Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീലയും വെള്ളയും പൂത്തപ്പോൾ ‘സാൽവിയ മെസ്സി’; മെസ്സിയുടെ പേരിൽ ഇനി പൂവും

text_fields
bookmark_border
നീലയും വെള്ളയും പൂത്തപ്പോൾ ‘സാൽവിയ മെസ്സി’; മെസ്സിയുടെ പേരിൽ ഇനി പൂവും
cancel

ദുബൈ: ഫുട്ബാൾ മൈതാനത്തെ വിസ്മയങ്ങൾക്കപ്പുറം ലയണൽ മെസ്സിയുടെ പേര് ഇനി സസ്യശാസ്ത്ര ലോകത്തും. അർജന്റീന ഫുട്ബാൾ ഇതിഹാസത്തിന്റെ ബഹുമാനാർഥം പെറുവിലെ ആൻഡീസ് മലനിരകളിൽ കണ്ടെത്തിയ പുതിയ സസ്യവർഗത്തിന് സാൽവിയ മെസ്സി (Salvia messii) എന്ന് പേരിട്ടു. മെസ്സി ദേശീയ ടീമിനായി അണിയുന്ന അർജന്റീന ജഴ്സിയുടെ ആകാശനീലയും വെള്ളയും നിറങ്ങളിലുള്ള പൂക്കളാണ് സസ്യത്തിന് ഈ പേര് നൽകാൻ ഗവേഷകരെ പ്രേരിപ്പിച്ചത്.

പെറുവിലെ മധ്യ, തെക്കൻ ആൻഡീസ് മലനിരകളിൽ മാത്രം കാണപ്പെടുന്ന സസ്യവർഗമാണിത്. പുതിന ഉൾപ്പെടുന്ന ലാമിയേസീ സസ്യകുടുംബത്തിൽപ്പെട്ട സുഗന്ധമുള്ള കുറ്റിച്ചെടിയാണിത്. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യം സമുദ്രനിരപ്പിൽനിന്ന് 2,000 മുതൽ 2,400 മീറ്റർ വരെ ഉയരത്തിലുള്ള പാറക്കെട്ടുകൾ നിറഞ്ഞ മലഞ്ചെരിവുകളിലാണ് കാണപ്പെടുന്നത്.

മെസ്സിയുടെ പേരിൽ അറിയപ്പെടുന്ന ഈ സസ്യത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പരിമിതമായ പ്രദേശങ്ങളിൽ മാത്രം വളരുന്നതിനാൽ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലാണ് ഗവേഷകർ ഇതിനെ പ്രാഥമികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ആവർത്തിച്ചുണ്ടാകുന്ന കാട്ടുതീ, റോഡ് നിർമാണം, നീണ്ടുനിൽക്കുന്ന വരൾച്ച തുടങ്ങിയവ സസ്യത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നുണ്ട്. പെറുവിലെ ലിമ, ഇക്ക മേഖലകളിലെ ആറു പ്രദേശങ്ങളിൽ മാത്രമാണ് ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്.

പെറുവിലെയും അർജന്റീനയിലെയും സസ്യശാസ്ത്ര ഗവേഷകർ ചേർന്നാണ് പുതിയ സസ്യവർഗത്തെക്കുറിച്ചുള്ള പഠനം നടത്തിയത്. പൗൾ ഗോൺസാലസ്, റൊളാണ്ടോ ഉറിയ, ജീൻ കാപ്ചാ-റാമോസ് എന്നിവരാണ് ഗവേഷകർ. ഇവരുടെ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ Phytotaxaയിൽ ഒക്ടോബർ രണ്ടിന് പ്രസിദ്ധീകരിച്ചു. സസ്യത്തിന്റെ സവിശേഷമായ രൂപഘടനയും പൂക്കളുടെ നിറവും വിശദമായി പരിശോധിച്ച ശേഷമാണ് പുതിയ സസ്യവർഗമായി ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

ഫുട്ബാളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ മെസ്സിയുടെ പേരിൽ സ്റ്റേഡിയങ്ങളും തെരുവുകളും വിവിധ ആദരങ്ങളും ഇതിനകം ഉണ്ടായിട്ടുണ്ട്. അതിനിടയിലാണ് പ്രകൃതിയുടെ ലോകത്തുനിന്നുള്ള ഈ വ്യത്യസ്ത ആദരം. എന്നാൽ മെസ്സിയുടെ പേരിൽ അറിയപ്പെടുന്ന സസ്യത്തിന്റെ കണ്ടെത്തൽ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. അപൂർവ സസ്യവർഗങ്ങളുടെ നിലനിൽപ്പിനായി അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഈ പഠനം വ്യക്തമാക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New Flower Named After Messi
Next Story