നൂറ്റാണ്ടെടുത്ത് കഴുകന്മാർ പണിത ചില്ലുകൊട്ടാരം
text_fieldsഎഫ്.എ കപ്പ് കിരീടവുമായി ക്രിസ്റ്റൽ പാലസ് താരങ്ങൾ
"നമ്മൾ ഫുട്ബോൾ കളിക്കാരെയും മാനേജർമാർരെയും സംബന്ധിച്ച് ഏറ്റവും വലിയ വിജയമെന്നത് ട്രോഫി ഉയർത്തുന്നതല്ല, മറിച്ച് ആയിരക്കണക്കിന് ആരാധകർക്ക് അവരുടെ ജീവിതത്തിൽ ഒരു നിമിഷം സമ്മാനിക്കാൻ കഴിയുന്നതാണ്.
നമ്മുടെ ആരാധകർക്ക് വേണ്ടി നമ്മൾ അത് ചെയ്തുകഴിഞ്ഞു." മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് എഫ്.എ കപ്പ് കിരീടത്തിൽ മുത്തമിട്ട ശേഷം ക്രിസ്റ്റൽ പാലസ് മാനേജരായ ഒലിവർ ഗ്ലാസ്നർ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
1905 ൽ സ്ഥാപിച്ച ക്ലബ്ബിന്‍റെ നീണ്ട 119 സംവത്സരങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. ക്രിസ്റ്റൽ പാലസ് ആദ്യമായൊരു മേജർ ട്രോഫിയിൽ മുത്തമിട്ടിരിക്കുന്നു. എന്ത് കൊണ്ടൊരു കിരീടമില്ലെന്ന നൂറ്റാണ്ട് പഴക്കമുള്ള ചോദ്യത്തിന് കാലം തന്നെ ഉത്തരം നൽകിയിരിക്കുന്നു.
അവർ ആഗ്രഹത്തെ പുൽകിയിരിക്കുന്നു. കഴുകൻമാരെന്ന വിളിപ്പേരുള്ളവരുടെ കണ്ണുകളിലെ തിളക്കം കാണാൻ വേണ്ടി മാത്രം ഉറക്കമിളച്ച പാതിരാവുകൾക്ക് അറുതിയായിരിക്കുന്നു.
1990 മെയ് 12 അന്ന് വെംബ്ലി സ്റ്റേഡിയത്തിൽ കളികാണാനെത്തിയത് 78000 പേർ. നവീകരണ പ്രവർത്തികൾ പൂർത്തിയായതിനാൽ വെംബ്ലിയിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ നടന്ന ആദ്യത്തെ എഫ്.എ കപ്പ് ഫൈനൽ മത്സരം. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പന്തു തട്ടാൻ സൗത്ത് ലണ്ടനിൽ നിന്നുള്ള ക്രിസ്റ്റൽ പാലസ്.
മത്സരത്തിന്റെ 18ാം മിനിറ്റിൽ ഗാരി ഒ റൈലിയുടെ ഗോളിൽ ക്രിസ്റ്റൽ പാലസ് മുന്നിലെത്തുന്നു. ആദ്യപകുതി അവസാനിക്കും മുമ്പ് റോബ്സണിന്റെ ഗോളിൽ യുണൈറ്റഡ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഓരോ വീതം അടിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു.
92 മിനിറ്റിൽ തൻറെ രണ്ടാം ഗോളുമായി ഇയാൻ റൈറ്റ് പാലസിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 113 ാം മിനിറ്റിൽ യുണൈറ്റഡിന്റെ ഹ്യൂസും രണ്ടാം ഗോൾ നേടിയതോടെ കളി സമനിലയിൽ പിരിഞ്ഞു. ടൈ ബ്രേക്കർ ഇല്ലാത്ത മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
മെയ് 17നാണ് റീ പ്ലേ നടക്കുന്നത്. 59ാം മിനിറ്റിലെ മാർട്ടിന്റെ ഗോളിൽ യുനൈറ്റഡ് കിരീടം ചൂടി. ചുണ്ടിനും കപ്പിനും ഇടയിൽ നിർഭാഗ്യം വേട്ടയാടിയ കളി. വിജയത്തിന്‍റെ തെട്ടടുത്തെത്തിയിട്ടും ആനന്ദിക്കാനായില്ല. ക്രിസ്റ്റൽ പാലസിന്റെ കളിക്കാരും ആരാധകരും കരഞ്ഞുകൊണ്ടാണ് അന്ന് മൈതാനം വിട്ടത്.
കാലങ്ങൾക്കിപ്പുറം 35 വർഷങ്ങൾക്ക് ശേഷം ശനിയാഴ്ച അതേ വെംബ്ലിയുടെ മണ്ണിൽ ക്രിസ്റ്റൽ പാലസ് വിജയത്തിൻറെ വെന്നികൊടി പാറിച്ചു. അതും മാഞ്ചസ്റ്ററിലെ തന്നെ മറ്റൊരു ടീമായ ശക്തരായ സിറ്റിയെ തോൽപ്പിച്ച് കൊണ്ട്. എഫ്.എ കപ്പിന്‍റെ കിരീടത്തിൽ ക്രസ്റ്റൽ പാലസിന്‍റെ പേര് കൊത്തിവെക്കപ്പെട്ടു. ആരാധരുടെ ആനന്ദാശ്രൂ കണങ്ങളെ സാക്ഷിയാക്കി കളിക്കാർ ആഹ്ലാദനൃത്തം ചവിട്ടി.
പ്രീമിയർ ലീഗിൽ ദുരന്തപൂർണമായ തുടക്കമായിരുന്നു ഈ സീസണിൽ ക്രിസ്റ്റൽ പാലസിന്റേത്. എന്നാൽ ഫ്രാങ്ക്ഫർട്ടിനെ യൂറോപ്പ കിരീടം ചൂടിപ്പിച്ച കോച്ചിനെ അവർ അവിശ്വസിച്ചില്ല.
ഗോൾവലക്ക് കീഴിൽ ഹെൻഡേയ്സണും പ്രതിരോധത്തിൽ റിച്ചാർഡ്സിനും മാർക്ക് ഗുഹിയും മധ്യനിരയിൽ വാർട്ടനും മുനോസും ആക്രമണത്തിന് ഫിലിപ്പ് മറ്റേറ്റയും എബേച്ചി എസെയുമെല്ലാം ചേർന്ന് സീസണാവസാനം ടീമിന്റെ ചരിത്രത്തിലാദ്യമായി ഒരു മേജർ ട്രോഫി നേടിക്കൊടുത്തു.
മുറിവുകളിൽ വിയർപ്പുകലർന്ന ഉപ്പിന്റെ നീറ്റലൊഴുകി തീർന്നു പോയ കാലത്തിന് മധുരമൂറുന്ന ഒരോർമ്മ അതാണ് ഇന്നലെ ഒലിവർ ഗ്ലാസ്നറും പിള്ളേരും ഫുട്ബോൾ ലോകത്തിന് സമ്മാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.