സുബ്രതോ കപ്പ്: അണ്ടർ 17 പെൺ ടൂർണമെന്റ് നാലുമുതൽ പാലക്കാട്ട്
text_fieldsമഞ്ചേരി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ സുബ്രതോ കപ്പ് ടൂർണമെന്റ് സംസ്ഥാന മത്സരങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. ആഗസ്റ്റ് നാലു മുതൽ ആറു വരെ പാലക്കാട് ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ. അണ്ടർ 17 വിഭാഗത്തിൽ പെൺകുട്ടികളുടെ മത്സരമാണ് നടത്താൻ തീരുമാനിച്ചത്. എന്നാൽ, ഇതേ വിഭാഗത്തിൽ ആൺകുട്ടികളുടെ മത്സരം സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഉപ ജില്ല, ജില്ല മത്സരങ്ങൾ പൂർത്തിയാക്കാതെയാണ് സംസ്ഥാന മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇത് കായികതാരങ്ങൾക്ക് തിരിച്ചടിയാണ്. ഉപ ജില്ല, ജില്ല മത്സരങ്ങളിൽ ജേതാക്കളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്ക് സ്പോർട്സ് ക്വോട്ടയിൽ പ്രവേശനത്തിന് സഹായകരമായിരുന്നു. എന്നാൽ, രജിസ്റ്റർ ചെയ്തവരെയെല്ലാം ഉൾപ്പെടുത്തി നേരിട്ട് സംസ്ഥാന മത്സരങ്ങൾ നടത്തുന്നതോടെ ഈ അവസരങ്ങൾ നഷ്ടമാകും.
56 ടീമുകളാണ് രജിസ്റ്റർ ചെയ്തത്. മലപ്പുറം, പാലക്കാട് ജില്ലയിൽനിന്നാണ് കൂടുതൽ ടീമുകൾ. 12 വീതം ടീമുകളാണ് ഈ ജില്ലകളിൽനിന്നുള്ളത്. തൃശൂർ-7, പത്തനംതിട്ട-6, തിരുവനന്തപുരം-2, കോഴിക്കോട്-4, കൊല്ലം-3, കാസർകോട്-3, കണ്ണൂർ-2, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, വയനാട്-ഓരോ ടീമുകളും വീതമാണ് ചാമ്പ്യൻഷിപ്പിനെത്തുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയ എല്ലാ സ്കൂളുകളും പങ്കെടുക്കുമോ എന്ന് ഉറപ്പാക്കണമെന്നും സ്കൂളുകളിൽ നേരിട്ട് വിളിച്ച് കൺഫർമേഷൻ സ്റ്റാറ്റസ് എടുത്ത് വിദ്യാഭ്യാസ ഉപഡയറക്ടർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. കൺഫർമേഷൻ നൽകിയശേഷം മത്സരത്തിൽ പങ്കെടുക്കാത്ത പ്രധാനാധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവസാനഘട്ട മത്സരത്തിന് തിരഞ്ഞെടുക്കപ്പെടുന്ന 14 ടീമുകൾക്കു മാത്രമേ ഡി.എക്ക് അർഹതയുണ്ടായിരിക്കൂവെന്നും ഉത്തരവിൽ പറയുന്നു.
സംഘാടകരെ കിട്ടാത്തതിനാൽ ജില്ല മത്സരങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പാണ് മത്സരങ്ങൾ നടത്തേണ്ടതെങ്കിലും കായികാധ്യാപകരുടെ സമരവും ചാമ്പ്യൻഷിപ്പിനെ ബാധിച്ചു. താരങ്ങളെ പരിശീലിപ്പിക്കുമെങ്കിലും സംഘാടനചുമതല ഏറ്റെടുക്കാനാവില്ലെന്നായിരുന്നു അധ്യാപകരുടെ നിലപാട്. സംസ്ഥാന മത്സരങ്ങൾ തിരുവനന്തപുരത്ത് നടത്താനായിരുന്നു നേരത്തേ തീരുമാനം. ആഗസ്റ്റ് 16 മുതൽ ഡൽഹിയിലാണ് 64ാമത് അന്താരാഷ്ട്ര സുബ്രതോ കപ്പ് ടൂർണമെന്റ്. അണ്ടർ-15, അണ്ടർ-17 വിഭാഗങ്ങളിലാണ് മത്സരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.