ഗോകുലം കേരള എഫ്.സിക്ക് സീസണിലെ രണ്ടാം തോൽവി
text_fieldsഗോകുലത്തിനെതിരെ റിയൽ കശ്മീർ താരങ്ങളുടെ ഗോളാഘോഷം
ശ്രീനഗർ: ഐ ലീഗിൽ ജയം മറന്ന ഗോകുലം കേരള എഫ്.സിക്ക് സീസണിലെ രണ്ടാം തോൽവി. റിയൽ കശ്മീരിനെതിരെ ശ്രീനഗറിലെ ടി.ആർ.സി ഫുട്ബാൾ ടർഫിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു പരാജയം.
തണുപ്പൻ പ്രകടനവും ശ്രീനഗറിലെ കാലാവസ്ഥയും മലബാറിയൻസിന്റെ തോൽവിക്ക് ആക്കം കൂട്ടി. റിയലിനായി ഗ്നോഹെരെ ക്രിസോ (31, 65) ഇരട്ട ഗോൾ നേടി. 59ാം മിനിറ്റിൽ ജെറേമി ലാൽദിൻ പൂയയും ലക്ഷ്യം കണ്ടു. ഒമ്പത് മത്സരങ്ങളിൽ മൂന്ന് ജയവും നാല് സമനിലയും രണ്ട് തോൽവിയുമായി ഗോകുലം 13 പോയേന്റാടെ ആറാംസ്ഥാനത്താണ്.
പ്രതിരോധനിരയും ഗോൾകീപ്പറും വരുത്തിയ പിഴവിൽ നിന്നായിരുന്നു ആദ്യ രണ്ട് ഗോളുകളും. 31ാം മിനിറ്റിൽ ഡിഫൻഡർ വികാസ് നൽകിയ നിരുപദ്രവകരമെന്ന് തോന്നിച്ച ബാക് പാസ് മുതലെടുത്താണ് ക്രിസോ അക്കൗണ്ട് തുറന്നത്. പന്ത് യഥാസമയം ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെ ഗോൾകീപ്പറെ കീഴ്പ്പെടുത്തി ക്രിസോ വലയിലേക്ക് നിറയൊഴിച്ചു.
59ാം മിനിറ്റിൽ വീണ്ടും. ഇടതുവിങ്ങിലൂടെയെത്തിയ ലാൽദിൻപൂയ പ്രതിരോധിക്കാനൊരുങ്ങിയ വികാസിനെ വെട്ടിച്ച് പോസ്റ്റിലേക്ക് തൊടുത്തു. എളുപ്പത്തിൽ പിടിക്കാമായിരുന്നു പന്ത് ഗോളി ദേവാൻഷിന്റെ കൈകളിൽ നിന്ന് വഴുതി വര കടന്നു. ആറ് മിനിറ്റിന് ശേഷം ഗോകുലം ഡിഫൻഡർമാരുടെ മറ്റൊരു പരാജയവും ഗോളിലെത്തി. റിയലിന്റെ താരങ്ങളിൽ നിന്ന് പന്ത് തട്ടിയ മുഹമ്മദ് ഷഹീഫ് സഹതാരം വികാസിന് നൽകിയെങ്കിലും പിഴച്ചു. അവസരം നോക്കി ക്രിസോയുടെ ഇടപെടൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.