മാർപാപ്പയുടെ മരണം; സീരി എ മത്സരങ്ങൾ മാറ്റിവെച്ചു
text_fieldsവത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ തുടർന്ന് ഇറ്റലിയിലെ മുൻനിര ലീഗായ സീരി എയിലെ മത്സരങ്ങൾ മാറ്റിവെച്ചു.
തിങ്കളാഴ്ച വൈകീട്ട് നടക്കേണ്ട നാലു മത്സരങ്ങളാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ലീഗ് ഭരണസമിതി അറിയിച്ചു. ടൊറീനോ-ഉദിനീസ്, കാഗ്ലിയാരി-ഫിയോറെന്‍റിന, ജിനോവ-ലാസിയോ, പാർമ-യുവന്‍റസ് മത്സരങ്ങളാണ് മാറ്റിയത്. ഈസ്റ്റർ തിങ്കളാഴ്ച രാജ്യത്ത് പൊതു അവധിയാണ്.
കൂടാതെ, സീരി ബി, സി, ഡി ലീഗ് മത്സരങ്ങളും മാറ്റി. വലിയ ഫുട്ബാൾ ആരാധകനായിരുന്ന മാർപാപ്പയുടെ നിര്യാണത്തിൽ സീരി എ ക്ലബുകളെല്ലാം അനുശോചിച്ചു. മാർപാപ്പയുടെ വിയോഗം ഈ നഗരത്തെയും ലോകത്തെയും വലിയ ദുഖത്തിലാഴ്ത്തിയെന്ന് റോമ പത്രക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ വിശ്വാസം, വിനയം, ധൈര്യം, സമർപ്പണം എന്നിവ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തെ സ്പർശിച്ചതായും കുറിപ്പിൽ പറയുന്നു.
വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം 7.35നായിരുന്നു മാർപാപ്പയുടെ അന്ത്യം. വത്തിക്കാൻ വിഡിയോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 88 വയസ്സായിരുന്നു.ഏറെക്കാലം ചികിത്സയിലായിരുന്നെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. ശ്വാസകോശ അണുബാധക്കുള്ള ചികിത്സക്ക് ശേഷം വിശ്രമത്തിലായിരുന്നെങ്കിലും ഇന്നലെ അദ്ദേഹം അൽപനേരം സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽകണിയിൽ വിശ്വാസികൾക്ക് അനുഗ്രഹം നൽകിയിരുന്നു.
1936 ഡിസംബർ 17ന് അർജനന്‍റീനയിലെ ബ്യൂണസ് ഐറിസിൽ റെയിൽവേ തൊഴിലാളിയുടെ മകനായാണ് ജോർജ് മാരിയോ ബർഗോളിയോ ജനിച്ചത്. 56 വർഷം മുമ്പ് വൈദികനായ അദ്ദേഹം 2001ൽ കർദിനാളായി. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ രാജിപ്രഖ്യാപനത്തെത്തുടർന്ന് ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന അദ്ദേഹം 2013 മാർച്ച് 13ന് 266-ാമത്തെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.