യൂറോകപ്പ് യോഗ്യത: ഡെന്മാർക്കിന്റെ വിജയനായകനായി പാസ് മാസ്റ്റർ എറിക്സൺ
text_fieldsലണ്ടൻ: ഒരു ഗോൾ നേടുകയും രണ്ടെണ്ണത്തിന് പാസ് നൽകുകയും ചെയ്ത് ഡെന്മാർക്കിന്റെ വിജയ നായകനായി ക്രിസ്റ്റ്യൻ എറിക്സൺ. യൂറോകപ്പ് യോഗ്യത പോരാട്ടങ്ങളിലാണ് ഏകപക്ഷീയമായ നാലു ഗോളിന് ഡാനിഷ് പട സാൻ മാരിനോയെ മുക്കിയത്. തുടക്കം മുതൽ കളം അടക്കിഭരിച്ച ഡെന്മാർക്കിനായി 20ാം മിനിറ്റിൽ ഗോൾ പിറക്കേണ്ടതായിരുന്നു. പെനാൽറ്റിക്ക് വിസിൽ മുഴങ്ങിയെങ്കിലും പിന്നീട് വാറിൽ ഒഴിവായതോടെ ആശ്വാസം കൊണ്ട് സാൻ മാരിനോയെ ഞെട്ടിച്ച് 26ാം മിനിറ്റിൽ പിയറി എമിലി ഹോജ്ബെർഗ് ആദ്യ വെടി പൊട്ടിച്ചു.
ജെനാസ് വിൻഡ് ആയിരുന്നു അസിസ്റ്റ്. രണ്ടു മിനിറ്റ് കഴിഞ്ഞ് എറിക്സൺ നൽകിയ ബാക്ഹീൽ പാസ് വലയിലെത്തിച്ച് ജൊആകിം മീഹൽ വല കുലുക്കി. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഒരിക്കലൂടെ എറിക്സൺ അസിസ്റ്റ് കണ്ടു.
ഡെന്മാർക്കിനായി 123ാം മത്സരത്തിനിറങ്ങിയ താരം നൽകിയ പാസ് വിൻഡാണ് സാൻ മാരിനോ വലയിലെത്തിച്ചത്. കളി അവസാനിക്കാനിരിക്കെ എറിക്സണും സ്കോറർമാരുടെ പട്ടികയിലെത്തി. ഇതോടെ, അഞ്ചു കളികളിൽ 10 പോയന്റുമായി ഗ്രൂപ് എച്ചിൽ ഡെൻമാർക് രണ്ടാം സ്ഥാനത്തേക്കു കയറി. ഫിൻലൻഡാണ് ഗ്രൂപ്പിൽ ഒന്നാമത്.
കോഡി ഗാക്പോയടക്കം മൂന്നുപേർ വല കുലുക്കിയ മറ്റൊരു കളിയിൽ ഡച്ചുകാർ എതിരില്ലാത്ത കാൽ ഡസൻ ഗോളുകൾക്ക് ഗ്രീസിനെ തറപറ്റിച്ചു. മാർടിൻ ഡി റൂൺ ആണ് ആദ്യം സ്കോർ ചെയ്തത്. താരം രാജ്യത്തിനായി ആദ്യ ഗോൾ കുറിച്ചതിനു പിറകെ ഡെൻസെൽ ഡംഫ്രീസിന്റെ അസിസ്റ്റ് നെഞ്ചിലെടുത്ത് ഗാക്പോ വെടിപൊട്ടിച്ചു. ഡംഫ്രീസ് തന്നെ നൽകിയ ക്രോസിൽ തലവെച്ച് വൂഡ് വെഗ്ഹോഴ്സ്റ്റ് പട്ടിക തികച്ചു. അയർലൻഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത ഫ്രാൻസ് ആണ് ഗ്രൂപ് ബിയിൽ ബഹുദൂരം മുന്നിൽ. സെർബിയക്കെതിരായ പോരാട്ടത്തിൽ ഹംഗറിയും (സ്കോർ 2-1) ഫാരോ ദ്വീപുകൾക്കെതിരെ പോളണ്ടും (2-0) കസാഖ്സ്താനെതിരെ ഫിൻലൻഡും (1-0) ജയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.