എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പ് സൂപ്പർ ലീഗ് കേരളയുമായി കരാറിൽ ഒപ്പുവെച്ചു
text_fieldsസൂപ്പർ ലീഗ് കേരളയുമായുള്ള സുപ്രധാനമായ ആഗോള പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതിന് ശേഷം സ്പോർട്സ്.കോമിന്റെയും എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പിന്റെയും പ്രതിനിധികൾ. (ഇടത്തുനിന്ന് വലത്തോട്ട്):
പോൾ ജോർദാൻ (ബോർഡ് ഓഡിറ്റ് ചെയർമാൻ), ഫിറോസ് മീരൻ (ഡയറക്ടർ, സൂപ്പർ ലീഗ് കേരള), മാത്യു മക്ഗാഹൻ (സി.ഇ.ഒ പ്രസിഡന്റ്, എസ്.ഇ.ജി.ജി മീഡിയ), മാത്യു ജോസഫ് (ഡയറക്ടർ & സി.ഇ.ഒ, സൂപ്പർ ലീഗ് കേരള), ടിം സ്കോഫാം (സി.ഇ.ഒ, സ്പോർട്സ്.കോം മീഡിയ &ലോട്ടറി.കോം ഇന്റർനാഷണൽ), മാർക്ക് ബിർച്ചാം (പ്രധാന ബോർഡ് എസ്.ഇ.ജി.ജി, ഡയറക്ടർ ഓഫ് സ്പോർട്സ്.കോം & ഹെഡ് ഓഫ് അക്വിസിഷൻസ്), പോൾ റോയ് (സി.ഇ.ഒ, ജി.എക്സ്.ആർ )
കൊച്ചി: ഇന്ത്യൻ ഫുട്ബോളിനും കേരളത്തിന്റെ കായിക സംസ്കാരത്തിനും പുത്തൻ അധ്യായം കുറിച്ച് കായിക, വിനോദ, ഗെയിമിംഗ് രംഗത്തെ ആഗോള അതികായരായ എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പ് സൂപ്പർ ലീഗ് കേരളയുമായി അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു.
ദുബൈയിലെ വൺ ജെ.എൽ.ടിയിൽ വെച്ചു നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് ഈ സുപ്രധാന ഉടമ്പടിക്ക് അന്തിമ രൂപമായത്. ഏഷ്യയിൽ എസ്.ഇ.ജി.ജി സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ സംപ്രേക്ഷണാവകാശമാണിത്. കൂടാതെ, അവരുടെ പ്രമുഖ ആപ്ലിക്കേഷനായ സ്പോർട്സ്.കോമിൽ തത്സമയ ഫുട്ബോൾ സ്ട്രീമിങ് ആരംഭിക്കുന്നതും ഈ കരാറിലൂടെയാണ്. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്ക് വിരൽത്തുമ്പിൽ ഇനി സൂപ്പർ ലീഗ് ആവേശം ആസ്വദിക്കാം.
എസ്.ഇ.ജി.ജിയുടെ ജി എക്സ് ആർ വേൾഡ് സ്പോർട്സ് പ്ലാറ്റ്‌ഫോമിനു കീഴിൽ രൂപംകൊണ്ട ഈ കരാർ, സൂപ്പർ ലീഗ് കേരളയുടെ എക്സ്ക്ലൂസിവ് ആഗോള സംപ്രേഷണ, വാണിജ്യ പങ്കാളിയായി എസ്.ഇ.ജി.ജിയെ മാറ്റുന്നു. എല്ലാ അന്താരാഷ്ട്ര ടെറിട്ടറികളിലുമുള്ള സ്ട്രീമിങ് അവകാശങ്ങൾ, ഡിജിറ്റൽ ഫാൻ എൻഗേജ്‌മെന്റ്, ആഗോള സ്പോൺസർഷിപ്പ് അവസരങ്ങൾ, ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള വിപുലമായ വിതരണം എന്നിവ ഈ ഉടമ്പടിയിൽ ഉൾപ്പെടുന്നു.
കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയ ഫുട്ബോളിന് ഈ വികസനം വലിയ പ്രാധാന്യമാണ് നൽകുന്നത്. സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസൺ 13 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയപ്പോൾ സ്പോർട്സ്.കോമിന്റെ ബഹുഭാഷാ, സംവേദനാത്മക സ്ട്രീമിങ് സൗകര്യങ്ങളിലൂടെ ഈ വർഷം കാഴ്ചക്കാരുടെ എണ്ണത്തിൽ 25ശതമാനം വർധനവാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
കേരളത്തിലെ ഫുട്ബോളിന് ഇത് ഒരു ചരിത്ര നിമിഷമാണെന്ന് കരാർ ഒപ്പിടുന്ന ചടങ്ങിൽ സംസാരിച്ച സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫ് പറഞ്ഞു. കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ആഗോള മലയാളി പ്രവാസികളായ ആരാധകരുമായി ബന്ധിപ്പിക്കാനുള്ള തങ്ങളുടെ ദൗത്യത്തിലെ ഒരു വലിയ മുന്നേറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘ഈ പങ്കാളിത്തം ലീഗിന്റെ ദൃശ്യപരത വർധിപ്പിക്കുക മാത്രമല്ല, ലോകമെമ്പാടുമുള്ള ആരാധകർക്ക് ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ അനുഭവങ്ങൾ നൽകാനും സഹായിക്കും. കേരള ഫുട്ബോളിന് അർഹിക്കുന്ന ലോകോത്തര ആരാധക അനുഭവങ്ങൾ നൽകാൻ ഈ കരാർ ഞങ്ങളെ പ്രാപ്തരാക്കും’ -സൂപ്പർ ലീഗ് കേരളയുടെ ഡയറക്ടർ ഫിറോസ് മീരാൻ കൂട്ടിച്ചേർത്തു.
സബ്സ്ക്രിപ്ഷനുകൾ, പരസ്യം, ലൈസൻസിങ് എന്നിവയുടെ സംയോജനത്തിലൂടെ വരുമാനം നേടാനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. സ്പോർട്സ്.കോം റിയൽ ടൈം സ്റ്റാറ്റിസ്റ്റിക്സ്, ഫാന്റസി ലീഗ് സംയോജനം, ഓൺ-ഡിമാൻഡ് റീപ്ലേകൾ എന്നിവ ഉൾപ്പെടുന്ന ടയേർഡ് സബ്സ്ക്രിപ്ഷൻ മോഡൽ അവതരിപ്പിക്കും. ഫുട്ബോൾ ആരാധകരെയും സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ള യുവതലമുറയെയും ഒരുപോലെ ആകർഷിക്കുന്നതാണ് ഇത്.
‘ഇതൊരു സാധാരണ കായിക അവകാശ കരാറല്ല, മറിച്ച് ഫുട്ബോളിനോട് അതിരുകളില്ലാത്ത അഭിനിവേശമുള്ള കേരളത്തിലൂടെ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നത് സ്പോർട്സ്.കോം ആപ്പിന് ശക്തമായ തുടക്കം നൽകുന്ന ഉയർന്ന വളർച്ചയും വരുമാനവും ഉറപ്പാക്കുന്ന ഒന്നാണെന്ന് എസ്.ഇ.ജി.ജി മീഡിയ ഗ്രൂപ്പ് സി.ഇ.ഒയും പ്രസിഡന്റുമായ മാത്യു മക്ഗഹാൻ പറഞ്ഞു.
ദുബൈയിലെ നൂക്ക് ഹോൾഡിങ്‌സിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ്.ഇ.ജി.ജി സൂപ്പർ ലീഗ് കേരള എന്നിവരുടെ ഉന്നത നേതൃത്വം പങ്കെടുത്തു. പോൾ റോയ് (സിഇഒ, ജി.എക്സ്.ആർ, മാർക്ക് ബിർച്ചാം (മെയിൻ ബോർഡ് ഡയറക്ടർ, എസ്.ഇ.ജി.ജി ), ടിം സ്കോഫ്ഹാം (സി.ഇ.ഒ, സ്പോർട്സ്.കോം) എന്നിവരും സൂപ്പർ ലീഗ് കേരളയുടെ മാത്യു ജോസഫ്, ഫിറോസ് മീരാൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
ഫുട്ബോൾ മൈതാനങ്ങൾക്കപ്പുറം വളരുന്ന കേരളത്തിൽ ഈ സംരംഭം ആരംഭിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇന്ത്യയിലെയും MENA (മിഡിൽ ഈസ്റ്റ് & നോർത്ത് ആഫ്രിക്ക) മേഖലയിലെയും ഭാവി പങ്കാളിത്തങ്ങൾക്ക് ഇത് ഒരു മാതൃകയാകുമെന്ന് എസ്.ഇ.ജി.ജി മീഡിയ ബോർഡ് ഡയറക്ടർ മാർക്ക് ബിർച്ചാം പറഞ്ഞു .
കേരള ഫുട്ബോൾ ഇനി ആഗോള വേദിയിൽ
വർധിച്ചുവരുന്ന അന്താരാഷ്ട്ര കാഴ്ചക്കാരും സ്പോൺസർമാരിൽ നിന്നുള്ള താൽപര്യവും കണക്കിലെടുക്കുമ്പോൾ, ഈ കരാർ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഫുട്ബോൾ ഇക്കോസിസ്റ്റത്തിൽ സൂപ്പർ ലീഗ് കേരളയെ മുൻനിരയിലേക്ക് എത്തിക്കുന്നു. ഡിജിറ്റൽ-ഫസ്റ്റ് തന്ത്രം പ്രാദേശിക ക്ലബ്ബുകൾക്കും കളിക്കാർക്കും ബിസിനസ്സുകൾക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ഗൾഫ്, നോർത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക്, സ്പോർട്സ്.കോം പ്ലാറ്റ്ഫോം അവരുടെ സ്വന്തം ഫുട്ബോൾ ലീഗിന്റെ കാഴ്ചക്കാരാകുന്നതിനും പങ്കാളികളാകുന്നതിനും അവസരം ഒരുക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.