മെസ്സിയും വന്നില്ല, കോടികളും പോയി... പിന്നിൽ വൻ തട്ടിപ്പ്?... പണം കൈ മാറിയതിനും കരാർ ഒപ്പുവെച്ചതിനും തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബാൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നിൽ നടന്നത് കോടികളുടെ തട്ടിപ്പെന്ന് കായിക വകുപ്പിന്റെ കണ്ടെത്തൽ. അർജന്റീന ഫുട്ബാൾ അസോസിയേഷന് ഒന്നര കോടി യു.എസ് ഡോളർ (അന്നത്തെ മൂല്യം 126 കോടി രൂപ) കൈമാറിയെന്ന അവകാശവാദത്തിന് യാതൊരു തെളിവുമില്ലെന്ന് മാത്രമല്ല, വിദേശനാണ്യ വിനിമയചട്ട ലംഘനവും കള്ളപ്പണം വെളുപ്പിക്കലും നടന്നതായി കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത്, മന്ത്രി ഒ.ജെ. ജനീഷിനു കൈമാറി. ഇത് തുടർനടപടികൾക്കായി മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മാധ്യമങ്ങളിലൂടെയാണ് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.
അർജന്റീന ഫുട്ബാൾ അസോസിയേഷന് ഒന്നരക്കോടി യു.എസ് ഡോളർ (ഏകദേശം 126 കോടി രൂപ) നൽകിയെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ, പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ യാതൊരു രേഖയും സർക്കാരിന്റെ പക്കലില്ല. സംസ്ഥാന സർക്കാരും എ.എഫ്.എയും തമ്മിലോ, സ്പോൺസറും സർക്കാരും തമ്മിലോ കരാർ ഒപ്പുവെച്ചതിനും തെളിവുകളില്ല. അർജന്റീന ടീമിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതെയാണ് കൊച്ചിയിൽ പ്രദർശന മത്സരം നടക്കുന്നതായി കേരളം കേന്ദ്രത്തിനു കത്തെഴുതിയതും പണം കൈമാറാൻ അനുമതി നേടിയെടുത്തതും.
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസി വഴിയാണ് പണം കൈമാറ്റം നടത്താൻ സ്പോൺസർ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി തേടിയത്. എന്നാൽ ഈ ഏജൻസി അമേരിക്കയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അന്വേഷണം നേരിടുന്നവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ, 126 കോടിയുടെ പണമിടപാടിൽ 22.68 കോടി രൂപ സേവനനികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ജി.എസ്.ടി വകുപ്പും സ്പോൺസർക്ക് സമൻസ് അയച്ചിട്ടുണ്ട്.
മെസിയെ കൊണ്ടുവരാൻ സാമ്പത്തിക സഹായം നൽകാമെന്ന് കാണിച്ച് കളമശേരി ആസ്ഥാനമായ ‘ഗോട്ട് ആൻഡ് ഗ്ലോബൽ’ എന്ന സ്ഥാപനം 2023 ജൂലൈയിൽ സർക്കാരിന് അങ്ങോട്ട് കത്തയക്കുകയായിരുന്നു. എന്നാൽ, ഇതിന് വെറും 20 ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത, ഒരു ലക്ഷം രൂപ മാത്രം മൂലധനമുള്ള സ്ഥാപനമായിരുന്നു ഇത്. പിന്നീട് സ്പോൺസറായി എത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അതേ മേൽവിലാസം തന്നെയാണ് ഈ സ്ഥാപനത്തിനുമുള്ളത്. യാതൊരു ടെൻഡറുമില്ലാതെ ഏകപക്ഷീയമായാണ് സ്പോൺസറെ കണ്ടെത്തിയതെന്നും കായികവകുപ്പിന്റെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
അർജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാനെന്ന പേരിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ 2024 സെപ്റ്റംബറിൽ സ്പെയിനിൽ പര്യടനം നടത്തിയിരുന്നു. അന്നത്തെ കായികവകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, ഡയറക്ടർ പി. വിഷ്ണുരാജ് എന്നിവർക്കൊപ്പമായിരുന്നു ഒരാഴ്ചത്തെ സന്ദർശനം. എന്നാൽ, എ.എഫ്.എ ഔദ്യോഗികമായി ക്ഷണിച്ചതിന്റെ രേഖകളൊന്നും സർക്കാരിന്റെ കൈവശമില്ല. സ്പെയിനിൽ വെച്ച് ആരുമായാണ് മന്ത്രി കൂടിക്കാഴ്ച നടത്തിയതെന്നും ഇതുവരെ വ്യക്തമായിട്ടില്ല. ഫലത്തിൽ സർക്കാരിനെയും കായികപ്രേമികളെയും ഒരുപോലെ കബളിപ്പിച്ച വമ്പൻ സാമ്പത്തിക തട്ടിപ്പിലേക്കാണ് അന്വേഷണ റിപ്പോർട്ട് വിരൽചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

