നൈസ് ആയിട്ട് തോറ്റു! ലീഗ് വൺ സീസണിൽ പി.എസ്.ജിക്ക് ആദ്യ പരാജയം
text_fieldsപാരിസ്: ഫ്രഞ്ച് ലീഗ് വൺ സീസൺ അപരാജിതരായി അവസാനിപ്പിക്കാമെന്ന പാരിസ് സെന്റ് ജെർമെയ്ന്റെ മോഹത്തിന് ഒടുവിൽ തിരിച്ചടി. 31ാം മത്സരത്തിൽ പി.എസ്.ജി സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി. നീസ് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ചാമ്പ്യന്മാരെ വീഴ്ത്തിയത്.
ഒരു കളിയും തോൽക്കാതെ മുന്നേറി കിരീടത്തിലെത്തിയതായിരുന്നു പി.എസ്.ജി. സ്വന്തം തട്ടകമായ പാർക് ഡെ പ്രിൻസസിൽതന്നെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് ടീമിന് കനത്ത തിരിച്ചടിയായി. 31 മത്സരങ്ങളിൽ 24 ജയവും ആറ് സമനിലയും ഒറ്റ തോൽവിയുമായി 78 പോയന്റാണ് സമ്പാദ്യം.
34ാം മിനിറ്റിൽ മോർഗൻ സാൻസനിലൂടെ ലീഡ് നേടിയിരുന്നു നീസ്. 41ാം മിനിറ്റിൽ ഫാബിയൻ റൂയിസ് തിരിച്ചടിച്ചതോടെ ആദ്യ പകുതി 1-1. രണ്ടാം പകുതി തുടങ്ങിയ ഉടനെ സാൻസൻ (46) വീണ്ടും. 70ാം മിനിറ്റിൽ യൂസുഫ് ന്ദയ്ഷിമിയെയും സ്കോർ ചെയ്ത് സന്ദർശകരുടെ ജയം ഉറപ്പിച്ചു. പി.എസ്.ജിയെ ഈ സീസണിൽ തോൽപിക്കുന്ന ആദ്യ ടീമെന്ന നേട്ടത്തോടെ 54 പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറി നീസ്.
ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഒന്നാം പാദത്തിൽ ആഴ്സനലിനെ നേരിടാനിരിക്കുന്ന പി.എസ്.ജിക്ക് ക്ഷീണമായി തോൽവി.
ചെൽസിക്ക് ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി എതിരില്ലാത്ത ഒരു ഗോളിന് എവർട്ടനെ തോൽപിച്ചു. 27ാം മിനിറ്റിൽ നികോളാസ് ജാക്സനാണ് വിജയ ഗോൾ നേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.