പെനാൽറ്റി പാഴാക്കി ലെവൻഡോസ്‌കി; പോളണ്ട്-മെക്സിക്കോ മത്സരം സമനിലയിൽ
text_fieldsദോഹ: ഖത്തർ ലോകകപ്പിൽ ഇന്ന് രണ്ടാമത്തെ ഗോൾ രഹിത സമനില. ഗ്രൂപ്പ് സിയിലെ മെക്‌സിക്കോ പോളണ്ട് മത്സരമാണ് സമനിലയിൽ കലാശിച്ചത്. നേരത്തെ, ഡെന്മാർക്ക് തുണീഷ്യ മത്സരത്തിനും സമാന വിധിയായിരുന്നു. ഇരുടീമുകൾക്കും നിരവധി മികച്ച അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും പ്രതിരോധ നിര മതിലുകെട്ടി കാക്കുകയായിരുന്നു. ഫിനിഷിങ്ങിലെ പിഴവുകളും തിരിച്ചടിയായി.
55-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മുതലാക്കാനാകാത്തത് പോളണ്ടിന് വലിയ തിരിച്ചടിയായി. സൂപ്പർതാരം ലെവൻഡോസ്‌കിയെടുത്ത കിക്ക്, പക്ഷെ മെക്‌സിക്കൻ ഗോൾകീപ്പർ ഗ്യുല്ലർമോ ഒച്ചാവോ തടുത്തിടുകയായിരുന്നു. ലെവൻഡോസ്‌കിയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി വിധിച്ചത്. വാറിന്റെ സഹായത്തോടെയായിരുന്നു റഫറിയുടെ തീരുമാനം.
ഇരു പാതിയിലും മെക്സിക്കോക്കായിരുന്നു മുൻ തൂക്കം. പന്തടക്കത്തിലും അവർ മുന്നിട്ടുനിന്നു. പോളണ്ടിന്റെ ഗോൾവല ലക്ഷ്യമാക്കി മൂന്ന് തവണയാണ് മെക്സിക്കോ നിറയൊഴിച്ചത്. എന്നാൽ, മൂന്നുതവണയും പോളിഷ് പട രക്ഷപ്പെട്ടു. പോളണ്ടിന് ഒരുതവണ മാത്രമാണ് ഷോട്ടുതിർക്കാൻ സാധിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.