മെസ്സി പരിപാടിയുടെ സംഘാടകർ അറസ്റ്റിൽ, പരസ്യമായി മാപ്പ് പറഞ്ഞ് മമത, സ്റ്റേഡിയത്തിൽ കലാപ വിരുദ്ധ സേന
text_fieldsകൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെസ്സി പരിപാടി സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെ സംഘാടകർ അറസ്റ്റിൽ. സംഭവത്തിൽ മെസ്സിയോടും ആരാധകരോടും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി മാപ്പ് പറഞ്ഞു. സർക്കാറിനെ കുറ്റപ്പെടുത്തി ബി.ജെ.പി രംഗത്തെത്തി.
‘എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി’ന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ശതാദ്രു ദത്തയെ അറസ്റ്റ് ചെയ്തതായും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. അർജന്‍റൈൻ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെ ഒരു നോക്കുകാണാനായി ആയിരക്കണക്കിന് പേരാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. 4000 മുതൽ 25,000 രൂപവരെയാണ് ടിക്കറ്റിന് നൽകിയത്. എന്നാൽ, രണ്ടു മണിക്കൂർ നീണ്ടുനിൽക്കുമെന്ന പരിപാടി അരമണിക്കൂർ പോലും നടത്താതെ അവസാനിപ്പിച്ചു.
വൻതുക കൊടുത്ത് ടിക്കറ്റെടുത്തവർക്ക് മെസ്സിയുടെ ഒരു മിന്നായം പോലും കാണാനായില്ല. മുഖ്യമന്ത്രി മമത, ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ, മുൻ ഇന്ത്യൻ ക്രിക്കറ്റർ സൗരവ് ഗാംഗുലി എന്നിവർ സ്റ്റേഡിയത്തിൽ മെസ്സിക്കൊപ്പം ഒന്നിക്കുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല. പിന്നാലെയാണ് രോഷാകുലരായ ആരാധകർ അക്രമാസക്തരായത്. സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയ ആരാധകരിൽ ചിലർ പരിപാടിക്കായി ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിപ്പിച്ചു. ഗാലറിയിൽനിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. പൊലീസ് ലാത്തി വീശിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.
സ്റ്റേഡിയത്തിൽ കലാപ വിരുദ്ധ സേനയെ വിന്യസിച്ചു. സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവം അന്വേഷിക്കാനായി സർക്കാർ പ്രത്യേക സമിതിക്ക് രൂപം നൽകിയതായി പശ്ചിമ ബംഗാൾ ഡി.ജി.പി രാജീവ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ടിക്കറ്റ് തുക മടക്കി നൽകുമെന്ന് സംഘാടകർ ഉറപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തതായും മുഖ്യ സംഘാടകനെ അറസ്റ്റ് ചെയ്തതായും ഡി.ജി.പി വ്യക്തമാക്കി. പരിപാടി സംഘടിപ്പിച്ചവരുടെ കെടുകാര്യസ്ഥതയാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായും മമത പറഞ്ഞു. ദൗർഭാഗ്യകരമായ സംഭവത്തിൽ മെസ്സിയോടും അദ്ദേഹത്തിന്‍റെ ആരാധകരോടും കായിക പ്രേമികളോടും മാപ്പു ചോദിക്കുന്നതായി മമത എക്സിൽ കുറിച്ചു.
മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മെസ്സിയുടെ ആദ്യ പരിപാടിയായിരുന്നു കൊൽക്കത്തയിലേത്. ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലും മെസ്സിക്ക് പരിപാടികളുണ്ട്. സമൂഹമാധ്യമങ്ങളിൽ രൂക്ഷമായാണ് ആരാധകർ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

