സുബ്രതോ കപ്പ്; പന്ത് പ്രതിസന്ധിയുടെ കോർട്ടിൽ
text_fieldsനിലമ്പൂർ യുനൈറ്റഡ് ഫുട്ബാൾ അക്കാദമിയിലെ താരങ്ങൾ പരിശീലനത്തിൽ
മഞ്ചേരി: രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്കൂൾ ഫുട്ബാൾ ടൂർണമെന്റായ സുബ്രതോ കപ്പ് അന്താരാഷ്ട്ര ഫുട്ബാൾ ടൂർണമെന്റിന്റെ ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങൾ യഥാസമയം നടത്താനാകാത്തത് താരങ്ങൾക്ക് തിരിച്ചടിയായി. ടൂർണമെന്റിനായി വിദ്യാർഥി താരങ്ങൾ പരിശീലനം നടത്തുന്നതിനിടെയാണ് മത്സരങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് ശ്രമമില്ലാത്തത്.
മത്സരങ്ങൾ നടത്തുന്നതിനായി സംഘാടന ചുമതല ഏറ്റെടുക്കാൻ ആളില്ലാത്തതാണ് പ്രതിസന്ധി. പൊതുവിദ്യാഭ്യാസ വകുപ്പാണ് മത്സരങ്ങൾ നടത്തേണ്ടതെങ്കിലും വിവിധ ആവശ്യങ്ങളുന്നയിച്ച് കായികാധ്യാപകർ നടത്തുന്ന സമരവും ടൂർണമെന്റിനെ ബാധിച്ചു. താരങ്ങളെ പരിശീലിപ്പിക്കുമെങ്കിലും സംഘാടന ചുമതല ഏറ്റെടുക്കാനാവില്ലെന്നാണ് അധ്യാപകരുടെ നിലപാട്. സംസ്ഥാനതല മത്സരങ്ങൾ ഇന്നാണ് ആരംഭിക്കേണ്ടിയിരുന്നത്.
ആഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 25 വരെ ഡൽഹിയിലാണ് 64-ാമത് ടൂർണമെന്റ്. ഇതിന് മുമ്പായി സംസ്ഥാന മത്സരങ്ങൾ പൂർത്തിയാക്കി ജൂലൈ 31ന് മുമ്പ് ചാമ്പ്യൻ ടീമുകളുടെ വിവരങ്ങൾ കൈമാറാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാനതല മത്സരങ്ങൾ ജൂലൈ 25,26,27,28 തീയതികളിലായി തിരുവനന്തപുരത്ത് വെച്ച് നടത്താനും തീരുമാനിച്ചിരുന്നു.
എന്നാൽ, ഉപജില്ല, ജില്ല മത്സരങ്ങൾ പൂർത്തിയാക്കാൻ പോലും ബന്ധപ്പെട്ടവർക്ക് സാധിച്ചില്ല. ജില്ല മത്സരങ്ങൾ പൂർത്തിയാക്കാതെ എങ്ങനെ സംസ്ഥാനതല മത്സരങ്ങൾ സംഘടിപ്പിക്കുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്. മാസങ്ങളായി തുടരുന്ന വിദ്യാർഥികളുടെ പരിശീലനത്തിന് ഫലമില്ലാതാകുമെന്ന് കായികാധ്യാപകർ പറയുന്നു.
ജൂൺ 30ന് ഉപജില്ല, ജില്ല മത്സരങ്ങൾ പൂർത്തിയാക്കാനായിരുന്നു നിർദേശം. ചുരുക്കം ഉപജില്ലകളിൽ മാത്രമാണ് മത്സരങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ, ജില്ല മത്സരങ്ങൾ എവിടെയും ആരംഭിച്ചിട്ടില്ല. ടീമുകളിൽ നിന്നും 2000 രൂപ രജിസ്ട്രേഷൻ ഫീസ് അടക്കാനും ഫീസ് അടക്കാത്ത സ്കൂളുകളെ ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്നും നിർദേശമുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ സംസ്ഥാനത്ത് മാത്രം 640 ടീമുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു.
ഇതിൽ നൂറിലധികം സ്കൂളുകൾ 2000 രൂപ വീതം പണം അടച്ചിട്ടുണ്ട്. ഇനി കുറഞ്ഞ ദിവസത്തിനുള്ളിൽ ഇത്രയും ടീമുകളെ ഉൾപ്പെടുത്തി മത്സരങ്ങൾ സംഘടിപ്പിക്കുന്നതും വെല്ലുവിളിയാകും. അണ്ടർ -15, അണ്ടർ -17 വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കേണ്ടത്. സംസ്ഥാനത്തിനും രാജ്യത്തിനും നിരവധി താരങ്ങളെ സമ്മാനിച്ചതിൽ സുബ്രതോ കപ്പിന് വലിയ പങ്കുണ്ട്.
സ്കൂളിതര പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന് കായികാധ്യാപകർ
വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ അധ്യായന വർഷം ആരംഭിച്ചതു മുതൽ നിസ്സഹകരണ സമരത്തിലാണ് സംസ്ഥാനത്തെ കായികാധ്യാപകർ. കായികാധ്യാപക സംരക്ഷണ ഉത്തരവ് പുനഃസ്ഥാപിക്കുക, നിയമന മാനദണ്ഡങ്ങൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്കരിക്കുക, ഹയർസെക്കൻഡറി വിഭാഗത്തിൽ നിയമനം നടത്തുക, യോഗ്യത പരിഷ്കരിക്കുക, തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കായികാധ്യാപകർ സമരം നടത്തുന്നത്.
സ്കൂളിലെ കായികാധ്യാപന പ്രവർത്തനങ്ങളിലൊഴികെ മറ്റു മേളകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്. ഇത് സംസ്ഥാന ജില്ല കായികമേള നടത്തിപ്പിനെയും സാരമായി ബാധിച്ചേക്കും. സംസ്ഥാന കായിക മേളകൾ അടക്കം അധ്യാപക സംഘടനകൾ നടത്തട്ടെയെന്നും കായികാധ്യാപകർ പറഞ്ഞു.
സുബ്രതോ കപ്പ് പോലുള്ള ടൂർണമെന്റ് സംഘടിപ്പിക്കാതിരുന്നാൽ ഫുട്ബാൾ താരങ്ങളെ സംബന്ധിച്ച് തീരാനഷ്ടമാണ്. ടൂർണമെന്റിന് മുന്നോടിയായി മാസങ്ങൾ നീണ്ട പരിശീലനമാണ് വിദ്യാർഥികൾ നടത്തിവന്നത്. നിലമ്പൂർ യുനൈറ്റഡ് ഫുട്ബാൾ അക്കാദമിയിലെ പെൺകുട്ടികളെയെല്ലാം ഉൾപ്പെടുത്തി മാനവേദൻ സ്കൂളിനുവേണ്ടി വിപുലമായ രീതിയിൽ പരിശീലനം നടത്തി. റെസിഡൻഷ്യൽ ക്യാമ്പ് അടക്കം നടത്തി വിദ്യാർഥികൾക്ക് രണ്ടു മാസത്തോളം പരിശീലനം നൽകി. കായികാധ്യാപകരുടെ കുറവ് കുട്ടികളുടെ പരിശീലനത്തെ അടക്കം ബാധിക്കുന്നു. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലടക്കം ഒരു കായികാധ്യാപകൻ മാത്രമാണുള്ളത്. ഇത് മാറണം.
കായികപരിശീലനത്തിന് പുറമെ, മറ്റു ജോലികൾ കൂടി ഇവർ ചെയ്യണം. എങ്കിലും ആ ജോലി അവർ ഭംഗിയായി ചെയ്യുന്നുമുണ്ട്. അധ്യാപകരുടെ ആവശ്യങ്ങൾ തീർച്ചയായും പരിഗണിക്കപ്പെടണം. വിദ്യാർഥികൾക്ക് ആനുപാതികമായി കായികാധ്യാപകരെ നിയമിക്കണം. സർക്കാർ തലത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. മത്സരങ്ങൾ നടന്നില്ലെങ്കിൽ ഞാനും കുട്ടികളും രക്ഷിതാക്കളും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന് മുന്നിലുണ്ടാവും.
-കമാലുദ്ദീൻ മോയിക്കൽ (പരിശീലകൻ, മലപ്പുറം)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.