‘ആ മെയിൽ അയച്ചത് ചാവിയല്ല, ഞാനാണ്’, ഇന്ത്യൻ ഫുട്ബാൾ അധികൃതരെ പറ്റിച്ച് വെല്ലൂരിലെ എൻജി. വിദ്യാർഥി; ഇളിഭ്യരായി എ.ഐ.എഫ്.എഫ്
text_fieldsകൊൽക്കത്ത: ആകെ ഇളിഭ്യരായിരിക്കുകയാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്). ജൂലൈ നാലിന് ഫെഡറേഷന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന പോസ്റ്റിലൂടെയായിരുന്നു തുടക്കം. ‘ഞങ്ങൾ ദേശീയ സീനിയർ പുരുഷ ടീമിനെ പരിശീലിപ്പിക്കാനുള്ള മുഖ്യ കോച്ചിനെ തേടുന്നു!’ എന്നായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം.
രണ്ടു ദിവസം കഴിഞ്ഞ് ഇന്ത്യൻ ഫുട്ബാൾ ടീം ഡയറക്ടറും മുൻ ഇന്ത്യൻ ഗോൾകീപ്പറുമായ സുബ്രതാ പോളിന്റെ വകയായിരുന്നു ‘ലോകം ഞെട്ടിയ’ ആ വെളിപ്പെടുത്തൽ. സ്പെയിനിന്റെ വിഖ്യാത താരവും ലോകജേതാവുമായ മുൻ ബാഴ്സലോണ ഇതിഹാസം ചാവി ഹെർണാണ്ടസ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ താൽപര്യം കാട്ടിയുള്ള ഇമെയിൽ എ.ഐ.എഫ്.എഫിന് അയച്ചിരിക്കുന്നുവെന്നായിരുന്നു ആ വെളിപ്പെടുത്തൽ. ചാവിയുടെ ഔദ്യോഗിക മെയിലിൽനിന്നാണ് അത് വന്നതെന്നും പോളിന്റെ വക സ്ഥിരീകരണവുമുണ്ടായി.
വൻ സാമ്പത്തിക ബാധ്യത വരുന്നതിനാൽ ചാവിയെ അന്തിമ ചുരുക്കപ്പട്ടികയിലേക്ക് എ.ഐ.എഫ്.എഫ് ടെക്നിക്കൽ കമ്മിറ്റി പരിഗണിക്കില്ലെന്നും കൂട്ടിച്ചേർത്തു. കൂടുമാറ്റങ്ങളും മാറ്റം ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന പ്രമുഖ ഇറ്റാലിയൻ സ്പോർട്സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ വക ട്വീറ്റുമെത്തി. ചാവി ഇന്ത്യൻ ദേശീയ ടീം കോച്ചാകാൻ അപേക്ഷ നൽകിയെന്നായിരുന്നു അത്. ചാവിയുമായി കരാർ ഒപ്പിടാൻ മാത്രമുള്ള സാമ്പത്തിക പിൻബലമില്ലാത്തതിനാൽ ഈ അവസരം ഫെഡറേഷൻ നിരസിക്കുന്നുവെന്നും റൊമാനോ ട്വീറ്റിൽ കൂട്ടിച്ചേർത്തു. ഇതോടെ നെറ്റിസൺസ് രോമാഞ്ചത്തോടെ എഴുന്നേറ്റുനിന്നു. ചാവിയുടെ വിലപ്പെട്ട പരിശീലനം കാശിന്റെ പേരിൽ ‘വിട്ടുകളഞ്ഞതിന്’ ഫെഡറേഷനെ വളഞ്ഞിട്ടാക്രമിക്കാനും സമൂഹ മാധ്യമങ്ങളിൽ കളിക്കമ്പക്കാർ കൂട്ടമായെത്തി.
ഇതെന്താണ് സംഭവിക്കുന്നതെന്നറിയാതെ ട്രോളുകളും മീമുകളും കുന്നുകൂടുന്നതിനിടയിലാണ് ഫെഡറേഷനെ ‘നാറ്റിച്ച്’ ആ 19കാരൻ എഴുന്നള്ളുന്നത്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥി. അത് ചാവിയൊന്നുമല്ലെന്നും എ.ഐ.എഫ്.എഫിന് അങ്ങനെയൊരു മെയിൽ അയച്ചത് താനാണെന്നും വിദ്യാർഥി ‘ദ ടെലിഗ്രാഫ് ഓൺലൈനി’നോട് വെളിപ്പെടുത്തി. xaviofficialfcb@gmail.com എന്ന മെയിൽ ഐ.ഡി വ്യാജമായുണ്ടാക്കിയ ശേഷം ആ വിരുതൻ ചാറ്റ് ജി.പി.ടിയെ ആണ് ആ ഉത്തരവാദിത്തമേൽപിച്ചത്. ‘ഇന്ത്യൻ ഫുട്ബാൾ ടീമിനെ പരിശീലിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ചാവി ഹെർണാണ്ടസ് എഴുതുന്ന രീതിയിൽ മെയിൽ തയാറാക്കുക’ എന്ന് ചാറ്റ് ജി.പി.ടിക്ക് നിർദേശം കൊടുത്തു. മറുപടി കിട്ടിയ മുറയ്ക്ക് അത് എ.ഐ.എഫ്.എഫിന് മെയിൽ ചെയ്തു. ഒന്നല്ല, രണ്ടുവട്ടം-ജൂലൈ നാലിനും അഞ്ചിനും.
‘ഞാൻ ചാറ്റ് ജി.പി.ടിയുടെ പ്രതികരണം കോപ്പി പേസ്റ്റ് ചെയ്താണ് മെയിൽ അയച്ചത്. സി.വിയൊന്നും അതിന്റെ കൂടെ അറ്റാച്ച് ചെയ്തിരുന്നില്ല. പക്ഷേ അവർ മെയിൽ കണ്ടതായി ഞാൻ മനസ്സിലാക്കി’ - വിദ്യാർഥി പറഞ്ഞു. ഫെഡറേഷന് അയച്ചതായി പറയപ്പെടുന്ന ഇമെയിലിന്റെ സ്ക്രീൻഷോട്ടുകൾ അവൻ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ചാവി ‘വാർത്ത’ പുറത്തുവന്ന് 24 മണിക്കൂറിനുള്ളിൽ, മുൻ ബാഴ്സലോണ ഇതിഹാസം ഇന്ത്യയുടെ മുഖ്യ പരിശീലകനാകാൻ അപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. എ.ഐ.എഫ്.എഫ് തന്റെ പേര് ഒരു മാർക്കറ്റിങ് കാമ്പെയ്‌നായി ഉപയോഗിച്ചുവെന്നാണ് അവർ കരുതുന്നതെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കി.
അപേക്ഷകളുടെ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന കുമ്പസാരവുമായി എ.ഐ.എഫ്.എഫ് പതിയെ രംഗത്തെത്തി. ‘പെപ് ഗ്വാർഡിയോള’യുടെ പേരിലും അപേക്ഷ ലഭിച്ചിരുന്നതായി പറ്റിക്കപ്പെട്ട എ.ഐ.എഫ്.എഫ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, താൻ ചാവിയുടെ പേരിൽ മാത്രമാണ് അയച്ചതെന്നും പെപിന്റെ വ്യാജൻ ആരെന്ന് അറിയില്ലെന്നും വെല്ലൂരിലെ വിദ്യാർഥി പറഞ്ഞു. ഫിഫ ലോക റാങ്കിങ്ങിൽ 133-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ജൂലൈ രണ്ടിന് ശേഷം ഒഴിഞ്ഞുകിടക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.