മൗറീഷ്യോക്ക് ഹാട്രിക്; ഗോകുലത്തെ കീഴടക്കി ഒഡിഷ ഏഷ്യൻ കപ്പിന്
text_fieldsകോഴിക്കോട്: സൂപ്പർ ലീഗ് ജേതാക്കളായതിനു പിന്നാലെ ഒഡിഷ എഫ്.സിക്ക് എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതയും. ബ്രസീൽ താരം ഡീഗോ മൗറീഷ്യോയുടെ ഹാട്രിക് പിൻബലത്തിലാണ് ഗോകുലം കേരള എഫ്.സിയെ അവർ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയത്.
18, 32 മിനിറ്റുകളിൽ ഗോൾ നേടിയ സൂപ്പര്‍ സ്‌ട്രൈക്കര്‍ മൗറീഷ്യോ 52ാം മിനിറ്റിൽ പെനാല്‍റ്റിയും വലയിലാക്കി. അഫ്ഗാൻ താരം ഫര്‍ഷാദ് നൂര്‍ (36) ഗോകുലത്തിനായി ഗോളടിച്ചു. ബംഗളൂരുവിനെതിരെ ഫൈനലില്‍ കാണിച്ച കരുത്ത് ഒഡിഷ തുടരുകയായിരുന്നു. ഒഡിഷ സൂപ്പർ കപ്പും എ.എഫ്.സി യോഗ്യതയും നേടി കോർപറേഷൻ സ്റ്റേഡിയം വിടുമ്പോൾ തുടര്‍ച്ചയായ നാലാം തോല്‍വിയിൽ ഗോകുലം തലകുനിച്ചു.
സ്പാനിഷ് താരം വിക്ടര്‍ റൊമേരോ-ജെറി-മൗറീഷ്യോ സഖ്യം ആദ്യ മിനിറ്റുകളില്‍തന്നെ സന്ദർശക നീക്കങ്ങള്‍ക്ക് കരുത്തുപകർന്നിരുന്നു. 18ാം മിനിറ്റില്‍ ത്രോയില്‍നിന്നാണ് ഒഡിഷയുടെ ആദ്യ ഗോൾ പിറന്നത്. 52ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയെ ബോക്‌സില്‍ ഗോകുലം ഡിഫന്‍ഡര്‍ പവന്‍കുമാര്‍ ഫൗള്‍ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.
കിക്കെടുത്ത മൗറീഷ്യോ പ്രയാസമൊന്നും കാട്ടാതെ ഹാട്രിക് നേടി. അവസാന മിനിറ്റുകളില്‍ ഗോകുലം പലവിധ മാറ്റങ്ങൾ വരുത്തി ഗോൾ മടക്കാൻ നോക്കിയെങ്കിലും ഒഡിഷ പ്രതിരോധം തകർക്കാനായില്ല. സൗരവ് 16ാം മിനിറ്റില്‍ പരിക്കേറ്റ് പോയതും ഗോകുലത്തിന് വിനയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.