ആസ്ട്രേലിയയിൽ നിന്നുള്ള എൻ.ഒ.സി വൈകി; റയാൻ വില്യംസിന് ഇന്ത്യൻ ടീമിൽ അരങ്ങേറാനായില്ല
text_fieldsറയാൻ വില്യംസ്, ധാക്കയിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിൽനിന്ന്
ധാക്ക: ഇന്ത്യൻ ടീമിലിടം ലഭിച്ച ആസ്ട്രേലിയൻ താരം റയാൻ വില്യംസിന് നീല ജഴ്സിയിൽ ചൊവ്വാഴ്ച അരങ്ങേറ്റം കുറിക്കാനായില്ല. ആസ്ട്രേലിയയിൽനിന്ന് നിരാക്ഷേപ പത്രം ലഭിക്കാൻ വൈകിയതിനാലാണിത്.
എൻ.ഒ.സി ചൊവ്വാഴ്ചയാണ് ലഭിച്ചതെന്നും കടലാസ് പണികൾക്കായി രാജ്യാന്തര ഫുട്ബാൾ ഫെഡറേഷന് കൈമാറിയിട്ടുണ്ടെന്നും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ വൃത്തങ്ങൾ അറിയിച്ചു. എ.എഫ്.സി രജിസ്ട്രേഷൻ ലഭിച്ചാലേ കളിക്കാനാവൂ. ഇതു കാരണം ബംഗ്ലാദേശിനെതിരായ എ.എഫ്.സി ഏഷ്യൻ കപ്പ് സ്ക്വാഡിലുണ്ടായിട്ടും റയാന് ഇറങ്ങാനായില്ല. നീണ്ട പരിശ്രമത്തിനൊടുവിൽ പൗരത്വവും പാസ്പോർട്ടും സ്വന്തമാക്കി ദേശീയ ടീം ക്യാമ്പിലേക്ക് വിളിയെത്തിയ സ്ട്രൈക്കർ ഇന്ത്യൻ പാസ്പോർട്ടിൽ ആദ്യ സീലും പതിഞ്ഞതോടെയാണ് ദേശീയ ടീമിനൊപ്പം ധാക്കയിലെത്തിയത്.
ഇന്ത്യൻ വംശജരായി പിറന്ന് വിദേശരാജ്യങ്ങൾക്കായി കളിക്കുന്നവരെ ദേശീയ ടീമിൽ ഉൾപ്പെടുത്താനുള്ള അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തീരുമാനം റയാന് വഴിയൊരുക്കുകയായിരുന്നു. ആസ്ട്രേലിയൻ യൂത്ത് ടീമിനായി നിരവധി മത്സരങ്ങൾ കളിച്ച താരം സീനിയർ സംഘത്തിനായി ഒരു സൗഹൃദ കളിയിലും പന്തുതട്ടി.
പെർത്തിൽ ജനിച്ച 32കാരൻ റയാന്റെ മാതാവ് മുംബൈയിലെ ആംഗ്ലോ-ഇന്ത്യൻ കുടുംബാംഗമാണ്. ഇംഗ്ലണ്ടിൽ ഫുൾഹാമിനായും പോർട്സ്മൗത്തിനായും പന്തുതട്ടിയ താരം 2023 മുതൽ ബംഗളൂരു എഫ്.സിയിലാണ്. ഇവർക്കായി 46 കളികളിൽ 13 ഗോൾ നേടി.
ബംഗ്ലാദേശിനോട് തോറ്റു; ഏഷ്യ കപ്പ് ക്വാളിഫയറിൽ ഇന്ത്യക്ക് വീണ്ടും നിരാശ
2027 ഏഷ്യ കപ്പിനുള്ള ക്വാളിഫയർ മത്സരങ്ങളിലെ ഇന്ത്യൻ തിരിച്ചടി തുടരുന്നു. ബംഗ്ലാദേശിനോടും തോറ്റതോടെ ഏഷ്യകപ്പിൽ അന്തിമ ടീമുകളുടെ കൂട്ടത്തിൽ സ്ഥാനം ഉറപ്പിക്കൽ ഇന്ത്യയെ സംബന്ധിച്ചടുത്തോളം അസാധ്യമായി മാറി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചത്. 11 മിനിറ്റിൽ ഷെയ്ഖ് മൊർസാലിൻ നേടിയ ഗോളിലാണ് ബംഗ്ലാദേശിന്റെ ജയം. കാണികളുടെ വലിയ പിന്തുണയോടെയാണ് മത്സരത്തിൽ ബംഗ്ലാദേശ് കളിക്കാനിറങ്ങിയത്.
ആദ്യ ഗോൾ വീണതിന് പിന്നാലെ സമനില പിടിക്കാൻ 31ാം മിനിറ്റിൽ ഇന്ത്യക്ക് സുവർണാവസരം കൈവന്നിരുന്നു. ഗോളിയുടെ പിഴവിൽ നിന്ന് ഓപ്പൺ പോസ്റ്റിന് നേരെ ലാലിൻസുലാല ഉതിർത്ത ഷോട്ട് ബംഗ്ലാദേശിന്റെ ഹംസ ചൗധരി അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു. നേരത്തെ ഒക്ടോബർ 14ന് സിംഗപ്പൂരിനെതിരെ ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷം തോറ്റതോടെ ഇന്ത്യയുടെ ഏഷ്യ കപ്പ് സാധ്യതകൾ തുലാസിലായിരുന്നു. ബംഗ്ലാദേശിനെതിരായ തോൽവിയോടെ നാല് ടീമുകളുള്ള ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഇന്ത്യ. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് തോൽവിയും രണ്ട് സമനിലയുമായി രണ്ട് പോയിന്റാണ് ഇന്ത്യക്കുള്ളത്.
അഞ്ച് മത്സരങ്ങളിൽ ആദ്യജയം കുറിച്ച ബംഗ്ലാദേശ് മൂന്നാമതാണ്. മാർച്ച് 25ന് ഇരു ടീമുകളും ഷില്ലോങ്ങിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. 22 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ബംഗ്ലാദേശ് മണ്ണിൽ കളിക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ കളിക്കുണ്ടായിരുന്നു. 2026 മാർച്ച് 31നാണ് ഇന്ത്യ അവസാന ക്വാളിഫയർ മത്സരം. ഹോങ്കോങ്ങുമായിട്ടാണ് ഇന്ത്യയുടെ കളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

