സന്തോഷ് ട്രോഫി: പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ; എതിരാളി സർവീസസ്
text_fieldsദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബാൾ സെമി ഫൈനലിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് കേരളാ ടീമിന്റെ ഫൈനൽ പ്രവേശനം. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ കേരളം നിലവിലെ ജേതാക്കളായ സർവീസസിനെ നേരിടും.
മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സൽ, എം. വിഘ്നേഷ് എന്നിവരാണ് കേരളത്തിനായി പഞ്ചാബ് വല കുലുക്കിയത്. റിയാസ് രണ്ടും അജ്സൽ, വിഘ്നേഷ് എന്നിവർ ഓരോ ഗോളുകളും അടിച്ചു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ അടിച്ച് ആധിപത്യം നേടിയ കേരളാ ടീം രണ്ടാം പകുതിയിൽ ഒരു ഗോൾ കൂടി തൊടുത്ത് സമ്പൂർണ വിജയം ഉറപ്പിച്ചു.
മത്സരം ആരംഭിച്ചത് മുതൽ ആക്രമണം പുറത്തെടുത്ത കേരള 16-ാം മിനിറ്റിൽ ആദ്യ ഗോൾ അടിച്ചു. വി. അർജുൻ എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ അജ്സൽ വലയിലാക്കി. 34-ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. അർജുൻ നൽകിയ കോർണർ കിക്കിൽ ബിബിൻ അജയൻ വഴിയെത്തിയ പാസ് റിയാസ് ഗോളാക്കി.
ആദ്യ പകുതി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ അജ്സലിന്റെ പാസിൽ നിന്നും വിഘ്നേഷ് മൂന്നാം ഗോൾ നേടി. 84-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ ഇ. സജീഷിന്റെ പാസിൽ റിയാസ് തന്റെ രണ്ടാം ഗോൾ അടിച്ചു. ഇതോടെ നാല് ഗോൾ നേടിയ കേരളാ ടീം വിജയം പ്രഖ്യാപിച്ചു.
അതേസമയം, സെമി ഫൈനലിൽ റെയിൽവേസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് സർവീസസ് ഫൈനൽ പിടിച്ചത്. അഭിഷേക് പവാർ ആണ് ഇരട്ട ഗോളുകൾ നേടിയത്.
സന്തോഷ് ട്രോഫി ഫൈനലിൽ തുടർച്ചയായ രണ്ടാം തവണയാണ് കേരളം എത്തുന്നത്. സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടമാണ് കേരളവും സർവീസസും ലക്ഷ്യമിടുന്നത്. കേരളത്തിന്റെ പതിനാറാം ഫൈനൽ മത്സരമാണ് ഞായറാഴ്ച നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

