അർജന്റീനയുടെ ഉറപ്പ്; കളിയാവേശം ഇനി അറബിക്കടലോളം
text_fieldsകോഴിക്കോട്: അറബിക്കടലോരത്തെ ഫുട്ബാൾ പ്രേമികൾക്ക് ഇനി കാൽപന്തിന്റെ നീലക്കടലിരമ്പത്തിനായുള്ള കാത്തിരിപ്പ്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി മാറിമറിഞ്ഞ അനിശ്ചിതത്വത്തിനൊടുവിൽ ആഗസ്റ്റ് 23 ശനിയാഴ്ച കേരളത്തിലെയും ഇന്ത്യയിലെയും ഫുട്ബാൾ പ്രേമികൾക്ക് നേരം പുലർന്നത് ആ വാർത്തയുമായാണ്. അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ സാമൂഹിക മാധ്യമ പേജുകളിലും വെബ്സൈറ്റിലും സ്പാനിഷ് ഭാഷയിൽ കേരളത്തിലേക്കുള്ള വരവ് സ്ഥിരീകരിച്ചുള്ള പ്രഖ്യാപനം. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിക്കുന്നതിനു പിന്നാലെ ഒക്ടേബാർ-നവംബർ മാസങ്ങളിലായി പ്രഖ്യാപിച്ച സൗഹൃദ മത്സര ഷെഡ്യൂളിലാണ് കേരളത്തിലേക്കുള്ള വരവും അറിയിച്ചത്.
ഒക്ടോബർ ആറ് മുതൽ 14 വരെ ഷെഡ്യൂളിലെ ആദ്യ മത്സരം അമേരിക്കയിലായിരിക്കും. നവംബർ 10-18 രണ്ടാം ഷെഡ്യൂളിലാണ് അംഗോളയിലെ ലുവാണ്ടയിലും കേരളത്തിലേക്കുമുള്ള മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തത്. എതിരാളികളെ പിന്നീട് തീരുമാനിക്കുമെന്നും എ.എഫ്.എ അറിയിക്കുന്നു.
2022 ലോകകപ്പ് ഫുട്ബാൾ കിരീട വിജയത്തിനു പിന്നാലെ ആരാധകർ ഏറെയുള്ള ഇന്ത്യയിലേക്ക് പര്യടനത്തിൽ താൽപര്യം അറിയിച്ചത് മുതൽ ആരംഭിച്ച ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കുമാണ് ശനിയാഴ്ച രാവിലത്തെ പ്രഖ്യാപനത്തോടെ അവസാനമായത്.
ആരാകും എതിരാളി; മുൻനിരയിൽ സോക്കറൂസ്
ഒക്ടോബർ, നവംബർ മാസങ്ങളിലെ സൗഹൃദ മത്സര ഷെഡ്യൂളിലെ എതിരാളികളെ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് മത്സരങ്ങളിലും നേരിടുന്ന എതിരളികളെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അർജന്റീന ഫുട്ബാൾ അസോസിയേഷൻ അറിയിച്ചത്. അടുത്ത ലോകകപ്പിന്റെ വേദിയെന്ന നിലയിൽ ആതിഥേയ നഗര പരിചയം ലക്ഷ്യമിട്ടാണ് അമേരിക്കയിൽ കളിക്കുന്നത്. അംഗോളയുടെ 50ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ലുവാണ്ടയിലെത്തുന്നത്. ഇതിൽ നിന്നും വ്യത്യസ്തമാണ് ടീമിന്റെ കേരളത്തിലേക്കുള്ള വരവ്.
കേരളത്തിലേക്കുള്ള ഷെഡ്യൂൾ പ്രഖ്യാപിച്ചതിനു പിന്നാലെ, എതിരാളികൾ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അത് ഉറപ്പിക്കുക തന്നെയാവും സംഘാടകർ എന്ന നിലയിൽ കേരള സർക്കാറിന്റെയും ഉത്തരവാദിത്തം. ഫിഫ റാങ്കിങ്ങിൽ 50ന് താഴെ സ്ഥാനക്കാരായിരിക്കും മിക്കവാറും എതിരാളികൾ. അത് ലോകകപ്പിന് യോഗ്യത നേടിയ ടീമായിരിക്കാനാണ് സാധ്യത. അങ്ങിനെയെങ്കിൽ ഏഷ്യയിൽ നിന്നും ലോകകപ്പിന് യോഗ്യത നേടിയ ഒരു ടീമിനെയാവും ശ്രമിക്കുക. നിലവിൽ ജപ്പാൻ, ഇറാൻ, ആസ്ട്രേലിയ, ദക്ഷിണ കൊറിയ, ജോർഡൻ, ഉസ്ബെകിസ്താൻ ടീമുകളാണ് ഏഷ്യയിൽ നിന്നും ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്.
ഫിഫ റാങ്കിങ്ങിൽ 24ാം സ്ഥാനത്തുള്ള ആസ്ട്രേലിയ എതിർ ടീമാൻ സന്നദ്ധത അറിയിച്ചുവെന്നാണ് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ ശനിയാഴ്ച രാവിലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. മറ്റു രണ്ട് ഏഷ്യൻ ടീമുകളുമായും ചർച്ചകൾ നടക്കുന്നുണ്ട്. ഏറ്റവും മികച്ച എതിരാളിക്കായിരിക്കും അർജന്റീനക്കെതിരെ ബൂട്ടണിയാൻ അവസരം നൽകുന്നത്. എന്തായാലും ആരാധകർക്ക് മികച്ചൊരു മത്സരം തന്നെയാവും കേരള മണ്ണിൽ സംഘടിപ്പിക്കുന്നതെന്നുറപ്പ്.
ആരാധകരെ ശാന്തരാകൂ... ഒടുവിൽ അർജന്റീന ഉറപ്പിച്ചു
ഇന്ത്യയിൽ ഫുട്ബാളിന്റെ ഈറ്റില്ലമായ കേരളത്തിലെ ആരാധകർക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് അർജന്റീന ദേശീയ ടീമിന്റെയും ലയണൽ മെസ്സിയുടെയും പര്യടന പ്രഖ്യാപനം. ബ്രസീലിനും അർജന്റീനക്കും ഏറെ ആരാധകരുള്ള മണ്ണ് കൂടിയാണ് കേരളം. ഖത്തർ ലോകകപ്പിൽ ഗാലറി പടവുകളെ നിറച്ചും സ്റ്റേഡിയത്തിനു പുറത്തെ ആരവങ്ങളെ നയിച്ചും മലയാളി ആരാധകർ അർജന്റീനക്കാരെകൊണ്ടും ഇത് സമ്മതിപ്പിച്ചിരുന്നു. ലോകകപ്പ് വിജയത്തിനു പിന്നാലെയാണ് അർജന്റീന ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കുമുള്ള പര്യട സാധ്യതയെ കുറിച്ച് ആലോചന തുടങ്ങിയത്. 2023ൽ ഇത്തരത്തിലൊരു അപേക്ഷ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് നൽകിയെങ്കിലും കോടികൾ ടീമിന് മാത്രം നൽകിയൊരു മത്സരത്തിന് വേദിയൊരുക്കാൻ കഴിയില്ലെന്നറിയിച്ച് പിൻവാങ്ങുകയായിരുന്നു.
ഇതോടെയാണ് 2024 ജനുവരിയിൽ അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കായിക മന്ത്രി വി. അബ്ദുറഹ്മാൻ രംഗത്തെത്തിയത്.
സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റിന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓൺലൈൻ യോഗത്തിൽ ചർച്ച ചെയ്തതായും മന്ത്രി അറിയിച്ചു. 2025 ഒക്ടോബറിൽ അർജൻറീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കുമെന്ന് അന്ന് മന്ത്രി എഫ്.ബിയിൽ പോസ്റ്റ് ചെയ്തു.
2024 സെപ്റ്റംബറിൽ സ്പെയിനിലെത്തിയ മന്ത്രിയും സംഘവും അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളുമായി മഡ്രിഡിൽ കൂടികാഴ്ച നടത്തി. 2025 ജനുവരിയിൽ കോഴിക്കോട്ടെ സ്വകാര്യ ചടങ്ങിനിടെ വിദ്യാർഥികളോടായി മന്ത്രി പൊതു വേദിയിൽ പ്രഖ്യാപനം നടത്തി. കഴിഞ്ഞ മാർച്ചിൽ നിയമസഭയിലും മന്ത്രി പ്രതികരിച്ചു. ഇതിനിടെ സ്പോൺസർ മാറ്റങ്ങളുണ്ടായെങ്കിലും നടപടികൾ മുന്നോട്ടെന്ന് മന്ത്രി ആവർത്തിച്ചു. അതേസമയം, അർജന്റീനയുടെ സൗഹൃദ പര്യടന പ്രഖ്യാപത്തിൽ കേരളമില്ലെന്ന് സ്പാനിഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞ ജൂലായിലും വാർത്തകൾ വന്നു. ഇതിനിടെ, അർജന്റീനയുടെ വരവ് രാഷ്ട്രീയ പോർവിളിക്കുള്ള വേദിയായും മാറിയെങ്കിലും, എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ചാണ് ഏറ്റവും പുതിയ പ്രഖ്യാപനമെത്തുന്നത്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി സ്പോൺസർ ആയാണ് കേരളത്തിലെ ഫുട്ബാൾ ആരാധകർക്ക് ഓണസമ്മാനമായി മെസ്സിയുടെ വരവ് ഇപ്പോൾ ഉറപ്പിക്കുന്നത്.
മിഷിഹ കാര്യവട്ടത്ത് പന്തുതട്ടും
ഇത് രണ്ടാം തവണയാണ് ലയണൽ മെസ്സിയും അർജന്റീനയും ഇന്ത്യയിലേക്ക് മത്സരം ഷെഡ്യൂൾ ചെയ്യുന്നത്. 2011ല വെനിസ്വേലക്കെതിരെ കൊൽക്കത്തയിലായിരുന്നു മെസ്സിയും സംഘവും ആദ്യമായി കളിച്ചത്. ഇത്തവണ വരുമെന്നറിയിച്ചത് ലോകചാമ്പ്യനും കോപ അമേരിക്ക ചാമ്പ്യനുമായി ലോകത്തെ ഏറ്റവും മൂല്യമേറിയ ഫുട്ബളറായ മെസ്സിയാണെന്ന പ്രത്യേകതയുണ്ട്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാകും ഐതിഹാസിക പോരാട്ടത്തിന്റെ വേദിയായി മാറുക. ഐ.എസ്.എൽ മത്സര വേദികളായ കലൂർ സ്റ്റേഡിയത്തിന്റെ ഗുണനിലവാരവും സുരക്ഷയും സംബന്ധിച്ച് ആശങ്കയുള്ളതിനാൽ മത്സരത്തിന് വേദിയാവുന്നത് പരിഗണനയില്ല. ഇതാണ്, കെ.സി.എയുടെ നിയന്ത്രണത്തിലുള്ള കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സാധ്യത തെളിയുന്നത്.
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടം വേദിയാകുമെന്ന് ഇതിനിടെ വാർത്തകൾ പുറത്തുവന്നെങ്കിലും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം കേരളത്തിന് മത്സരങ്ങളില്ല. ഈ സൗകര്യം കേരളത്തിലെ ഫുട്ബാൾ പ്രേമികൾക്ക് മെസ്സിയുടെ മത്സരത്തിന് സാക്ഷ്യം വഹിക്കാനുള്ള അവസരമായി മാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.