ഇസ്രായേൽ യോഗ്യത നേടിയാൽ ഫുട്ബാൾ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് സ്പെയിൻ
text_fieldsമഡ്രിഡ്: ഇസ്രായേൽ യോഗ്യത നേടിയാൽ 2026 ഫുട്‍ബാൾ ലോകകപ്പിന് സ്‌പെയിൻ ടീമിനെ അയക്കണമോയെന്ന് ആലോചിക്കുമെന്ന് സ്പെയിൻ ഭരണകൂടം. അടുത്ത വർഷം ജൂണിൽ നടക്കുന്ന ടൂർണമെന്‍റിന് അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങൾ സംയുക്തമായാണ് വേദിയാകുന്നത്.
ഗസ്സയിൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ചാണ് സ്പാനിഷ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. ടീമിനെ അയക്കുന്നതിൽ പുനരാലോചന നടത്തണമെന്നാണ് സർക്കാർ പ്രതിനിധികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഗസ്സയിൽ കൂട്ടക്കൊല തുടരുന്നിടത്തോളം ഇസ്രായേലിനെ അന്താരാഷ്ട്ര കായിക വേദികളിൽനിന്ന് വിലക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെ ലോകകപ്പിൽ പങ്കെടുപ്പിക്കുന്നതിൽ വീണ്ടും ആലോചിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്.
നിലവിൽ ആദ്യ രണ്ട് യോഗ്യത റൗണ്ട് മത്സരങ്ങളും വിജയിച്ച സ്‌പെയിൻ ടൂർണമെന്റിലെ കിരീട ഫേവറേറ്റുകളാണ്. നോർവേയും ഇറ്റലിയുമുള്ള ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഇസ്രായേൽ. പ്ലേ ഓഫ് യോഗ്യതക്കുള്ള സാധ്യത ഇസ്രായേലിനു മുന്നിലുണ്ട്. ഗ്രൂപ്പ് ജേതാക്കളാണ് നേരിട്ട് യോഗ്യത നേടുക. മികച്ച രണ്ടാം സ്ഥാനക്കാർക്കാണ് പ്ലേ ഓഫ് കളിക്കാനാകുക. ഇസ്രായേൽ യോഗ്യത നേടിയാൽ അടുത്ത വർഷത്തെ ലോകകപ്പ് ബഹിഷ്കരിക്കാൻ സ്പാനിഷ് സർക്കാർ വോട്ട് ചെയ്യണമെന്ന് സ്പാനിഷ് കോൺഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പ് വക്താവ് പാറ്റ്ക്സി ലോപ്പസ് ആവശ്യപ്പെട്ടു.
ഇസ്രായേലിനെതിരെ ലോക കായിക വേദികളിൽ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഫിഫയും യുവേഫയും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ടു വർഷമായി ഗസ്സയിൽ ഇസ്രായേൽ തുടരുന്നത് വംശഹത്യ തന്നെയെന്ന് ഐക്യരാഷ്ട്രസഭയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യു.എന്നിനുകീഴിൽ നവി പിള്ള അധ്യക്ഷയായ സ്വതന്ത്ര അന്താരാഷ്ട്ര കമീഷനാണ് അന്താരാഷ്ട്ര ചട്ടങ്ങളിലെ അഞ്ച് വംശഹത്യ പ്രവൃത്തികളിൽ നാലും ഇസ്രായേൽ ചെയ്തതായി കണ്ടെത്തിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, മുൻ പ്രധാനമന്ത്രി യോവ് ഗാലന്റ്, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവർ ഉത്തരവാദികളാണെന്നതിന് അവർ തന്നെ നൽകിയ പ്രസ്താവനകൾ സാക്ഷിയാണെന്നും നവി പിളള വ്യക്തമാക്കി.
ഒരു വിഭാഗത്തിലെ അംഗങ്ങളെ കൊലപ്പെടുത്തുക, അവർക്ക് ശാരീരികവും മാനസികവുമായ കടുത്ത പീഡനമേൽപിക്കുക, ആ വിഭാഗത്തെ ബോധപൂർവം ഉന്മൂലനം ചെയ്യാനുള്ള സാഹചര്യങ്ങൾ അടിച്ചേൽപിക്കുക, ജനനം തടയുക എന്നിവയാണ് ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ പ്രവർത്തികൾ. പ്രധാനമന്ത്രിയും പ്രസിഡന്റും മുൻ പ്രതിരോധ മന്ത്രിയും സർക്കാർ പ്രതിനിധികളായതിനാൽ ഭരണകൂടം ഉത്തരവാദികളാണെന്നും അതിനാൽ ഇസ്രായേൽ വംശഹത്യ നടത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.