ഓൾ സ്റ്റാർ മത്സരത്തിൽ കളിച്ചില്ല; മെസ്സിക്ക് സസ്പെൻഷൻ
text_fieldsജോർഡി ആൽബയും ലയണൽ മെസ്സിയും
മിയാമി (യു.എസ്): മേജർ സോക്കർ ലീഗിലെ (എം.എൽ.എസ്) ഓൾ സ്റ്റാർ മത്സരത്തിൽനിന്ന് കാരണമറിയിക്കാതെ വിട്ടുനിന്നുവെന്ന കുറ്റത്തിന് ഇന്റർ മിയാമിയുടെ ലയണൽ മെസ്സിക്കും സഹതാരം ജോർഡി ആൽബക്കും മത്സര വിലക്ക്. മെക്സികോ ലീഗിലെ എം.എക്സ് ഓൾ സ്റ്റാറുമായുള്ള മത്സരത്തിലാണ് മെസ്സിയും ആൽബയും കളിക്കാതിരുന്നത്. കളിയിൽ എം.എൽ.എസ് ഓൾ സ്റ്റാർ 3-1ന് ജയിച്ചിരുന്നു. ലീഗിലെ നിയമപ്രകാരം ഏതെങ്കിലും കളിക്കാരൻ അനുമതി വാങ്ങാതെ ഓൾ സ്റ്റാർ മത്സരത്തിൽനിന്ന് വിട്ടുനിന്നാൽ ക്ലബിന്റെ അടുത്ത മത്സരത്തിൽ പുറത്തിരിക്കണം.
എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ എഫ്.സി സിൻസിനാറ്റിക്കെതിരെ ഹോം മത്സരത്തിൽ മെസ്സിക്കും ആൽബക്കും കളിക്കാനാകില്ല. എഫ്.സി സിൻസിനാറ്റി ഈസ്റ്റേൺ കോൺഫറൻസ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മിയാമി അഞ്ചാം സ്ഥാനത്തും. തുടർച്ചയായ മത്സരങ്ങൾ കാരണം വിശ്രമം അനുവദിച്ചതാണെന്നാണ് ഇന്റർ മിയാമി അധികൃതർ അറിയിച്ചത്. 36 ദിവസത്തിനകം ഒമ്പതു മത്സരങ്ങൾ താരങ്ങൾ കളിച്ചിരുന്നു. കോൺകാകാഫ് ചാമ്പ്യൻസ് ലീഗ്, ലോകകപ്പ് യോഗ്യത മത്സരങ്ങളടക്കമുള്ളവ വേറെയും.
വിലക്കിൽ മെസ്സി തീർത്തും നിരാശനാണെന്നും ക്രൂരമായ ശിക്ഷയാണെന്നും ഇന്റർ മിയാമി ഉടമ ജോർജ് മാസ് പറഞ്ഞു. മെസ്സിക്കും ആൽബക്കും തീരുമാനം മനസ്സിലാകുന്നില്ല. പ്രദർശന മത്സരത്തിൽ പങ്കെടുക്കാത്തത് നേരിട്ട് സസ്പെൻഷനിലേക്ക് നയിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല. ഓൾ സ്റ്റാർ മത്സരം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ആറ് എം.എൽ.എസ് മത്സരങ്ങൾ നടത്തിയതെന്തിനെന്നും മിയാമി ഉടമ ചോദിച്ചു.
തിരക്കേറിയ ഷെഡ്യൂളായതിനാൽ മെസ്സിക്ക് വിശ്രമം നൽകുകയായിരുന്നു. ആൽബയ്ക്ക് മുമ്പ് പരിക്കുണ്ടായിരുന്നെന്നും ജോർജ് മാസ് പറഞ്ഞു. വെള്ളിയാഴ്ച മെസ്സിയും ആൽബയും പരിശീലനം നടത്തിയിരുന്നു.
ഓൾ സ്റ്റാർ മത്സരത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ദീർഘകാലമായുള്ള നയം നടപ്പാക്കേണ്ടിവന്നെന്നും അതു വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നെന്നും എം.എൽ.എസ് കമീഷണർ ഡോൺ ഗാർബർ പറഞ്ഞു. മെസ്സി ഈ ലീഗിനെ ഇഷ്ടപ്പെടുന്നുണ്ടെന്നും മേജർ ലീഗ് സോക്കറിനായി മെസ്സിയെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്ത മറ്റാരെങ്കിലുമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നയം പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.