മെസ്സിക്കും സുവാരസിനുമൊപ്പം വീണ്ടും നെയ്മർ?... നെയ്മർ ഇന്റർ മയാമിയിലേക്കെന്ന് സൂചന
text_fieldsമയാമി: ഫുട്ബാൾ ലോകത്തെ എക്കാലത്തെയും മികച്ച മുന്നേറ്റനിരകളിലൊന്നായ 'എം.എസ്.എൻ' (മെസ്സി, സുവാരസ്, നെയ്മർ) പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കാൻ സാധ്യത. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസ് വിട്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ ഫുട്ബാൾ ലോകത്ത് സജീവമാകുന്നത്. ഇതോടെ ലയണൽ മെസ്സിക്കും ലൂയിസ് സുവാരസിനുമൊപ്പം നെയ്മർ വീണ്ടും കളത്തിലിറങ്ങുമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകർ.
മുപ്പത്തിനാലുകാരനായ നെയ്മർ തന്റെ കരിയറിലെ നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. 2026 ഡിസംബർ 31-നാണ് സാന്റോസുമായുള്ള അദ്ദേഹത്തിന്റെ കരാർ അവസാനിക്കുന്നത്. ക്ലബ്ബുമായി കരാർ പുതുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, നെയ്മർ മറ്റൊരു ക്ലബ്ബിലേക്ക് മാറാൻ തീരുമാനിച്ചാൽ ഇന്റർ മിയാമി അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറിയേക്കും.
അടുത്തിടെ ചാപെകോയൻസിനെതിരായ മത്സരത്തിൽ 2-2 ന് സാന്റോസ് സമനില വഴങ്ങിയതിന് പിന്നാലെ ക്ലബ്ബും നെയ്മറും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണതായി റിപ്പോർട്ടുകളുണ്ട്. പരിശീലന കേന്ദ്രത്തിലെത്തിയ താരം, ആദ്യ ഇലവനിൽ ഇറങ്ങിയവർക്കായുള്ള റിക്കവറി സെഷനിൽ പങ്കെടുക്കാതെ മടങ്ങിയത് ക്ലബ്ബിനുള്ളിൽ അതൃപ്തിക്ക് കാരണമായിരുന്നു. എന്നാൽ പിന്നീട് താരം പരിശീലനത്തിന് തിരിച്ചെത്തിയതിനാൽ ക്ലബ്ബ് അച്ചടക്ക നടപടികളിലേക്ക് കടന്നില്ല. ഈ വർഷാവസാനം വരെയാണ് കരാർ ഉള്ളതെന്നതിനാൽ, ക്ലബ്ബിൽ തുടരണമോ അതോ വിരമിക്കണമോ എന്നതടക്കമുള്ള തുറന്ന തീരുമാനങ്ങൾ നെയ്മറുടെ മുന്നിലുണ്ട്. ഇതിനിടയിലാണ് ഇന്റർ മിയാമിയിലേക്കുള്ള മാറ്റം ശക്തമായ ചർച്ചയാകുന്നത്.
ബാഴ്സലോണയിൽ 2014 മുതൽ 2017 വരെ ഫുട്ബോൾ ലോകം അടക്കിഭരിച്ച എം.എസ്.എൻ കൂട്ടുകെട്ട് വീണ്ടും കാണാൻ ആരാധകർക്ക് ഇത് വലിയൊരു അവസരമാണ് നൽകുന്നത്. ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഇതിനകം തന്നെ ഇന്റർ മിയാമിയിൽ ഒന്നിച്ചു കളിക്കുന്നുണ്ട്. ഇവർക്കൊപ്പം നെയ്മർ കൂടി എത്തിയാൽ അമേരിക്കൻ ലീഗിൽ അത് പുതിയ ഓളങ്ങൾ സൃഷ്ടിക്കും.
ബാഴ്സലോണയിൽ ഒന്നിച്ച് കളിച്ച കാലയളവിൽ ചാമ്പ്യൻസ് ലീഗ് അടക്കം ഒൻപത് പ്രധാന കിരീടങ്ങളാണ് ഈ ത്രയം സ്വന്തമാക്കിയത്. 2015-ൽ ഈ മൂന്ന് പേരും ചേർന്ന് എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി 122 ഗോളുകൾ നേടിയത് ചരിത്രത്തിന്റെ ഭാഗമാണ്. 2017-ൽ നെയ്മർ പി.എസ്.ജിയിലേക്ക് 222 ദശലക്ഷം യൂറോയുടെ റെക്കോർഡ് തുകയ്ക്ക് മാറിയതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. പിന്നീട് മെസ്സിയും പി.എസ്.ജിയിൽ എത്തിയെങ്കിലും 2023-ൽ അദ്ദേഹം ഇന്റർ മിയാമിയിലേക്ക് പോയി. പിന്നാലെ സുവാരസും അവിടെയെത്തി. ഇപ്പോൾ നെയ്മർ കൂടി അവിടെയെത്തിയാൽ ആ പഴയ ബാഴ്സലോണ തലമുറയുടെ പൂർണ്ണമായ കൂടിച്ചേരലായി മാറും അത്.
നെയ്മറും ഇന്റർ മിയാമിയും തമ്മിൽ ഇതുവരെ ഔദ്യോഗികമായി കരാറുകളൊന്നും ഒപ്പുവെച്ചിട്ടില്ല. തുടർച്ചയായ പരിക്കുകളും സ്ഥിരമായി കളിക്കാൻ സാധിക്കാത്തതും നെയ്മറുടെ ഫിറ്റ്നെസിനെ ബാധിച്ചിട്ടുണ്ട് എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. എന്നിരുന്നാലും, സ്പോർട്ടിങ്-കൊമേഴ്സ്യൽ തലങ്ങളിൽ ഈ നീക്കം ഇന്റർ മിയാമിക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. സാന്റോസ് താരത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുമ്പോൾ, ഫുട്ബോൾ ലോകം വീണ്ടുമൊരു 'എം.എസ്.എൻ' മാജിക്കിനായി ഉറ്റുനോക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

