റൊണാൾഡിന്യോയും റിവാൾഡോയും 30ന് ചെന്നൈയിൽ
text_fieldsചെന്നൈ: ബ്രസീൽ ഫുട്ബാൾ ഇതിഹാസങ്ങളായ റൊണാൾഡിന്യോയും റിവാൾഡോയും കഫുവും അടങ്ങിയ 2002ലെ ബ്രസീൽ ലോകകപ്പ് ടീം ചെന്നൈയിൽ പന്തുതട്ടാനെത്തുന്നു.
ഈ മാസം 30ന് നെഹ്റു സ്റ്റേഡിയത്തിലാണ് ബ്രസീൽ ലെജൻഡ്സ് ഇലവനും ഇന്ത്യ ഓൾ സ്റ്റാർസ് ടീമും പ്രദർശനമത്സരത്തിൽ ഏറ്റുമുട്ടുന്നത്. ദുംഗയാണ് ബ്രസീൽ ടീമിന്റെ കോച്ച്. ബ്രസീലിയൻ ലെജൻഡ്സ് ടീമിൽ ഗിൽബർട്ടോ സിൽവ, എഡ്മിൽസൺ, ക്ലെബർസൺ, റിക്കാർഡോ ഒലിവേര, കകാപ്പ, കാമൻഡുകായ്യ, എലിവെൽട്ടൺ, പൗലോ സെർജിയോ, ഹ്യൂറൽഹോ ഗോമസ്, ഡീഗോ ഗിൽ, ജോർജിന്യോ, അമറൽ, ലൂസിയോ, അലക്സ് ഫെറോ, ജിയോവന്നി, വിയോള മാർസെലോ തുടങ്ങിയ താരങ്ങളുമുണ്ടാകും.
ഇന്ത്യ ഓൾ സ്റ്റാർസ് ടീമിൽ മെഹ്താബ് ഹുസൈൻ, അൽവിറ്റോ ഡികുഞ്ഞ, സയ്യിദ് റഹീം നബി, സുഭാഷിഷ് റോയ് ചൗധരി, മെഹ്റാജുദ്ദീൻ വാദൂ, എസ്. വെങ്കിടേഷ്, അർണബ് മണ്ഡൽ, മഹേഷ് ഗാവ്ലി തുടങ്ങിയവരും അണിനിരക്കും. മറക്കാനാവാത്ത അനുഭവം പങ്കിടാൻ വരുന്നുണ്ടെന്നും നിങ്ങളോടൊപ്പമുള്ള നിമിഷങ്ങൾ അവിശ്വസനീയമായ അനുഭവമായിരിക്കുമെന്നും റിവാൾഡോ ഇന്ത്യൻ ഫുട്ബാൾ പ്രേമികൾക്കുള്ള സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ ഫുട്ബാളിന് സുപ്രധാന നിമിഷമാണിതെന്ന് പ്രദർശന മത്സരത്തിന്റെ സംഘാടനായ ഡേവിഡ് ആനന്ദ് പറഞ്ഞു. ടിക്കറ്റുകൾ ഞായറാഴ്ച മുതൽ വിതരണം തുടങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.