ഓഫായി മഞ്ഞ ബൾബ്; തോറ്റുതോറ്റ് പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച് ബ്ലാസ്റ്റേഴ്സ്
text_fieldsകേരള ബ്ലാസ്റ്റേഴ്സ് ടീം മൈതാനത്ത്
കൊച്ചി: നിർണായകമായ, ജയം ഉറപ്പാക്കേണ്ട കളികളിലും തോൽവിതന്നെ ഫലം. ഒടുവിൽ അവസാനത്തെ പ്ലേഓഫ് പ്രതീക്ഷയും ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിൽ കളഞ്ഞുകുളിച്ചിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ്.
ശനിയാഴ്ച ഗോവ എഫ്.സിയുമായി അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിലും അതിനു തൊട്ടുമുമ്പ് കൊച്ചിയിൽ സീസണിലെ ടേബിൾ ടോപ്പേഴ്സായ മോഹൻബഗാൻ സൂപ്പർ ജയൻറ്സുമായി നടന്ന മത്സരത്തിലും ദയനീയ തോൽവിയാണ് മഞ്ഞപ്പട കാഴ്ചവെച്ചത്. എട്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് ഗോവയോടുള്ള പരാജയത്തിനു പിന്നാലെ ഒറ്റയടിക്ക് പത്താംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന് അങ്ങുദൂരെയുള്ള ആ സ്വപ്നം എത്തിപ്പിടിക്കണമെങ്കിൽ ശരിക്കും ‘മിറാക്കിൾ’ സംഭവിക്കേണ്ടിവരും. മൂന്നുകളികൾ ബാക്കി നിൽക്കുന്നത്. എന്നാൽ, പത്താംസ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിനുള്ളത് ആകെ 24 പോയൻറാണ്.
21 കളികളിൽ വെറും ഏഴുജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് അഭിമാനത്തോടെ പറയാനുള്ളത്. മൂന്നെണ്ണത്തിൽ സമനില പിടിച്ചപ്പോൾ ബാക്കി 11 എണ്ണവും വൻതോൽവികളായി. ഇതേ കളിഫലവുമായി ഈസ്റ്റ് ബംഗാൾ എഫ്.സി ബ്ലാസ്റ്റേഴ്സിനു മുന്നിലുണ്ട്. എന്നാൽ, ഗോൾ ശരാശരിയിൽ ഈസ്റ്റ് ബംഗാൾ മുന്നിലാണ്. പോയൻറ് നിരക്കിലും ഗോൾ ശരാശരിയിലും ഒരുപോലെയുള്ള കുറവാണ് ബ്ലാസ്റ്റേഴ്സിന്റെ തകർച്ചക്കു കാരണം.
ആദ്യ ആറ് സ്ഥാനക്കാർക്കാണ് പ്ലേ ഓഫ് പ്രവേശനം. ഏഴും എട്ടും സ്ഥാനക്കാർക്കിടയിൽപ്പോലും വലിയ പോയന്റ് വ്യത്യാസമുള്ളതിനാൽ പത്തിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ കാര്യം എടുക്കാനില്ലാത്ത സ്ഥിതിയാണ്.
ബ്ലാസ്റ്റേഴ്സിനെപ്പോലെ 24 പോയന്റുള്ള നാല് ടീമുകളുണ്ട്. മൂന്ന് മത്സരങ്ങൾ വീതം ബാക്കിയുള്ള ഇവർ നിൽക്കുന്നതാവട്ടെ എട്ട് മുതൽ 11 വരെ സ്ഥാനങ്ങളിലാണ്. ചെന്നൈയിൻ എഫ്.സി, ഈസ്റ്റ് ബംഗാൾ, കേരള ബ്ലാസ്റ്റേഴ്സ്, പഞ്ചാബ് എഫ്.സി എന്നിവരാണ് യഥാക്രമം ഈ സ്ഥാനങ്ങളിൽ. മൈനസ് അഞ്ചാണ് മഞ്ഞപ്പടയുടെ ഗോൾ വ്യത്യാസം.
മൂന്നു കളികൾ
സീസണിലെ പ്ലേഓഫ് റൗണ്ടിനുമുമ്പ് ബ്ലാസ്റ്റേഴ്സിനു മുന്നിൽ അവശേഷിക്കുന്നത് വെറും മൂന്നുകളികൾ മാത്രം. മാർച്ച് ഒന്നിന് കൊച്ചിയിൽ ജാംഷഡ്പൂർ എഫ്.സിയുമായുള്ള ഏറ്റുമുട്ടൽ, ഏഴിന് കൊച്ചിയിൽതന്നെ മുംബൈ സിറ്റി എഫ്.സിയുമായുള്ള മത്സരം, മാർച്ച് 12ന് ഹൈദരാബാദ് എഫ്.സിയുമായി അവരുടെ തട്ടകത്തിൽ നടക്കുന്ന പോരാട്ടം എന്നിവയാണിത്.
ഇതിൽ പോയൻറ് പട്ടികയിൽ മൂന്നാമതുള്ള ജാംഷഡ്പൂരിനെയും ആറാമതുള്ള മുംബൈയെയും തോൽപിക്കണമെങ്കിൽ ചെറിയ കളിയൊന്നും മതിയാവില്ല. ഹൈദരാബാദ് എഫ്.സി മാത്രമാണ് ഇനിയുള്ള എതിരാളികളിൽ ബ്ലാസ്റ്റേഴ്സിനേക്കാളും മോശം പ്രകടനം കാഴ്ചവെക്കുന്നത്. പട്ടികയിൽ 12ാം സ്ഥാനക്കാരായ ടീം നാല് കളികളിൽ മാത്രമാണ് ജയം കണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.