തൃശൂരിൽ തീപാറും പോരാട്ടം! തലപ്പത്തെത്താൻ തൃശൂർ മാജിക്, തടയിടാൻ കൊമ്പൻസ്
text_fieldsതൃശൂർ: സൂപ്പർ ലീഗ് കേരളയുടെ എട്ടാം റൗണ്ട് മത്സരങ്ങൾക്ക് വെള്ളിയാഴ്ച തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കമാവും. വൈകീട്ട് 7.30ന് നടക്കുന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ തൃശൂർ മാജിക് എഫ്.സി, തിരുവനന്തപുരം കൊമ്പൻസിനെ നേരിടും. ലീഗ് പോയന്റ് പട്ടികയിൽ നിർണായകമായ മാറ്റങ്ങൾ വരുത്താൻ കെൽപുള്ള പോരാട്ടത്തിനാണ് തൃശൂർ സാക്ഷ്യംവഹിക്കുന്നത്.
പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ തൃശൂർ മാജിക്കിനു മുന്നിലുള്ള സുവർണാവസരമാണ് ഈ മത്സരം. നിലവിൽ 13 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് വെള്ളിയാഴ്ച ജയിക്കാനായാൽ 16 പോയന്റോടെ ലീഗിന്റെ തലപ്പത്തേക്ക് കയറാനാകും. അതേസമയം, തിരുവനന്തപുരത്തിനും മത്സരം നിർണായകമാണ്. തൃശൂരിനെ വീഴ്ത്തി മൂന്നു പോയന്റ് നേടാനായാൽ 13 പോയന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറാൻ കൊമ്പൻസിനാകും. പട്ടികയിൽ നാലാം സ്ഥാനക്കാരായ തിരുവനന്തപുരം കൊമ്പൻസ് ശക്തമായ വെല്ലുവിളിയുമായാണ് എത്തുന്നത്.
കഴിഞ്ഞ മത്സരത്തിലെ ക്ഷീണം തീർക്കാനാകും തൃശൂർ സ്വന്തം തട്ടകത്തിൽ ഇറങ്ങുക. ശക്തരായ കാലിക്കറ്റ് എഫ്.സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വഴങ്ങിയാണ് തൃശൂരിന്റെ വരവ്. സ്വന്തം കാണികൾക്കു മുന്നിൽ വിജയവഴിയിൽ തിരിച്ചെത്താനാകും കോച്ച് ആൻഡ്രി ചെർണിഷോവും സംഘവും ശ്രമിക്കുക. മറുവശത്ത് കൊച്ചിയിൽ ചെന്ന് ഫോഴ്സ കൊച്ചിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയ കരുത്തുമായാണ് കൊമ്പൻസ് തൃശൂരിലെത്തുന്നത്. ലീഗ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇരുടീമുകൾക്കും വിജയത്തിൽ കുറഞ്ഞ ലക്ഷ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

