ബ്രസീലിലെ ചാമ്പ്യൻ ക്ലബുമായി കൈകോർക്കാൻ കൊമ്പൻസ്
text_fieldsതിരുവനന്തപുരം: സൂപ്പർ ലീഗ് കേരള ക്ലബായ തിരുവനന്തപുരം കൊമ്പൻസ് എഫ്.സി ബ്രസീലിലെ പ്രശസ്തമായ ബോട്ടഫോഗോയുമായി കൈകോർക്കുന്നു. കേരളത്തിലെ, പ്രത്യേകിച്ച് തലസ്ഥാന ജില്ലയിലെ ഫുട്ബാൾ വികസനത്തിന് കുതിപ്പേകുന്ന വൻപദ്ധതികളാണ് ഇരുകൂട്ടരും സംയുക്തമായി ആസൂത്രണം ചെയ്യുന്നത്. 2024ൽ ബ്രസീലിയൻ ചാമ്പ്യന്മാരായ ബോട്ടഫോഗോ ക്ലബ് ഇപ്പോൾ യു.എസിൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ കളിച്ചുകൊണ്ടിരിക്കുകയാണ്.
കൊമ്പൻസിനെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാക്കാനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ബോട്ടഫോഗോയുമായുള്ള സഹകരണം. കൊമ്പൻസിന്റെ അതിവേഗം വളരുന്ന കമ്യൂണിറ്റി അധിഷ്ഠിത പരിശീലന പരിപാടികൾക്ക് ബ്രസീലിയൻ ഫുട്ബാളിന്റെ ലോകപ്രശസ്തമായ കളിമികവും വിദഗ്ധ രീതികളും പകർന്നു നൽകുക എന്നതാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. "ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര നിമിഷമാണ്. വെറും ഫുട്ബാൾ മാത്രമല്ല. ഇന്ത്യ പോലുള്ള പുതിയ ദേശങ്ങളിൽ സാംസ്കാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള ശ്രമമാണിത്. കേരളത്തിന് ഒരു യഥാർഥ ഫുട്ബാൾ കേന്ദ്രമായി മാറാനുള്ള കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" ബോട്ടഫോഗോ സി.ഇ.ഒ തൈറോ അറൂഡ പറഞ്ഞു.
"ബോട്ടഫോഗോയുമായുള്ള ഈ പങ്കാളിത്തം കേരളത്തിലെ യുവതീ-യുവാക്കൾക്ക് അന്താരാഷ്ട്ര ഫുട്ബാൾ അനുഭവം നൽകുക എന്ന തങ്ങളുടെ ദൗത്യം നിറവേറ്റുന്നതിലുള്ള ഒരു പ്രധാന നാഴികക്കല്ലാണെന്ന് കൊമ്പൻസ് എഫ്.സി മാനേജിങ് ഡയറക്ടർ കെ.സി. ചന്ദ്രഹാസൻ പറഞ്ഞു. ഈ വർഷം അവസാന പകുതിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഫുട്ബാൾ പരിശീലന ക്യാമ്പ്, ഓൺലൈൻ സ്കൂൾ പ്രോഗ്രാമുകൾ, കമ്യൂണിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ വിശദമായ ഷെഡ്യൂൾ കൊമ്പൻസ് എഫ്.സിയും ബോട്ടഫോഗോയും ഉടൻ പ്രഖ്യാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.