സ്വപ്നം തുടരുക ഫലസ്തീൻ; ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷകൾക്ക് വിരാമം
text_fieldsഒമാനെതിരായ മത്സരത്തിനു ശേഷം ഗ്രൗണ്ട് വിടുന്ന ഫലസ്തീൻ താരങ്ങൾക്ക് കൈയടിച്ച് ആദരമർപ്പിക്കുന്ന കാണികൾ
അമ്മാൻ (ജോർഡൻ): ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒമാനെതിരേ അവസാന മിനിറ്റിൽ പെനാൽറ്റി വഴങ്ങിയതോടെ ഫലസ്തീന്റെ സ്വപ്നങ്ങൾക്ക് വിരാമം. ഇസ്രായേൽ അധിനിവേശംമൂലം സ്വന്തം മണ്ണിൽ പരിശീലന സൗകര്യംപോലുമില്ലാത്ത ഫലസ്തീനി താരങ്ങൾ മികച്ച പ്രകടനവുമായാണ് മൂന്നാം റൗണ്ടിലെത്തിയത്.
അമ്മാനിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ ഒമാനെതിരായ ഇവർ കളിയുടെ അവസാന നിമിഷം ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് വിവാദ തീരുമാനത്തിലൂടെ റഫറി പെനാൽറ്റി അനുവദിച്ചത്. ഇതിനെതിരെ ഫിഫക്ക് പരാതി നൽകിയിട്ടുണ്ട് ഫലസ്തീൻ ടീം.കണ്ണീരണിഞ്ഞാണ് താരങ്ങൾ മൈതാനം വിട്ടത്.
മൂന്നാം റൗണ്ട് ഗ്രൂപ്പ് ബിയിൽനിന്ന് ദക്ഷിണ കൊറിയയും (22) ജോർഡനും (16) ആദ്യ രണ്ട് സ്ഥാനക്കാരെന്നനിലയിൽ നേരിട്ട് യോഗ്യത നേടി. മൂന്നും നാലും സ്ഥാനക്കാർക്ക് പ്ലേ ഓഫിലൂടെ സാധ്യതയുണ്ടായിരുന്നു. ഒമാനെതിരെ ജയിച്ചാൽ 12 പോയന്റുമായി ഇറാഖിന് (15) പിന്നിൽ നാലാമതെത്താനുള്ള അവസരമാണ് ഫലസ്തീന് (10) നഷ്ടമായത്.
നാലാംസ്ഥാനക്കാരായി ഒമാൻ (11) പ്ലേ ഓഫിൽ കടന്നു. ആസ്ട്രേലിയ ഉൾപ്പെട്ട ഗ്രൂപ് ഐയിലായിരുന്നു രണ്ടാം റൗണ്ടിൽ ഫലസ്തീൻ. ആസ്ട്രേലിയക്ക് പിന്നിൽ എട്ട് പോയന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഇവർ മൂന്നാം റൗണ്ടിൽ കടന്നത്. അടുത്ത ലക്ഷ്യം 2027ലെ ഏഷ്യൻ കപ്പാണ്. അതിലേക്ക് ഇതിനകം യോഗ്യത നേടിയിട്ടുണ്ട് ഫലസ്തീൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.