പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി എംബാപ്പെ
text_fields201ാം ഗോൾ നേടി പി.എസ്.ജിയുടെ ടോപ് സ്കോററായ കിലിയൻ എംബാപ്പെ അനുമോദനച്ചടങ്ങിൽ ആരാധകർക്കൊപ്പം
പാരിസ്: ഫ്രഞ്ച് ഫുട്ബാളിലെ ഒന്നാംനിര ക്ലബ്ബായ പാരിസ് സെന്റ് ജെർമനുവേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന ഖ്യാതി ഇനി കിലിയൻ എംബാപ്പെക്ക് സ്വന്തം. 247 മത്സരങ്ങളിൽ 201 തവണ എതിർവലയിൽ പന്തെത്തിച്ചാണ് 24കാരൻ ഈ നേട്ടം കൈക്കലാക്കിയത്.
ഉറുഗ്വായ് താരം എഡിസൺ കവാനിയായിരുന്നു ഇതുവരെ പി.എസ്.ജി ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരൻ. 200 ഗോൾ നേടാൻ കവാനിക്ക് 301 മത്സരങ്ങൾ വേണ്ടിവന്നെങ്കിൽ എംബാപ്പെ ഏറെ നേരത്തേ തന്നെ കുതിച്ചെത്തിയിരിക്കുകയാണ്. ഫ്രഞ്ച് ലീഗ് വണ്ണിൽ കഴിഞ്ഞ ദിവസം നടന്ന നാന്റസിനെതിരായ മത്സരത്തിൽ ഗോൾ നേടിയാണ് എംബാപ്പെ കവാനിയെ മറികടന്നത്.
കളിയിൽ രണ്ടിനെതിരെ നാല് ഗോളിന് പി.എസ്.ജി ജയിച്ചു. സൂപ്പർതാരം ലയണൽ മെസ്സിയിലൂടെ 12ാം മിനിറ്റിൽ ആതിഥേയരാണ് ആദ്യം ലീഡെടുത്തത്. നാന്റസിന്റെ ഫ്രഞ്ച് താരം ജാവൂൻ ഹദ്ജാമിന്റെ സെൽഫ് ഗോളിലൂടെ 17ാം മിനിറ്റിൽ പി.എസ്.ജി ലീഡ് ഉയർത്തി. 31ാം മിനിറ്റിൽ ലുഡോവിച് ബ്ലാസ് നാന്റസിനായി ഒരു ഗോൾ മടക്കി. 38ാം മിനിറ്റിൽ കാമറൂൺ താരം ഇഗ്നേഷ്യസ് ഗനാഗോയിലൂടെ ആദ്യ പകുതിയിൽത്തന്നെ സന്ദർശകർ ഒപ്പമെത്തുകയും ചെയ്തു.
എന്നാൽ, രണ്ടാം പകുതിയിൽ ഡാനിലോ പെരേരയിലൂടെ (60) പി.എസ്.ജി വീണ്ടും ലീഡെടുത്തു. ഇൻജുറി ടൈമിലാണ് എംബാപ്പെയുടെ (90+2) ഗോൾ പിറന്നത്. പരിക്കേറ്റ ബ്രസീലിയൻ താരം നെയ്മർ പി.എസ്.ജി നിരയിലില്ലായിരുന്നു. തകർപ്പൻ ജയത്തോടെ പി.എസ്.ജിയുടെ ലീഡ് 11 ആയി, 26 മത്സരങ്ങളിൽനിന്ന് 63 പോയന്റ്. രണ്ടാമതുള്ള ഒളിമ്പിക് മാർസെയിലിന് 25 മത്സരങ്ങളിൽനിന്ന് 52 പോയന്റും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.