സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം മെസ്സിക്ക്; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബാളർ
text_fieldsഒവീഡോ: സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരമായ പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് 2026 അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സിക്ക് സമ്മാനിച്ചു. തിളക്കമാർന്ന കരിയറിനും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും അംഗീകാരമായാണ് താരത്തിന് അവാർഡ് ലഭിച്ചത്.
ഇതോടെ ഫുട്ബാൾ ചരിത്രത്തിൽ ഈ ബഹുമതി ലഭിക്കുന്ന ആദ്യ വ്യക്തിഗത താരമായി മെസ്സി മാറി. സ്പെയിനിലെ ഒവീഡോയിലുള്ള കാമ്പോമോർ തിയേറ്ററിലാണ് ചടങ്ങ് നടന്നത്. സ്പാനിഷ് രാജകുടുംബത്തിന്റെ സാന്നിധ്യത്തിൽ പ്രിൻസസ് ഓഫ് അസ്റ്റൂറിയസ് ലിയോനോറാണ് മെസ്സിക്ക് പുരസ്കാരം സമ്മാനിച്ചത്. പ്രശംസാ പത്രം മെസ്സിക്ക് സമ്മാനിച്ചതിന് പിന്നാലെ ലിയോനോർ അദ്ദേഹത്തിന്റെ അതുല്യ കരിയറിനെ പ്രശംസിച്ചു.
2026 ജൂൺ മാസത്തിൽ മെസിയെ ഈ വർഷത്തെ പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് കായിക പുരസ്കാര ജേതാവായി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച ബ്രിട്ടീഷ് എഴുത്തുകാരൻ ജൂലിയൻ ബാൺസ്, അമേരിക്കൻ ബഹിരാകാശ സഞ്ചാരി ക്രിസ്റ്റീന കോച്ച്, പങ്ക് താരം പാട്ടി സ്മിത്ത് എന്നിവരും ഈ പുരസ്കാരം ഏറ്റുവാങ്ങി.
പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡുകൾ 1981ലാണ് സ്ഥാപിതമായത്. കല, സാഹിത്യം, സാമൂഹിക ശാസ്ത്രം, ശാസ്ത്ര-സാങ്കേതിക ഗവേഷണം, അന്താരാഷ്ട്ര സഹകരണം, സൗഹൃദം, ആശയവിനിമയം, മാനവികത, കായികം തുടങ്ങിയ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പ്രമുഖ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് ഈ അവാർഡ് സമ്മാനിക്കുന്നത്. ഓരോ വർഷവും അവാർഡ് ലഭിക്കുന്നവർക്ക് 50,000 യൂറോ (56,000 ഡോളർ) സമ്മാനത്തുകയുമുണ്ട്.
കഴിഞ്ഞ കുറേ ദശാശകങ്ങളായി ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ ഈ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. സെറീന വില്യംസ്, റാഫേൽ നദാൽ, എലിയുഡ് കിപ്ചോഗെ, ലിൻഡ്സെ വോൺ തുടങ്ങിയവരാണ് മുമ്പ് കായിക രംഗത്ത് അവാർഡ് സ്വന്തമാക്കിയവർ. മറ്റ് വിഭാഗങ്ങളിൽ നെൽസൺ മണ്ടേല, ജെയ്ൻ ഗുഡാൽ, മാർട്ടിൻ സ്കോർസെസി, ജെ.കെ. റൗളിംഗ്, ബോബ് ഡിലൻ തുടങ്ങിയ പ്രമുഖ വ്യക്തികൾക്കും, സാമൂഹിക-മാനവിക പുരോഗതിക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾക്കും ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.
അതേസമയം, 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയ്നിനോട് തോറ്റതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചിരുന്നു. പിതാവ് ഹോർഗെ മെസ്സിയുടെ വിയോഗത്തിന് പിന്നാലെ ആഗസ്ത് 31നാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഒക്ടോബർ ആറിന് ബെനിനെതിരെ അർജന്റീനയ്ക്കുവേണ്ടി അദ്ദേഹം തന്റെ അവസാന ഔദ്യോഗിക വിടവാങ്ങൽ മത്സരം കളിച്ചാണ് ബൂട്ടഴിച്ചത്. മത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളും താരം സ്വന്തമാക്കി.

