മനോജിന്റെ ചാമ്പ്യൻ സർക്കീട്ട് തുടരുന്നു
text_fieldsമാനോജ് മാർക്കോസ്
മലപ്പുറം: കേരള പ്രീമിയർ ലീഗിൽ കളിച്ച മൂന്ന് ടീമുകൾക്കൊപ്പവും കിരീടം, ഈ സീസണിൽ കളിച്ച മൂന്ന് ടൂർണമെന്റുകളിലും ഫൈനൽ പ്രവേശനം, കാൽപന്തിന്റെ ചടുലതക്കൊപ്പം കളി ദൈവത്തിന്റെ കൈയൊപ്പുകൂടി പതിഞ്ഞ താരമാണ് മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയുടെ മാനോജ് മാർക്കോസ്. ഞായറാഴ്ച കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന കെ.പി.എൽ ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തതും ഈ പ്രതിരോധതാരത്തെയാണ്.
കലാശ പോരാട്ടമുൾപ്പെടെ മൂന്ന് മത്സരങ്ങളിലാണ് മനോജ് കളിയിലെ താരമായത്. പ്രതിരോധതാരമായിട്ടും രണ്ടുതവണ എതിർടീമിന്റെ വല കുലുക്കി. ടൂർണമെന്റിലെ ഈ മിന്നും പ്രകടനമാണ് മികച്ച പ്രതിരോധതാരത്തിനുള്ള പുരസ്കാരത്തിലേക്കും വഴിതുറന്നത്. തിരുവനന്തപുരത്തിന്റെ ഫുട്ബാൾ ഫാക്ടറി എന്ന വിളിപ്പേരുള്ള പൊഴിയൂരിലെ പരുത്തിയൂരാണ് മനോജിന്റെ സ്വദേശം. അവിടെയുള്ള കടപ്പുറത്തെ മണൽ പരപ്പിൽ പന്ത് തട്ടിയാണ് ഫുട്ബാളിന്റെ ബാലപാഠങ്ങൾ പഠിച്ചത്.
മത്സ്യത്തൊഴിലാളിയായ മാർക്കോസിന്റെയും വീട്ടമ്മയായ ഡേവിൾസ് മേരിയുടെയും അഞ്ച് മക്കളിൽ നാലാമനാണ് മനോജ്. സന്തോഷ് ട്രോഫി ഗ്രാമമെന്ന ഖ്യാതി നേടിയ പൊഴിയൂരിലെ മറ്റു കുട്ടികളെപോലെ മനോജിനും കാൽപന്തുകളി ജീവനായിരുന്നു. നാട്ടിലെതന്നെ ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ അക്കാദമയിൽ ജെയിംസെന്ന പരിശീലകന്റെ കീഴിലാണ് പ്രഫഷനൽ ഫുട്ബാളിലെ ശിക്ഷണം ആരംഭിക്കുന്നത്. പിന്നീട് ബിരുദപഠനത്തിനായി നാഗർകോവിലിലെ സ്കോർട്ട് ക്രിസ്റ്റ്യൻ കോളജിലെത്തിയെതോടെ എം.എസ് യൂനിവേഴ്സിറ്റിക്കുവേണ്ടി ബൂട്ടുകെട്ടി.
ചെന്നൈയിലെ വൈയിൽ യൂനിവേഴ്സിറ്റിയിലെ പി.ജി പഠനത്തിനുശേഷം എസ്.ബി.ഐക്ക് വേണ്ടി ഗസ്റ്റ് താരമായി കളിച്ചു. ആവർഷം എസ്.ബി.ഐ മേയർ കപ്പിൽ ജേതാക്കളായി. പിന്നീട് ഗോകുലം എഫ്.സിക്കായി കളിച്ച് കെ.പി.എല്ലിൽ ചാമ്പ്യൻപട്ടം. തൊട്ടടുത്ത വർഷം പരിക്കുമൂലം സീസൺ നഷ്ടമായെങ്കിലും ശേഷം കേരള യുനൈറ്റഡിനെ ചാമ്പ്യന്മാരാക്കി രാജകീയ തിരിച്ചുവരവ്. അതിനിടെ ദേശീയ ഗെയിംസിൽ വെള്ളി നേടിയ കേരള ടീമിനായും കളിച്ചു. ഈ സീസണിൽ സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സിക്ക് വേണ്ടിയാണ് ബൂട്ടണിഞ്ഞത്.
പ്രഥമ സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സി കിരീടം ചൂടിയപ്പോൾ പ്രതിരോധനിരയിൽ കോട്ട കെട്ടിയത് മനോജായിരുന്നു. പിന്നീട് ഹൈദരബാദിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരളത്തിനായും പന്തുതട്ടി. കലാശപ്പോരാട്ടത്തിൽ ബംഗാളിനോട് കേരളം പൊരുതിത്തോൽക്കുകയായിരുന്നു. കരിയറിന്റെ ആദ്യത്തിൽ വിങ്ങറായി കളിച്ചിരുന്ന മനോജിനെ നാട്ടുകാരനായ എഡിസനാണ് സ്റ്റോപ്പർ ബാക്കാക്കിയത്. കരിയർ ഗൈഡായ ക്ലിയോഫ് അലക്സും സർവ പിന്തുണയുമായി ഒപ്പമുണ്ട്. നിലവിൽ ചെന്നൈയിലെ ഇൻകം ടാക്സ് ഓഫിസിൽ ജോലി ചെയ്യുകയാണ് മനോജ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.