മെസ്സിയുടെ മയാമിയെ നാലടിയിൽ വീഴ്ത്തി പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ
text_fieldsന്യൂയോർക്ക്: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്‍റർ മയാമിയെ അനായാസം മറികടന്ന് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ക്വാർട്ടറിൽ.
മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഫ്രഞ്ച് ക്ലബിന്‍റെ ജയം. മെസ്സിയുടെയും സംഘത്തിന്റെയും സ്വന്തം നാട്ടിലെ ക്ലബ് ലോകകപ്പ് പോരാട്ടം പ്രീക്വാർട്ടറിൽ അവസാനിച്ചു. മത്സരത്തിലെ നാലു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും പാരീസുകാർ ബഹുദൂരം മുന്നിലായിരുന്നു.
ജോവോ നെവസ് ഇരട്ട ഗോളുമായി തിളങ്ങി. അഷ്റഫ് ഹകീമിയും വലകുലുക്കി. മയാമി താരം തോമസ് അവിലസിന്‍റ വകയായിരുന്നു മറ്റൊരു ഗോൾ. പഴയകാല ക്ലബിനെതിരെ ആദ്യമായാണ് മെസ്സി കളിക്കാനിറങ്ങിയത്. തുടക്കത്തിൽ തന്നെ തുടരൻ ആക്രമണങ്ങളുമായി നയം വ്യക്തമാക്കിയ പി.എസ്.ജി ആറാം മിനിറ്റിൽ തന്നെ ഗോൾ വേട്ട തുടങ്ങി. ബോക്സിനു പുറത്തുനിന്നുള്ള വിറ്റിഞ്ഞയുടെ ഫ്രീക്കിക്ക് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ നെവസ് വലയിലാക്കി.
39ാം മിനിറ്റിൽ നെവസ് വീണ്ടും വലകുലുക്കി. ബ്രാഡ്ലി ബാർകോളയും ഫാബിയാൻ റൂയിസും നടത്തിയ പാസ്സിങ് ഗെയ്മിനൊടുവിൽ നൽകിയ ഒന്നാംതരം പന്ത് നെവസിന് ഒന്ന് വലയിലേക്ക് തട്ടിയിടേണ്ട പണി മാത്രം. 44ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് ഡിസയർ ഡൗ നൽകിയ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അവിലസിന്‍റ വക ഓൺ ഗോളാകുന്നത്.
ഒന്നാം പകുതിയുടെ ഇൻജുറി ടൈമിൽ (45+3) ഹകീമി ടീമിന്‍റെ നാലാം ഗോളും നേടി. മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ലൂയിസ് എന്റിക്വെയുടെ ടീം മത്സരത്തിന്റെ ഒരു ഘട്ടത്തിലും മയാമിക്ക് തിരിച്ചുവരാൻ അവസരം നൽകിയില്ല. മയാമിക്കും ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് തിരിച്ചടിയായത്.
ബയേൺ മ്യൂണിക്ക്-ഫ്ലമെംഗോ മത്സരത്തിലെ വിജയികളെയാണ് ക്വാർട്ടറിൽ പി.എസ്.ജി നേരിടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.