മെസ്സിപ്പട കേരളത്തിലേക്ക്; എതിർ ടീമാവാൻ താൽപര്യമറിയിച്ച് ആസ്ട്രേലിയ -മന്ത്രി വി. അബ്ദുറഹ്മാൻ
text_fieldsലയണൽ മെസ്സി, മന്ത്രി വി. അബ്ദുറഹ്മാൻ
തിരുവനന്തപുരം: മലയാളി ഫുട്ബാൾ ആരാധകർക്കുള്ള അർജന്റീനയുടെ ഓണസമ്മാനമാണ് കേരളത്തിലേക്കുള്ള വരവ് എന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. നവംബർ 10 മുതൽ 18 വരെയുള്ള ഷെഡ്യൂളിൽ അർജന്റീനയുടെയും ലയണൽ മെസ്സിയുടെയും കേരളത്തിലേക്കുള്ള വരവ് സ്ഥിരീകരിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എതിരാളികൾ ആരെന്ന് ഉടൻ പ്രഖ്യാപിക്കും. ഫിഫ റാങ്കിങ്ങിലുള്ള ടീമായിരിക്കും ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനക്കെതിരെ മത്സരിക്കുന്നത്. 2026 ലോകകപ്പിന് യോഗ്യത നേടിയ ആസ്ട്രേലിയൻ ടീം കളിക്കാൻ താൽപര്യം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. മറ്റു ശക്തരായ രണ്ട് ടീമുകൾ കൂടി പരിഗണനയിലുണ്ട്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണത്തോടെ പ്രഖ്യാപനമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഏഷ്യയിൽ നിന്നും ലോകകപ്പിന് യോഗ്യത നേടിയ ടീമുകളിൽ ഒന്നാണ് ആസ്ട്രേലിയ. ഫിഫ റാങ്കിങ്ങിൽ 24ാം സ്ഥാനക്കാരാണ് സോക്കറൂസ് എന്ന് വിളിപ്പേരുകാരായ ആസ്ട്രേലിയ.
സ്റ്റേഡിയത്തിലെത്തി മത്സരങ്ങൾ കണാൻ ആരാധകർക്ക് സൗകര്യമൊരുക്കും. സ്റ്റേഡിയത്തിലെത്താൻ കഴിയാത്ത കേരളത്തിലെ ആരാധകർക്കും ഇഷ്ട താരങ്ങളെ കാണാൻ വഴിയൊരുക്കും.
ഔദ്യോഗിക രേഖകൾ വെച്ചല്ല മാധ്യമങ്ങൾ ഇതു സംബന്ധിച്ച് ഇതുവരെ സംസാരിച്ചതെന്നും, ഇത്‍ വസ്തുതക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു. സ്പോൺസർമാർ സർക്കാറിനൊപ്പം നിന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷത്തോളമായി തുടരുന്ന അനിശ്ചിതത്വത്തിനൊടുവിൽ ശനിയാഴ്ച രാവിലെയോടെയാണ് അർജന്റീന ഫുട്ബാൾ അസോസിയേഷൻ കേരളത്തിലേക്കുളള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒക്ടോബർ-നവംബർ മാസങ്ങളിലെ സൗഹൃദ മത്സര ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് ടീമിന്റെ കേരളത്തിലേക്കുള്ള വരവ്. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാകും മത്സരത്തിന്റെ വേദിയെന്നാണ് സൂചന. ഇതു സംബന്ധിച്ചും ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടക്കും.
2026 ലോകകപ്പിന് യോഗ്യത നേടി, വിശ്വമേളക്കായി അർജന്റീന തയ്യാറെടുക്കുന്നതിനിടെയാണ് അർജന്റീനയുടെ കേരളത്തിലേക്കുള്ള വരവ് പ്രഖ്യാപിച്ചത്. 2022 ലോകകപ്പ് കിരീട നേടിയതിനു പിന്നാലെ അർജന്റീനയാണ് ഇന്ത്യയിൽ കളിക്കാൻ ആദ്യമായി സന്നദ്ധത അറിയിച്ചത്. എന്നാൽ, ഭാരിച്ച ചിലവ് താങ്ങാൻ കഴിയില്ലെന്ന് അറിയിച്ച് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ പിൻവാങ്ങിയതോടെയാണ് കേരളം വേദിയൊരുക്കാമെന്ന് അറിയിച്ച് മുന്നോട്ട് വന്നത്. ഇതിന്റെ തുടർ നടപടിയെന്ന നിലയിൽ കായിക മന്ത്രി വി. അബ്ദുൽറഹ്മാൻ സ്പെയിനിലെത്തി അർജന്റീന ഫുട്ബാൾ ഭാരവാഹികളുമായി കൂടികാഴ്ച നടത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.