മെസ്സി കേരളത്തിലേക്കില്ല; ഡിസംബറിൽ നാലു ഇന്ത്യൻ നഗരങ്ങൾ താരം സന്ദർശിക്കും
text_fieldsകൊൽക്കത്ത: ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സന്ദർശനത്തിനായി എത്തുന്ന സോക്കർ ഇതിഹാസം ലയണൽ മെസ്സി ആദ്യമിറങ്ങുക കൊൽക്കത്തയിൽ. മുംബൈയിൽ പരിപാടിക്കായി വാംഖഡെ സ്റ്റേഡിയം ബുക്ക് ചെയ്തുകഴിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഡിസംബർ 12ന് രാത്രി 10 മണിയോടെയാണ് കൊൽക്കത്തയിൽ താരം ഇറങ്ങുക. ഇവിടെ രണ്ടു നാൾ തങ്ങിയ ശേഷമാകും മറ്റിടങ്ങളിലെ പരിപാടികൾ. കൊൽക്കത്തയിൽ രാവിലെ ഒമ്പതിന് ആദ്യം ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടി. അതുകഴിഞ്ഞ് വി.ഐ.പി റോഡിൽ തന്റെ തന്നെ 70 അടി പ്രതിമ അനാച്ഛാദനം. ലോകത്തെവിടെയുമായി ഉയർത്തുന്ന താരത്തിന്റെ ഏറ്റവും ഉയർന്ന പ്രതിമയാകും ഇതെന്ന് സംഘാടകർ പറയുന്നു. അതുകഴിഞ്ഞ് ഉച്ചയോടെ ‘ഗോട്ട് കൺസേർട്ട്’, ‘ഗോട്ട് കപ്പ്’ എന്നിവക്കായി ഈഡൻ ഗാർഡൻസിൽ. ഉച്ച 12നും 1.30നുമായിട്ടാകും പരിപാടികൾ. ഇവിടെ സെവൻസ് ഫുട്ബാളിൽ താരം പന്തുതട്ടും. സൗരവ് ഗാംഗുലി, ലിയാണ്ടർ പെയസ്, ജോൺ അബ്രഹാം, ബൈച്ചുങ് ഭൂട്ടിയ എന്നിവരടങ്ങിയ താരനിര സഹതാരങ്ങളായിറങ്ങും. എല്ലാ പരിപാടികളിലും 3,500 രൂപയിൽ കുറയാത്ത നിരക്കുള്ള ടിക്കറ്റ് വെച്ചാകും പ്രവേശനം. 68,000 ആണ് ഈഡൻ ഗാർഡൻസിൽ പരമാവധി ഗാലറി സീറ്റുകൾ. ഇവിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആദരിക്കൽ ചടങ്ങിൽ എത്തും.
ഡിസംബർ 13ന് അഹ്മദാബാദിലെത്തുന്ന മെസ്സി അവിടെ അദാനി ഫൗണ്ടേഷൻ ആസ്ഥാനമായ ശാന്തിഗ്രാമിൽ ഒരുക്കുന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കും. ഡിസംബർ 14ന് മുംബൈയിൽ പരിപാടികൾ. വാംഖഡെ മൈതാനത്ത് ‘ഗോട്ട് കൺസേർട്ട്’, ‘ഗോട്ട് കപ്പ്’ നടക്കും. 5.30നാണ് പരിപാടി.
ഡിസംബർ 15ന് ഡൽഹിയിലെത്തുന്ന താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണും. അവിടെ ഉച്ച 2.15ന് ഫിറോസ് ഷാ കോട്‍ലയിലാകും ‘ഗോട്ട് കൺസേർട്ട്’, ‘ഗോട്ട് കപ്പ്’. മെസ്സിയെത്തുമ്പോൾ കൂടെ വൻതാരനിരയുമുണ്ടാകും.
അതേ സമയം, താരം കേരളത്തിലെത്താൻ സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. നവംബറിൽ മെസ്സിയെത്തുമെന്ന് നേരത്തെ മന്ത്രി വി. അബ്ദു റഹ്മാൻ പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.