ബ്രസീൽ താരം ആൽവ്സിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂട്ടർമാർ
text_fieldsബാഴ്സലോണ: ലൈംഗിക പീഡനക്കേസിൽ ജയിലിലുള്ള ബ്രസീൽ താരം ഡാനി ആൽവ്സിന് ജാമ്യം നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂട്ടർമാർ. ജാമ്യം അനുവദിക്കുന്നപക്ഷം പാസ്പോർട്ട് സമർപ്പിക്കാമെന്നും എവിടെയെന്ന് തിരിച്ചറിയാൻ പ്രത്യേക ടാഗ് അണിയാമെന്നും താരത്തിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു.
ആവശ്യപ്പെടുന്ന സമയങ്ങളിലൊക്കെ കോടതിയിലും പൊലീസിലും ഹാജരാകാമെന്നും പരാതിക്കാരിയുടെ വീടിനും തൊഴിലിടത്തിനും 500 മീറ്റർ പരിധിയിൽ പോകില്ലെന്നും ഉറപ്പുനൽകി. എന്നാൽ, പുറത്തിറങ്ങിയാൽ ആൽവ്സ് നാടുവിടാൻ സാധ്യത കൂടുതലാണെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ അറിയിച്ചു.
കരിയറിൽ 43 കിരീടങ്ങളുമായി ഫുട്ബാൾ ചരിത്രത്തിൽ വാഴ്ത്തപ്പെടുന്ന ഡാനി ആൽവ്സ് ജനുവരിയിലാണ് അറസ്റ്റിലാകുന്നത്. ഡിസംബർ 30ന് സ്പാനിഷ് നഗരമായ ബാഴ്സലോണയിലെ നൈറ്റ് ക്ലബിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിലായിരുന്നു അറസ്റ്റ്. പ്രാഥമിക തെളിവുകൾ കേട്ട കോടതി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
ബാഴ്സക്കൊപ്പം മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, ബ്രസീലിനൊപ്പം രണ്ട് കോപ അമേരിക്ക കിരീടങ്ങൾ തുടങ്ങി ക്ലബ്, ദേശീയ ജഴ്സികളിൽ അത്യപൂർവ പ്രകടനവുമായി നീണ്ടകാലം നിറഞ്ഞുനിന്ന താരമാണ് ആൽവ്സ്. മെക്സികോ ക്ലബിലാണ് അവസാനമായി കളിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.