ഒടുവിൽ മന്ത്രിയും പറഞ്ഞു; മെസ്സി വരില്ല ട്ടാ....
text_fieldsതിരുവനന്തപുരം: ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലേക്ക് ഇല്ലെന്ന് സ്ഥിരീകരിച്ച് സംസ്ഥാന കായിക മന്ത്രി വി. അബ്ദുർറഹ്മാൻ. ലോകചാമ്പ്യന്മാരായ അർജന്റീന ഒക്ടോബർ-നവംബർ വിൻഡോയിൽ കേരളത്തിലെത്തുമെന്ന സ്വന്തം ഉറപ്പ് തിരുത്തികൊണ്ടാണ് മന്ത്രി രംഗത്തെത്തിയത്. ഈ വർഷം ഒക്ടോബറിൽ ടീമിന് കേരളത്തിലെത്താനാവില്ലെന്ന് അർജന്റീന ടീം ഔദ്യോഗികമായി അറിയിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ടീം കേരളത്തിൽ കളിക്കാനെത്തുന്നത് സംബന്ധിച്ച് കരാറിൽ ഒപ്പുവെച്ചതായും, ഇതിന്റെ അടിസ്ഥാനത്തിൽ സ്പോൺസർമാർ നിശ്ചിത തുക അടച്ചതായും മന്ത്രി പറഞ്ഞു. പണം സ്വീകരിച്ച ശേഷമാണ് ഈ വർഷത്തെ കലണ്ടറിൽ കേരളത്തിലെത്താൻ കഴിയില്ലെന്ന് അറിയിച്ചത്. 2026ൽ വരാമെന്ന് അർജന്റീന വാഗ്ദാനം ചെയ്തുവെങ്കിലും ഇത് നിരസിച്ചതായും മന്ത്രി പറഞ്ഞു. ‘അടച്ച തുക തിരിച്ചു ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര കായിക മാന്ത്രാലയം, ധനകാര്യവകുപ്പ്, റിസർവ് ബാങ്ക് എന്നിവയുടെ അനുമതിയോടെയാണ് പണമടച്ചത്. പിൻമാറ്റം കാരണം സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായാൽ പൂർണ ഉത്തരവാദിത്തം അർജന്റീനക്കാണ്. എന്നാൽ, സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായാൽ അർജന്റീന ഫുട്ബാളായിരിക്കും ഉത്തരവാദികൾ’- മന്ത്രി പറഞ്ഞു.
ഡിസംബറിൽ ലയണൽ മെസ്സിയുടെ ഇന്ത്യയിലെ സ്വകാര്യ പര്യടനം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കേരളത്തിലേക്കില്ലെന്ന് വാർത്തകൾ വന്നിരുന്നു. മുംബൈ, കൊൽക്കത്ത നഗരങ്ങളിലാണ് ഇതിഹാസ താരമെത്തുന്നത്.
ലോകകപ്പിന് മുന്നോടിയായുള്ള മെസ്സിയുടെയും സംഘത്തിന്റെയും പര്യടനത്തിൽ കേരളമുണ്ടാവില്ലെന്ന് ഫുട്ബാൾ വിദഗ്ധർ നേരത്തെ പ്രതികരിച്ചുവെങ്കിലും ടീം എത്തുമെന്ന ഉറപ്പിലായിരുന്നു മന്ത്രി. ഇത്തരത്തിൽ ഫേസ് ബുക്ക് പോസ്റ്റും മന്ത്രി പങ്കുവെച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.