ഖത്തറിലേക്ക് ടിക്കറ്റില്ലാതെ 5 വമ്പന്മാർ
text_fieldsഇറ്റലി
നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരാണ് ഇറ്റലി. പക്ഷേ പറഞ്ഞിട്ടെന്താ? ലോകപോരാട്ടത്തിന് അവരില്ല. ഇതാദ്യമല്ല, തുടർച്ചയായ രണ്ടാം തവണയാണ് ഇറ്റലിക്ക് ലോകകപ്പ് നഷ്ടമാവുന്നത്. യൂറോപ്യൻ പ്ലേഓഫിൽ നോർത്ത് മാസിഡോണിയയോട് തോറ്റായിരുന്നു ഇറ്റലി ഖത്തർ ടിക്കറ്റ് നഷ്ടപ്പെടുത്തിയത്.
നൈജീരിയ
'90കൾ മുതലുള്ള ഏഴിൽ ആറു ലോകകപ്പിലും തലകാണിച്ച ടീമാണ് നൈജീരിയ. അതിൽ മൂന്നു വട്ടം നോക്കൗട്ട് റൗണ്ടിലുമെത്തിയ സൂപ്പർ ഈഗിൾസിന് പക്ഷേ, ഇത്തവണ യോഗ്യത ഭാഗ്യമുണ്ടായില്ല. പ്ലേഓഫിൽ ഘാനക്കുമുന്നിൽ മുട്ടുമടക്കിയാണ് നൈജീരിയ പുറത്തായത്.
ഈജിപ്ത്
മുഹമ്മദ് സലാഹിന്റെ ഈജിപ്തും ഇത്തവണ ലോകകപ്പിനില്ല. ഏറെക്കാലത്തിനുശേഷം സലാഹിന്റെ ചിറകിലേറി കഴിഞ്ഞതവണ ലോകകപ്പ് കളിച്ച ഈജിപ്തുകാർക്ക് പക്ഷേ, ഖത്തറിലേക്ക് ടിക്കറ്റ് കിട്ടിയില്ല.
കൊളംബിയ
2014ൽ ക്വാർട്ടറിലും കഴിഞ്ഞതവണ പ്രീക്വാർട്ടറിലും കളിച്ച കൊളംബിയക്ക് പക്ഷേ, ഖത്തറിൽ ഇടമില്ല. തെക്കനമേരിക്കൻ ഗ്രൂപ്പിൽ ആറാമതായിരുന്നു കൊളംബിയ.
ചിലി
ഒമ്പത് ലോകകപ്പുകൾ കളിച്ചിട്ടുള്ള ചിലി തുടർച്ചയായ രണ്ടാം തവണയും ലോകകപ്പിൽ ഇല്ല. തെക്കനമേരിക്കൻ ഗ്രൂപ്പിൽ ഏഴാമതായിരുന്നു ചിലി.
പരിക്കില്ലാതെയും പടിക്കു പുറത്തായ 5 പ്രമുഖർ
ലോകകപ്പിനൊരുങ്ങുന്ന കളിസംഘങ്ങളെല്ലാം പടയാളികളെ പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷിക്കപ്പെട്ട ചിലരെങ്കിലും പടിക്കുപുറത്തായി. ക്ലബ് തലത്തിൽ തിളങ്ങിനിൽക്കുമ്പോഴും ദേശീയ ടീം പരിശീലകരുടെ വിശ്വാസം നേടാനാവാതെ പോയതാണ് ഇവർക്ക് വിനയായത്. പരിക്കിന്റെ പിടിയിലല്ലാതിരുന്നിട്ടും ടീമിൽ ഇടംകണ്ടെത്താതെ പോയ ചില പ്രധാന താരങ്ങൾ ഇവരൊക്കെയാണ്.
റോബർട്ടോ ഫിർമീന്യോ
ബ്രസീൽ
കോച്ച് ടിറ്റെ കാനറി സംഘത്തെ പ്രഖ്യാപിച്ചപ്പോൾ ആരാധകർ അമ്പരന്നുപോയ നിമിഷം സ്ട്രൈക്കർ റോബർട്ടോ ഫിർമീന്യോയെ ഉൾപ്പെടുത്തിയിട്ടില്ലെന്നറിഞ്ഞപ്പോഴാണ്. ഇടക്കാലത്ത് മങ്ങിയെങ്കിലും ഈ സീസണിൽ ലിവർപൂളിനായി മികച്ച ഫോമിൽ പന്തുതട്ടിയതോടെ ലോകകപ്പ് ടീമിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടതാണ്. ലക്ഷണമൊത്ത സെൻട്രൽ സ്ട്രൈക്കറല്ലെങ്കിലും മധ്യനിരയുമായി ലിങ്ക് ചെയ്ത് കളിക്കുന്നതിലും സഹതാരങ്ങൾക്ക് അവസരമൊരുക്കുന്നതിലും മിടുക്കനായ 31കാരനെ വിശ്വാസത്തിലെടുക്കാൻ പക്ഷേ ടിറ്റെ ഒരുക്കമായിരുന്നില്ല. മുന്നേറ്റനിരയിൽ ആശ്രയിക്കാൻ ഒട്ടേറെ താരങ്ങളുള്ള ബ്രസീലിന് ഒരുപക്ഷേ ഫിർമീന്യോയുടെ അഭാവം തിരിച്ചടിയായെന്നു വരില്ല. എന്നാൽ, കണ്ണിനിമ്പമേറുന്ന കളിയുമായി കളംനിറയുന്ന താരത്തിന്റെ കുറവ് കളിപ്രേമികൾക്ക് നൊമ്പരമാവും.
തിയാഗോ അൽകന്റാര
സ്പെയിൻ
യൂറോ 2021നുശേഷം സ്പെയിനിനായി പന്തുതട്ടിയിട്ടില്ല തിയാഗോ അൽകന്റാര. അതിനാൽതന്നെ ലൂയിസ് എന്റിക്വെയുടെ ടീമിൽ തിയാഗോ ഇടംപിടിക്കാത്തതിൽ അത്ഭുതവുമില്ല. ഇടക്കിടെ പരിക്ക് പിടികൂടുന്നതും താരത്തിന് തിരിച്ചടിയായി. എന്നാൽ, ഫോമിലുള്ള തിയാഗോ ഏതുടീമിനും മുതൽക്കൂട്ടാവും. മധ്യനിരയിൽ കളി മെനയുന്ന തിയാഗോ കളിക്കുമ്പോഴെല്ലാം ലിവർപൂൾ മധ്യനിരയിലുണ്ടാവുന്ന പോസിറ്റിവ് മാറ്റം പ്രകടമാണ്. ഫോമിന്റെ പേരിലാണ് 31കാരനെ മാറ്റിനിർത്തുന്നതെങ്കിൽ സെർജിയോ ബുസ്ക്വറ്റ്സ് എങ്ങനെ ടീമിലിടംപിടിച്ചുവെന്നതും ചോദ്യചിഹ്നമുയർത്തുന്നു.
ഡേവിഡ് ഡിഹയ
സ്പെയിൻ
മാഞ്ചസ്റ്റർ യുനൈറ്റഡിനായി സീസണുകളായി തകർപ്പൻ ഫോമിൽ കളിക്കുന്ന ഡേവിഡ് ഡിഹയക്കും പക്ഷേ എന്റിക്വെയുടെ സംഘത്തിൽ സ്ഥാനമില്ല. ലോകത്തെ മികച്ച ഷോട്ട് സ്റ്റോപ്പർമാരിലൊരാളെന്ന വിശേഷണമുള്ള ഡിഹയ കഴിഞ്ഞ യൂറോകപ്പിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും യുനായ് സിമോണാണ് വല കാത്തത്. പിന്നീട് ഡിഹയ ടീമിലെത്തിയതുമില്ല. ഇത്തവണ പ്രാഥമിക സംഘത്തിൽപോലും എന്റിക്വെ 32കാരന് അവസരം നൽകിയില്ല.
മാറ്റ് ഹുമ്മൽസ്
ജർമനി
ബൊറൂസിയ ഡോർട്ട്മുണ്ടിനായി മികച്ച ഫോമിലാണെന്നതൊന്നും സ്റ്റോപ്പർ ബാക്ക് മാറ്റ് ഹുമ്മൽസിന് തുണയായില്ല. ഹുമ്മൽസ് മികച്ച ഫോമിലാണെങ്കിലും കൂടുതൽ ചെറുപ്പമായവരെയാണ് പരിഗണിക്കുന്നതെന്നായിരുന്നു ജർമൻ കോച്ച് ഹാൻസ് ഫ്ലിക്കിന്റെ നയം. ഫലം 33കാരനായ ഹുമ്മൽസിന് പകരം 20കാരൻ അർമെൽ ബെല്ല കൊച്ചാപ്പ് ഇടംപിടിച്ചു.
ഫികായോ ടൊമോരി
ഇംഗ്ലണ്ട്
താരതമ്യേന പുതുമുഖമാണെങ്കിലും നിലവിലെ ഫോമിൽ ടീമിൽ ഇടംകാണുമെന്ന് കരുതപ്പെട്ട താരമായിരുന്നു 24കാരനായ സെൻട്രൽ ഡിഫൻഡർ. ചെൽസിയിൽനിന്ന് എ.സി മിലാനിലേക്കു ചേക്കേറിയ ശേഷം തകർപ്പൻ ഫോമിൽ പന്തുതട്ടുന്ന താരത്തിൽ പക്ഷേ ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗെയ്റ്റിന് വിശ്വാസമുണ്ടായില്ല. ഒട്ടും ഫോമിലല്ലാത്ത, മാഞ്ചസ്റ്റർ യുനൈറ്റഡ് നിരയിൽ സീസണിൽ കാര്യമായ അവസരം ലഭിക്കാത്ത ഹാരി മഗ്വയറിന്റെ പരിചയസമ്പത്തിനാണ് ടൊമോരിയുടെ യുവത്വത്തിനെക്കാളും ഫോമിനെക്കാളുമൊക്കെ പരിഗണന ലഭിച്ചത്.
മധുരപ്പതിനെട്ടിൽ
യൂസുഫ മകൗകോ (18)
ജർമനി
ജനനം: 20 നവംബർ 2004
ബൊറൂസിയ ഡോർട്ട്മുണ്ടിനായി സീസണിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന സ്ട്രൈക്കർ ജർമൻ നിരയിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. അത് ലോകകപ്പിലാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഗരങ് കൗൾ (18)
ആസ്ട്രേലിയ
ജനനം: 15 സെപ്റ്റംബർ 2004
ന്യൂകാസിൽ യുനൈറ്റഡിൽ ചേരാനിരിക്കുന്ന കൗൾ ആസ്ട്രേലിയയിലെ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിനായി ഇതുവരെ ഫസ്റ്റ് ഇലവനിൽ കളിച്ചിട്ടില്ല. എന്നാൽ, ദേശീയ ടീമിൽ അരങ്ങേറിക്കഴിഞ്ഞു സ്ട്രൈക്കർ.
ഗാവി (18)
സ്പെയിൻ
ജനനം: 5 ആഗസ്റ്റ് 2004
ലോക ഫുട്ബാളിൽ മുഖവുര ആവശ്യമില്ലാത്ത കൗമാരക്കാരൻ. ബാഴ്സലോണക്കായി 51ഉം സ്പെയിനിനായി 12ഉം മത്സരങ്ങൾ കളിച്ചുകഴിഞ്ഞ പാബ്ലോ മാർട്ടിൻ പയസ് ഗാവിയേര എന്ന ഗാവി ഈ വർഷം ലോകത്തെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
ജ്യൂവിസൺ ബെന്നറ്റ് (18)
കോസ്റ്ററീക
ജനനം: 15 ജൂൺ 2004
യോഗ്യതമത്സരങ്ങളിൽ കോസ്റ്ററീകക്കായി തകർപ്പൻ പ്രകടനമായിരുന്നു ബെന്നറ്റിന്റേത്. ഏഴു കളികളിൽ രണ്ടു ഗോളും രണ്ട് അസിസ്റ്റും. ഈ ഫോമിൽ വിങ്ങർക്ക് ലോകകപ്പിൽ ആദ്യ ഇലവനിൽ ഏറക്കുറെ ഇടമുറപ്പ്.
ബിലാൽ അൽ ഖന്നൂസ് (18)
മൊറോക്കോ
ജനനം: 10 മേയ് 2004
ഏജ് ഗ്രൂപ് ഫുട്ബാളിൽ ബെൽജിയത്തെ പ്രതിനിധാനംചെയ്തിട്ടുള്ള ഖന്നൂസ് സീനിയർ തലത്തിൽ മൊറോക്കോയെ തെരഞ്ഞെടുത്തത് ലോകകപ്പിലേക്കുള്ള വാതിലായി. ദേശീയ ടീമിൽ ഇതുവരെ അരങ്ങേറ്റംകുറിച്ചിട്ടില്ല ഈ മിഡ്ഫീൽഡർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.