സാഫ് അണ്ടർ 17 വനിത ഫുട്ബാൾ: റഷ്യ ജേതാക്കൾ; മലയാളി താരം ഷിൽജി ഷാജി ടോപ് സ്കോറർ
text_fieldsഷിൽജി ഷാജി ടോപ് സ്കോറർ ട്രോഫി ഏറ്റുവാങ്ങുന്നു
ധാക്ക: സാഫ് അണ്ടർ-17 വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ റഷ്യക്ക് കിരീടം. ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും മത്സരം ഇവർ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. മൂന്ന് മിനിറ്റിനിടെ പിറന്ന രണ്ട് ഗോളുകളാണ് ഇന്ത്യയുടെ വിധിയെഴുതിയത്.
റഷ്യക്കായി പത്താം മിനിറ്റിൽ അവ്ഡിയെങ്കോയും 13ൽ കൊറ്റ് ലോവയും സ്കോർ ചെയ്തു. ഗോൾ മടക്കാൻ ഇന്ത്യൻ പെൺകുട്ടികൾ കിണഞ്ഞുശ്രമിച്ചെങ്കിലും നിർഭാഗ്യത്തിന്റെ വഴിയിൽ അവസാനിച്ചു. നാലിൽ നാല് മത്സരങ്ങളും നേടി 12 പോയന്റോടെ ജേതാക്കളായ റഷ്യയുടെ ഏറ്റവും ചെറിയ മാർജിനിലുള്ള ജയമായി ഇത്.
ഇന്ത്യയാകട്ടെ നാലിൽ രണ്ട് കളികൾ ജയിച്ച് ആറ് പോയന്റോടെ മൂന്നാമതായി. നാലാം മത്സരത്തിൽ നേപ്പാളിനോട് 1-1 സമനില പിടിച്ച് ഏഴ് പോയൻറുമായി ആതിഥേയരായ ബംഗ്ലാദേശ് രണ്ടാം സ്ഥാനത്തും. അതേസമയം, ഫെയർ പ്ലേ അവാർഡ് നേടി അഭിമാനത്തോടെയാണ് ഇന്ത്യ മടങ്ങുന്നത്. ക്യാപ്റ്റൻ ഹീന ഖാത്തൂൻ ട്രോഫി ഏറ്റുവാങ്ങി.
എട്ട് ഗോൾ നേടിയ മലയാളി താരം ഷിൽജി ഷാജിയാണ് ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോറർ. നേപ്പാളിനെതിരെ മൂന്നും ഭൂട്ടാനെതിരെ അഞ്ചും തവണയാണ് കോഴിക്കോട് കക്കയം സ്വദേശിനിയായ ഷിൽജി നിറയൊഴിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.