മാവോ ഏകാധിപതിയെന്ന് എംബാപ്പെ; സ്പോൺസർഷിപ്പ് റദ്ദാക്കി ചൈനീസ് കമ്പനികൾ; മാപ്പു പറഞ്ഞ് തടിതപ്പി താരം
text_fieldsപാരീസ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് മാവോ സേതുങ്ങിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച വെട്ടിലായ റയൽ മഡ്രിഡിന്‍റെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ പരസ്യമായി ക്ഷമാപണം നടത്തി.
ഫ്രഞ്ച് പോഡ്കാസ്റ്റ് പരിപാടിയായ ‘ദ ബ്രിഡ്ജി’ന്റെ ഒരു വിഡിയോ ക്ലിപ്പ് പ്രചരിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ ചെയർമാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്ഥാപക നേതാവുമായ മാവോയുടെ ചിത്രത്തിൽ തന്റെ മുഖം ചേർത്തുവെച്ചുള്ള ഒരു മീമിനെക്കുറിച്ച് എംബാപ്പെ സംസാരിക്കുന്നതാണ് വിഡിയോയിലുള്ളത്. തനിക്ക് കണ്ടതിൽ ഏറ്റവും തമാശ തോന്നിയ മീം ഇതായിരുന്നുവെന്നും അതിൽ തന്റെ മുഖത്തിനു പകരം കൊടുത്തിരുന്നത് ഒരു ചൈനീസ് സ്വേച്ഛാധിപതിയുടെ മുഖമാണെന്നാണ് കരുതുന്നതെന്നും എംബാപ്പെ പറയുന്നുണ്ട്.
പിന്നാലെയാണ് താരത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. വിവിധ ചൈനീസ് കമ്പനികളുമായി എംബാപ്പെക്ക് കരാറുണ്ട്. ചൈനീസ് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം കടുത്തതോടെ സ്പോൺസർമാർ താരവുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ലാ ലീഗ മത്സരങ്ങളുടെ ചൈനയിലെ സംപ്രേഷണം നിർത്തിവെക്കുകയും ചെയ്തു. എംബാപ്പെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളും പിൻവലിച്ചു. ദ ബ്രിഡ്ജ് വിഡിയോ പിൻവലിച്ചെങ്കിലും അതിന്‍റെ പകർപ്പുകൾ യൂട്യൂബിലടക്കം വ്യാപകമായി പ്രചരിച്ചു. പിന്നാലെയാണ് താരം പരസ്യമായി ക്ഷമാപണം നടത്തിയത്.
എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ എംബാപ്പെ ചൈനീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ ക്ഷമാപണം നടത്തുന്നുണ്ട്. തന്‍റെ പരാമർശം വിവേകമില്ലാത്തതായിരുന്നു. ചൈനയിലെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹങ്ങളിലെയും നിരവധി ആളുകളെ അത് വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്ന. തന്റെ വാക്കുകൾ മൂലം വിഷമമുണ്ടായ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും താരം വ്യക്തമാക്കി.
ലാ ലിഗയും സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. കിലിയൻ എംബാപ്പെയുടെ സമീപകാല പരാമർശങ്ങൾ ചൈനീസ് ആരാധകരെ വേദനിപ്പിച്ചതിൽ അഗാധമായി ഖേദിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു.

