ഡിയാഗോ, ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല
text_fields''എ ഡെയ് വീ വിൽ നെവർ ഫോർഗെറ്റ് (ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല)''- തന്‍റെ വിവാഹ വിഡിയോക്കൊപ്പം ഡിയഗോ ജോട്ട കുറിച്ച വാക്കുകൾ ഇപ്രകാരമായിരുന്നു. മരണത്തിന്‍റെ മണിക്കൂറുകൾക്ക് മുമ്പ് പങ്കുവെച്ച ആ വാക്കുകൾ അറംപറ്റിയിരിക്കുന്നു.
ആൻഫീൽഡിന്‍റെ പുൽത്തകിടിലും പറങ്കിക്കുപ്പായത്തിലും ജോട്ട തീർത്ത പന്താട്ടത്തിന്‍റെ ചിത്രം മനസ്സിൽ പതിഞ്ഞ ഒരു ഫുട്ബോൾ ആരാധകനും ഈ ദിനം മറക്കാനാവില്ല. കഴിഞ്ഞു പോയ ചുരുക്കം ചില ദിനങ്ങൾ അയാളുടെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയായിരുന്നു കടന്ന് പോയത്.
ചെറുപ്പം മുതൽ മനസ്സിൽ തലോലിച്ച് വളർത്തിയ പ്രണയത്തിന് സ്വപ്നസാഫല്യത്തിന്‍റെ പകിട്ട്. കാമുകി റൂട്ട് കാർഡോസോക്കും മൂന്ന് പിഞ്ചുമക്കൾക്കുമൊപ്പമുള്ള കല്യാണ ചിത്രത്തിന്‍റെ ആയുസ്സ് വെറും 11 ദിനങ്ങൾ മാത്രമാണെന്ന് ആരും നിനച്ചിരുന്നില്ല.
പങ്കാളി റൂട്ട് കാർഡോസോക്കും മക്കൾക്കുമൊപ്പം ഡിയാഗോ ജോട്ടോ
കാൽപന്ത് ലോകത്തിനെന്ന പോലെ ജോട്ടക്കും 2025 സാഫല്യത്തിന്‍റെ വർഷമായിരുന്നു. ആൻഫീൽഡിലെത്തി അഞ്ച് വർഷങ്ങൾക്കിപ്പുറം പ്രീമിയർ ലീഗ് കിരീടത്തിൽ വിജയമുത്തം. പരിക്കുകൾ പലതവണ വില്ലനാപ്പോഴും മൈതാനത്തെത്തുന്ന സമയത്തെല്ലാം അയാൾ പഴയ കടങ്ങൾ വീട്ടി.
സാദിയോ മാനെയും ഫിർമീന്യയും ഒഴിഞ്ഞ പൊസിഷനുകളിലെല്ലാം അയാൾ നിറഞ്ഞുകളിച്ചു. ഫാൾസ് 9, സ്ട്രൈക്കർ, വിങ്ങർ എന്നീ റോളുകളിലെല്ലാം അയാൾ മൈതാനത്ത് നിറഞ്ഞുകളിച്ചു.
പോർട്ടോയുടെ തെരുവുകളിൽ പന്ത് തട്ടിപ്പഠിച്ച ഏതൊരു പോർച്ചുഗീസ് ബാലനെയും പോലെ ജോട്ടക്കും റൊണാൾഡോയായിരുന്നു കളിദൈവം. കാൽപന്ത് ലോകത്തിന് പന്ത് കൊണ്ടൊരു മായാജാലം സമ്മാനിച്ച ഇതിഹാസതാരത്തിന് താൻ പകരക്കാരായി ഇറങ്ങണമെന്നത് കാലത്തിന്‍റെ കളി പുസ്തകത്തിൽ പണ്ടേ കുറിച്ചുട്ടുണ്ടാവണം.
ചെറുപ്പം മുതലേ ആരാധനാപാത്രമാക്കിയ ക്രിസ്റ്റ്യാനോക്കൊപ്പം രാജ്യത്തിന്‍റെ ജഴ്സിയിൽ യുവേഫ നാഷൻസ് ലീഗ് കിരീടം നേടിയത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. കളിയിൽ പലപ്പോഴും അയാളൊരു സൂപ്പർ സബ് ആയിരുന്നു. കളിയിലെന്ന പോലെ തന്നെ ജീവിതത്തിലും ഒരു സൂപ്പർ സബിന്റെ വേഷമണിഞ്ഞ് അയാൾ യാത്രയാവുകയാണ്.
ജീവിതത്തിൽ ഒരു നീണ്ട കരിയർ സ്വപ്നം കണ്ട് ഇറങ്ങിയതാണ്, നിമിഷനേരം കൊണ്ട് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോവുകയാണ്. നന്നായി കളിച്ചിട്ടും കൈവിട്ടുപോകുന്ന ചില കളികളുണ്ട്. അപ്പോഴും ജോട്ട തോൽക്കുന്നില്ല. ഓർമകളുടെ ഗോൾമുഖത്ത് പന്തുമായി അയാൾ വീണ്ടും വീണ്ടും ഓടിക്കയറും. അപ്പോഴെല്ലാം ഫുട്ബോൾ ലോകം ഒരുമിച്ച് പറയും യു വിൽ നെവർ വാക്ക് എലോൺ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.