ഗസ്സയിലെ നരനായാട്ട്: ഇസ്രായേലിനെ ഫുട്ബാൾ മത്സരങ്ങളിൽനിന്ന് വിലക്കണമെന്ന് പരിശീലക സംഘടന
text_fieldsറോം: ഗസ്സയിൽ ഫലസ്തീനികൾക്കുമേൽ നരനായാട്ട് തുടരുന്ന ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്ബാൾ മത്സരങ്ങളിൽനിന്ന് വിലക്കണമെന്ന് ഇറ്റാലിയൻ ഫുട്ബാൾ കോച്ചസ് അസോസിയേഷൻ (എ.ഐ.എ.സി). ഇസ്രായേലിനെതിരെ ഇറ്റലിയുടെ ലോകകപ്പ് യോഗ്യതാ മത്സരം സെപ്റ്റംബറിൽ നടക്കാനിരിക്കെയാണ് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനക്കും യൂറോപ്യൻ ഫുട്ബാൾ അസോസിയേഷനും മുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്.
ഈ അഭ്യർഥന വെറും പ്രതീകാത്മകമല്ല ധാർമിക അനിവാര്യതയിൽനിന്നുണ്ടായ തെരഞ്ഞെടുപ്പാണെന്നും ഇറ്റാലിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിനയെയും ഫിഫയയെും യുവേഫയെയും അഭിസംബോധന ചെയ്യുന്ന കത്തിൽ എ.ഐ.എ.സി വ്യക്തമാക്കി. ഏകകണ്ഠമായാണ് ഇത്തരമൊരും ആവശ്യമുയർന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് റെൻസോ ഉലിവിയേരി അറിയിച്ചു.
‘ഭയാനകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അടിച്ചമർത്തൽ പ്രവൃത്തികളെ എതിർക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയാണ്. കായികമൂല്യങ്ങൾക്ക് അടിത്തറയിടുന്ന മാനവിക മൂല്യങ്ങളാണ് ഞങ്ങളെ ഈ ആവശ്യത്തിലെത്തിച്ചത്’ കത്തിൽ തുടർന്നു. കഴിഞ്ഞയാഴ്ച ഇറ്റലിയിൽ നടന്ന പി.എസ്.ജി-ടോട്ടൻഹാം സൂപ്പർ കപ്പ് കിക്കോഫിന് മുമ്പ് യുവേഫ ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു.
‘കുഞ്ഞുങ്ങളെ കൊല്ലുന്നത് നിർത്തുക, സാധാരണക്കാരെ കൊല്ലുന്നത് നിർത്തുക' എന്നായിരുന്നു മൈതാനത്ത് പ്രദർശിപ്പിച്ച കൂറ്റൻ ബാനറിലെ ഉള്ളടക്കം. സ്റ്റേഡിയത്തിനകത്തും പരിസരത്തും മൈതാനത്തും രാഷ്ട്രീയപരമോ മതപരമോ പ്രത്യയശാസ്ത്രപരമോ ആയ യാതൊന്നും പ്രദർശിപ്പിക്കരുതെന്ന സ്വന്തം ചട്ടം ലംഘിച്ചായിരുന്നു യുവേഫയുടെ ഐക്യദാർഢ്യം. മാത്രമല്ല, സമ്മാനദാനച്ചടങ്ങിൽ ഗസ്സയിലെ രണ്ട് കുട്ടികളെയും പങ്കെടുപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.