെയാണ് ആദ്യ ഘട്ട മത്സര ഷെഡ്യൂൾ. ഒന്നാം ഘട്ടത്തിൽ 78 മത്സരങ്ങൾ. മേയ് മാസത്തിലാണ് േപ്ല ഓഫ്.
റിലയൻസ് പോയി, പകരം ക്ലബ് കൂട്ടായ്മ
പ്രഥമ സീസൺ മുതൽ ഐ.എസ്.എൽ സംഘാടകരായ റിലയൻസിന്റെ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് പിന്മാറിയതോടെ പ്രതിസന്ധിയിലായ സംഘാടനം, പുതിയ ഫോർമുലയോടെയാണ് പരിഹരിച്ചത്. ലീഗിന്റെ സ്പോൺസർഷിപ്പ്, മാർക്കറ്റിങ്, സംപ്രേഷണം തുടങ്ങിയ വാണിജ്യപരമായ അവകാശങ്ങളും അധികാരങ്ങളും ഐ.എസ്.എല്ലിലെ 13 ക്ലബ്ബുകളുടെ കൂട്ടായ്മയ്ക്ക്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ജർമൻ ബുന്ദസ്ലിഗ തുടങ്ങിയ ആഗോള ഫുട്ബോൾ ലീഗുകളുടെ മാതൃകയിലാണിത്.
യൂട്യൂബിലും സോണിയിലും
ഇത്തവണ ആരാധകർക്ക് യൂട്യൂബ് വഴി സൗജന്യമായി തന്നെ കളി കാണാം. വരിസംഖ്യയോ, സബ്സ്ക്രിപ്ഷൻ നിരക്കോ ഇല്ലാതെ ലീഗ് കൂടുതൽ ആരാധകരിലെത്തിക്കുന്നതിന്റെ ഭാഗമായണ് ഗൂഗിളുമായി കരാറിലെത്തി യൂട്യുബ് സൗജന്യ സ്ട്രീമിങ് ആരംഭിക്കുന്നത്. ഒപ്പം, സോണി ലിവ് ഒ.ടി.ടി പ്ലാറ്റ്ഫോമിലും കളി ലഭ്യമാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

