രണ്ടടിയിൽ ജയംപിടിച്ച് മോഹൻ ബഗാൻ; ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി
text_fieldsമോഹൻ ബഗാൻ - കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽനിന്ന് (Photo: X/@mohunbagansg)
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവിയോടെ തുടങ്ങി. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനോട് എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പരാജയം. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യ പകുതിയിൽ ജെമി മക് ലാരനും (36) ഇൻജുറി ടൈമിൽ മൈക്കൽ ആൽഡ്രെഡുമാണ് (90+7) ആതിഥേയർക്കായി സ്കോർ ചെയ്തത്.
ആദ്യ പകുതിയിൽ പന്തിനുമേൽ കൂടുതൽ നിയന്ത്രണം പുലർത്തിയ ബഗാൻ തുടർച്ചയായ സമ്മർദമാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് മേൽ ചെലുത്തിയത്. എന്നാൽ, കൃത്യമായ അച്ചടക്കത്തോടെ നിലയുറപ്പിച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര ആതിഥേയരുടെ ആക്രമണങ്ങളെ തടഞ്ഞുനിർത്തി. ദിമിത്രിയോസ് പെട്രാറ്റോസ്, ജെമി മക്ലാരൻ എന്നിവരുടെ ഗോളെന്നുറച്ച നീക്കങ്ങൾ സച്ചിൻ സുരേഷ് തടഞ്ഞിട്ടു. എന്നാൽ, 36ാം മിനിറ്റിൽ മക് ലാരനിലൂടെ ബഗാൻ ലീഡെടുത്തു. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകത പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തി.
പകരക്കാരായി എത്തിയ മർലോൺ ട്രൂജിലോയും നവോച്ച സിങ്ങും വേഗത നൽകി. 56ാം മിനിറ്റിൽ നിഹാലിനു പകരക്കാരനായെത്തിയ കെവിൻ യോക്ക് വിങ്ങിലൂടെ നടത്തിയ കുതിപ്പുകൾ മോഹൻ ബഗാൻ പ്രതിരോധത്തെ പലപ്പോഴും സമ്മർദത്തിലാക്കി. 77ാം മിനിറ്റിൽ കെവിൻ നൽകിയ മികച്ചൊരു ക്രോസ് ഗോളാക്കാൻ വിക്ടർ ബെർട്ടോമിയുവിന് സാധിച്ചില്ല. 85ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിനെ ഫൗൾ ചെയ്തതിനെ തുടർന്ന് കിട്ടിയ ഫ്രീകിക്ക് എടുത്ത മാർലോണിനു ലക്ഷ്യം കാണാനായില്ല. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ആൽഡ്രെഡിലൂടെ ബഗാൻ രണ്ടാം ഗോൾ നേടി ജയമുറപ്പാക്കി. ഫെബ്രുവരി 22ന് മുംബൈ സിറ്റിക്കെതിരെ കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത അങ്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

